Monday, November 28, 2016

മുജാഹിദ് ഐക്യം - വിസ്മരിക്കാൻ പാടില്ലാത്ത യാഥാർഥ്യങ്ങൾ - 3

എന്നെ സംബന്ധിച്ചേടത്തോളം, മുജാഹിദ് ഔദ്യോഗിക വിഭാഗം സലഫിയ്യത്തു പൂർണ്ണാർത്ഥത്തിൽ മനസ്സിലാക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് മാത്രമല്ല, അതിനു ആത്മാർത്ഥമായി മെനക്കെട്ടിട്ടുമില്ല;ഒരിക്കലും. പക്ഷെ, അവരെക്കുറിച്ചു നമുക്കൊരു പ്രതീക്ഷയുണ്ടായിരുന്നു. കുറച്ചൊക്കെ അവർ ദീനിനോട് സത്യസന്ധമായി സമീപിക്കുകയും സലഫീ മൻഹജിനെ തത്വത്തിൽ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ മടവൂർ വിഭാഗം, അവരുടെ ദീനിനോടുള്ള സമീപന രീതി തന്നെ സംശയാസ്പദവും, സലഫീ മൻഹജിനോട് അവർക്കു കടുത്ത ശത്രുതയുമായിരുന്നു. മാത്രമല്ല, ഔദ്യോഗിക വിഭാഗത്തിൽ സംഘടനാ പക്ഷപാതിത്വവും പ്രമാണങ്ങളോടുള്ള ബുദ്ധിപരമായ വ്യാഖ്യാന ശ്രമത്തെ എതിർക്കുന്നവരുമായ ചിലരെങ്കിലും നേതൃരംഗത്തും അണികളിലും ഉണ്ടായിരുന്നു എന്നതാണ് നേരത്തെ പറഞ്ഞ പ്രതീക്ഷയുടെ കാരണം.
പക്ഷെ, ഇപ്പോൾ സംഭവിച്ച ഈ " ഉലക്കയും പാന്തവും" തമ്മിലുള്ള ഏച്ചു കൂട്ടൽ തികച്ചും നിരാശാജനകവും അപകടകരമായ ചില മുന്നറിയിപ്പുകളെ അടയാളപ്പെടുത്തുന്നതുമാണ്. .
ആദർശം നിങ്ങൾക്കൊരു ചുക്കുമല്ലായെന്നും, നിങ്ങൾക്ക് നിങ്ങളുടെ സ്ഥാവരജംഗമ സ്വത്തുക്കളും മറ്റു ബിസിനസ്സുകളും സ്ഥാപിത താൽപര്യങ്ങളും മാത്രം. ആദർശം ആറടി മണ്ണിൽ കുഴിച്ചു മൂടിയിട്ടാണെങ്കിലും ഇത്തരം കാര്യങ്ങൾക്കു യാതൊരു മുടക്കവും കൂടാതെ സംരക്ഷിക്കപ്പെടണമെന്ന ദുഷ്ട ചിന്തയാണ് നിങ്ങളെ ലയനത്തിന് പ്രേരിപ്പിക്കുന്നത്.
രാഷ്ട്രീയക്കാരുമായി നിങ്ങളുടെ നയ നിലപാടുകൾക്ക് സമാനതകളേറെയുണ്ട്. പക്ഷെ, ഒരിക്കലും നിങ്ങളെ ഞാൻ അവരോടു ഉപമിക്കില്ല. കാരണം, രാഷ്ട്രീയക്കാർ, ഒരിക്കലും നാടകം കളിക്കാൻ മതത്തെ ഉപയോഗിക്കാറില്ല. പക്ഷെ, നിങ്ങൾ, മത സംഘടനകൾ-നാടകം കളിക്കാനും, ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കാനും ഇസ്‌ലാം മതത്തെ മാത്രമാണ് ഉപയോഗിച്ചത്. അപ്പോൾ രാഷ്ട്രീയക്കാരേക്കാൾ നിലവാരം കുറഞ്ഞവരാണ് നിങ്ങൾ !!
സാമൂഹികമായ വെല്ലുവിളികൾക്കു മുമ്പിൽ പതറാതെ സത്യത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ആദർശ ധീരരായ പ്രവാചകന്മാരുടെ ജീവിതമാണ് സുന്നത്തു ജീവിതത്തിൽ പകർത്തി ജീവിക്കുന്നവന്റെ മുഖമുദ്ര. ക്രൂരന്മാരായ ഭരണാധികാരികളും ആജ്ഞാനുവർത്തികളായ കിങ്കരന്മാരുമുള്ള കാലഘട്ടത്തിൽ ജീവിച്ച ധാരാളം പണ്ഡിതന്മാരുടെയും പുണ്യവാന്മാരുടെയും ജീവ ചരിത്രം രേഖപ്പെടുത്തപ്പെട്ട നിലയിൽ നമ്മുടെ മുമ്പിലുണ്ട്. സമയം കിട്ടുമ്പോൾ അതൊക്കെ ഒന്ന് വായിച്ചു നോക്കണം; സംഘടനക്ക് വേണ്ടി പാടി നടക്കുന്ന ന്യുജെൻ മൊല്ലാസുകൾ.
ഏതു സമയത്തും, വിശിഷ്യാ പ്രതിസന്ധി ഘട്ടങ്ങളിൽ ഉപയോഗയോഗ്യമായ ഒരു ആയുധമുണ്ട് സത്യവിശ്വാസിക്ക്. അത് പോലും നിങ്ങൾ മറന്നു പോയി. ആർക്കും തടുക്കാൻ കഴിയാത്ത മൂർച്ചയേറിയ വജ്രായുധം; ശത്രുവിനെ നിഗ്രഹിക്കാനും അദൃശ്യ സഹായങ്ങൾ അന്യുനം വർഷിക്കാനും, വിധിക്കപ്പെട്ടത് പോലും എടുത്തുമാറ്റാനും വഴിയൊരുക്കുന്ന : ദുആ ! നിങ്ങൾ തട്ടിക്കൂട്ടാൻ പാടുപെട്ട ഈ സാമ്പാർ ഐക്യത്തേക്കാൾ പരസഹസ്രം മടങ്ങു സുരക്ഷിതത്വവും യഖിനും നിങ്ങൾക്കത് പ്രധാനം ചെയ്യുമായിരുന്നു. മത്സ്യത്തിന്റെ വയറ്റിൽ നിന്ന് യൂനുസ് നബി അലൈഹി സലാമിനെ രക്ഷിച്ച, മാറാരോഗത്തിൽ നിന്ന് അയ്യൂബ് നബി അലൈഹി സലാമിനു മോചനം ലഭിക്കാൻ കാരണമായ, മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയെയും അബൂബക്കർ റദിയള്ളാഹു അൻഹുവിനെയും സൗർ ഗുഹയിൽ ശത്രുക്കളിൽ നിന്ന് രക്ഷിച്ച, ഇമാം അഹ്‌മദ്‌ റഹിമഹുള്ളയെ മർദ്ദകനായ രാജാവിൽ നിന്ന് രക്ഷിച്ച അതേ ആയുധം. അള്ളാഹുവിന്റെ ദീനിനെയും സുന്നത്തിനേയും കച്ചവടം നടത്തുകയും വിലപേശുകയും ചെയ്യുന്ന ആളുകൾക്ക് മുമ്പിൽ ആയുധം വെച്ച് കീഴടങ്ങുന്നവർ ആദർശ ധീരരല്ല; ഭീരുക്കളാണ്; വെറും ഭീരുക്കൾ!
നിങ്ങൾ വെച്ച് പുലർത്തുന്നുവെന്നവകാശപ്പെടുന്ന സലഫിയ്യത്തു, ഐക്യമെന്ന ഉമ്മാക്കിക്കു മുമ്പിൽ നിങ്ങൾ ബലിക്കല്ലിലിട്ടു. സുന്നത്തിനോട് സ്നേഹവും ബഹുമാനവുമുണ്ടായിരുന്ന കഴിഞ്ഞു പോയ തലമുറയുടെ നീചന്മാരായ പിൻഗാമികളായി ചരിത്രം നിങ്ങളെ നാളെ രേഖപ്പെടുത്തും. അള്ളാഹുവിന്റെ ദീൻ അവൻ സംരക്ഷിക്കും. അതിനു ആരുടേയും കയ്യൊപ്പ് ആവശ്യമില്ല. അതിനു യോഗ്യരായ ആളുകളെ അവൻ കൊണ്ട് വരും. അവരുടെ കരങ്ങളിൽ അള്ളാഹുവിന്റെ ദീനും നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ സുന്നത്തും ഭദ്രമായിരിക്കും.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.