Monday, November 28, 2016

മുജാഹിദ് ഐക്യം - വിസ്മരിക്കാൻ പാടില്ലാത്ത യാഥാർഥ്യങ്ങൾ - 1

സ്വാർത്ഥരായ ചില തൽപര കക്ഷികളും, സുന്നത്തും സലഫിയ്യത്തുമറിയാത്ത സഹയാത്രികരും ഒരു നന്മയും അവശേഷിപ്പിക്കാത്ത വിധത്തിൽ ഒരു പ്രസ്ഥാനത്തെ കുത്തു പാളയെടുപ്പിക്കുന്ന ദൈന്യസാഹചര്യത്തിൽ, നന്മ ആഗ്രഹിക്കുന്ന, സുന്നത്തു ജീവിതത്തിൽ പുലർത്തണമെന്ന് വിചാരിക്കുന്ന, പിഴച്ച കക്ഷികളെയും മാർഗങ്ങളെയും വെടിയുകയും കയ്യൊഴിയുകയും ചെയ്യണമെന്ന് കരുതുന്ന, മുഴുവൻ മുസ്‌ലിംകളോടുമായി, അവർക്കു വേണ്ടി ഞാനിതു രേഖപ്പെടുത്തുന്നു.
ടി പി അബ്ദുള്ളക്കോയ മദനി നേതൃത്വം നൽകുന്ന കേരള നദ് വത്തുൽ മുജാഹിദീൻ ഔദ്യോഗിക വിഭാഗവും, ആദർശ വ്യതിയാനത്തിന്റെ പേരിൽ പിരിച്ചു വിട്ടതിന്റെ തുടർന്ന്, ഹുസ്സൈൻ മടവൂരിന്റെ നേതൃത്വത്തിൽ മർകസ് ദഅവ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അനൗദ്യോഗിക വിഭാഗവും ലയിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ഉടലെടുക്കുന്ന സ്വാഭാവികമായ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കൽ അനിവാര്യമാണ്.
ഔദ്യോഗിക വിഭാഗത്തിലെ, നേതൃരംഗത്ത് വിരാചിക്കുന്ന വരേണ്യന്മാരോടും, അവരുടെ തിട്ടൂരങ്ങൾക്കും ചരടുവലികൾക്കും റാൻ മൂളികളായി പിന്നാലെ നടക്കുന്ന അനുയായി വൃന്ദങ്ങൾക്കും പൊതുസമൂഹത്തിൽ നിന്ന് ഉടലെടുക്കുന്ന ചോദ്യങ്ങൾക്കു ഉത്തരം നൽകാനുള്ള ബാധ്യതയുണ്ട് .
2002-ൽ ആദർശ വ്യതിയാനത്തിന്റെ പേരിൽ മുജാഹിദ് പ്രസ്ഥാനത്തിൽ നിന്ന് നല്ലൊരു ശതമാനം ആളുകൾ പുറത്തു പോയത് ഒരു സുപ്രഭാതത്തിൽ സംഭവിച്ചത് അല്ല എന്ന കാര്യം എല്ലാവർക്കുമറിയാം. സംഘടനയുടെ ഉള്ളിൽ കാലങ്ങളോളം പുകഞ്ഞു കൊണ്ടിരുന്ന പ്രശ്നങ്ങളുടെ താൽക്കാലിക വിരാമമായിരുന്നു അത്.
ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയുടെ തീരുമാനങ്ങൾ ഒപ്പിട്ടു അംഗീകരിക്കുകയും പുറത്തിറങ്ങി അതിനെതിരെ പ്രവർത്തിക്കുകയും ചെയ്തപ്പോൾ അത് അച്ചടക്ക നടപടിയായി രൂപാന്തരപ്പെട്ടു. അതൊക്കെ അവിടെ നിൽക്കട്ടെ.
ഔദ്യോഗിക വിഭാഗം മടവൂർ ഗ്രുപ്പിനെതിരെ ഉന്നയിച്ച അടിസ്ഥാനപരമായ വിഷയം ആദർശ വ്യതിയാനമായിരുന്നു. അതിൽ പ്രധാനമായ കാര്യം പ്രബോധനത്തിൽ സലഫുകളുടെ മൻഹജ്‌ അവർ സ്വീകരിക്കാൻ കൂട്ടാക്കുന്നില്ല എന്നതായിരുന്നു.
പ്രബോധന രംഗത്ത് സലഫുകളുടെ മൻഹജ്‌ സ്വീകരിക്കാതിരിക്കൽ, സ്ഥിരപ്പെട്ട പല സുന്നത്തുകളോടും അവഗണനയും പുച്ഛവും, പ്രമാണ വാക്യങ്ങൾ സ്വന്തം യുക്തിയുടെയും ബുദ്ധിയുടെയും അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്യൽ, തുടങ്ങിയ അതീവ ഗുരുതരമായ മൻഹജിയായ വ്യതിയാനങ്ങൾ സംഭവിച്ചു കഴിഞ്ഞ ആളുകളുമായി ഒരു നിലക്കും പൊരുത്തപ്പെട്ടു മുന്നോട്ടു പോകാൻ കഴിയില്ല എന്ന് ബോധ്യപ്പെട്ടപ്പോഴാണ് പിളർപ്പുണ്ടായത്. ആദർശപരമായ വ്യതിയാനമായിരുന്നു മടവൂർ വിഭാഗത്തിനെതിരിൽ ഔദ്യോഗിക വിഭാഗം ഉന്നയിച്ച ആരോപണത്തിന്റെ കാതൽ. തുടർന്നിങ്ങോട്ട് പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുടെ മലവെള്ളപ്പാച്ചിലിനാണ് കേരള മുസ്‌ലിം സമൂഹം സാക്ഷ്യം വഹിച്ചത്. വാദപ്രതിവാതങ്ങൾ, സംവാദ മഹാമഹങ്ങൾ തെറിയഭിഷേകങ്ങൾ, തെരുവ് സംഘട്ടനങ്ങൾ, പടലപ്പിണക്കങ്ങൾ, പള്ളി കയ്യേറലുകൾ, ഖുതുബ മുടക്കൽ, പള്ളി-മദ്രസ വിഹിതം വെക്കൽ, പൂര പ്രസംഗങ്ങൾ, ലേഖനങ്ങൾ, ലഖുലേഖകൾ, പാര വെക്കൽ തുടങ്ങിയ കലാപരിപാടികൾ ദീനിന്റെ പേരിൽ പരസ്പരം ഇരുവിഭാഗവും നാളിതുവരെ മത്സരിച്ചു നടത്തിപ്പോന്നു. ഇപ്പറഞ്ഞതും അല്ലാത്തതുമായ മുഴുവൻ ഇനങ്ങളിലും ഇന്നാട്ടിലെ പാവപ്പെട്ട മുസ്‌ലിം പൊതുജനം കലവറയില്ലാതെ പിന്തുണക്കുകയും ഭാഗവാക്കാകുകയും ചെയ്തത്, ദീനിന്റെ പേരിൽ മാത്രമാണ്. ഇന്ന് നിങ്ങൾ ശത്രുത മറന്നു പരസ്പരം ഐക്യം പ്രഖ്യാപിക്കുമ്പോൾ, ഇന്നലെ വരെ ഉന്നയിച്ച ആദർശ വ്യതിയാനാരോപണത്തിന്റെ അവസ്ഥയെന്താണ് എന്ന് അണികൾ തീർച്ചയായും ചോദിക്കും.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.