Sunday, April 14, 2013

അറിവിൻറ പ്രാധാന്യം - 6

അറിവിന്റെ പ്രാധാന്യം-6

ഇമാം ഷാഫിഈ  റഹിമഹുള്ളയിലേക്ക് ചേർക്കപ്പെടുന്ന ഈ വരികൾ അറിവ് നേടുന്ന വിഷയത്തിൽ  പ്രസ്ക്തമാണ്.

أخي لن تنال العلم إلا بستة                    سأنبيها عن تفصيلها ببيان
ذكاء وحرص واجتهاد وبلغة                وصحبة أستاذ وطول زمان

" സഹോദരാ, ആറു കാര്യങ്ങൾ കൊണ്ടല്ലാതെ ഇൽമു നേടുക സാധ്യമല്ല. അവയേതെന്നു ഞാൻ വിഷതമാക്കാം, "  കുശാഗ്ര ബുദ്ധി, അതിയായ ആഗ്രഹം, കഠിനാധ്വാനം, ലക്ഷ്യപ്രാപ്തി, ഗുരുസഹവാസം, കാലദൈർഘ്യം"

ഇഖ്‌ലാസ്, ക്ഷമ, വിവേകം, തുടങ്ങിയ സ്വഭാവ വൈഷിഷ്ട്യങ്ങൾ കൈമുതലാക്കിയ ഒരു ത്വാലിബ്‌, മുകളിൽ പറഞ്ഞ ആറു കാര്യങ്ങളെക്കുറിച്ച് ബോധവാനാവേണ്ടതുണ്ട്. ബുദ്ധിയില്ലാത്തവനു ഇൽമു നേടാൻ കഴിയില്ല. അത് പോലെ അതിയായ ആഗ്രഹത്തോടെ, തന്റെ ലക്ഷ്യ സാക്ഷാല്കാരത്തിന് വേണ്ടി പുറപ്പെടുകയും അത്യധ്വാനം ചെയ്യുകയും ചെയ്തില്ലെങ്കിൽ അറിവ് കിട്ടാക്കനിയായി അകലെ നിൽക്കുകയേയുള്ളൂ.

ഇൽമ് പകർന്നു തരുന്ന മാതൃകാ യോഗ്യനായ ശൈഖിന്റെ സഹവാസം വിദ്യാർഥിയിൽ പല നിലക്കും ഗുണം ചെയ്യും. അവരുടെ ജീവിതവും, രീതിയും ശൈലിയും സത്യസന്ധതയും എല്ലാം കൃത്രിമത്വം ഒട്ടുമില്ലാതെ ഒപ്പിയെടുക്കാൻ അത് സഹായിക്കും.

ത്വലബുൽ ഇൽമിന് പ്രത്യേക കാലമില്ലെങ്കിലും, അതുമായി ദീർഘകാലം ഏർപ്പെട്ടാൽ മാത്രമേ പുർണ്ണമായ ഫലം ലഭിക്കുകയുള്ളൂ. ആവേശത്തോട്‌ കൂടി, യാതൊരു മടുപ്പുമില്ലാതെ സഹനം കൈക്കൊണ്ടു പടിപടിയായി കൊല്ലങ്ങളോളം ഗുരുവുമായി സഹവസിച്ചു നേടിയെടുക്കുന്ന അറിവിന്‌ മധുരം കൂടുതലായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.


അത് പോലെ വളരെ പരിഗണനീയമായ ഒന്നാണ് പോയന്റുകൾ (فوائد) കുറിച്ചെടുക്കുകയെന്നത്.  ഒരു ത്വാലിബുൽ ഇൽമു കേവലമൊരു കേൾവിക്കാരനല്ല. പറയുന്ന കാര്യങ്ങൾ തന്റെ കയ്യിലുള്ള നോട്ടു ബുക്കിൽ രേഖപ്പെടുത്തുകയും, ഉദ്ധരണികളുടെ ഉറവിടങ്ങൾ ഉറപ്പു വരുത്തി ക്രമീകരിക്കുകയും ചെയ്യണം.

العلم صيد والكتابة قيده       قيد صيودك بالحبال الواثقة

فمن الحماقة ان تصيد غزالة      وتتركها بين الخلائق طالقة


" ഇൽമു ഒരു വേട്ടയാണ്. എഴുത്ത്, വേട്ട മൃഗത്തെ ബന്ധിക്കലാണ്. നീ വേട്ടയാടിയവയെ ബലിഷ്ടമായ കയറുകൾ കൊണ്ട് ബന്ധിക്കുക.
ഒരു മാൻ പേടയെ വേട്ടയാടിപ്പിടിച്ചിട്ടു, അതിനെ ബന്ധിക്കാതെ സ്വതന്ത്രയായി വിടുകയെന്നത് എന്ത് മാത്രം വിഡ്ഢിത്തമാണ്? !! "

ചിലപ്പോൾ, ഷെയ്ഖ്‌ പറഞ്ഞ അവലംബം ഒന്നും എഴുതിയത് മറ്റൊന്നുമാവാം. തിരിച്ചുമാവാം. പേജു നമ്പറുകളും വാള്യങ്ങളും മാറിപ്പോകാം. ഓർമപ്പിശക് സംഭവിക്കാം. ആശയശോഷണം ഉണ്ടാവാം. ഇത് പോലെ മനപൂർവ്വമാല്ലാതെ സംഭവിക്കുന്ന തകരാറുകൾ പുനപരിശോധന (مراجعة) നടത്തുന്നതിലുടെ ശരിപ്പെടുത്താനും ക്രമീകരിക്കാനും സാധിക്കും.

എളുപ്പം കാര്യം നേടുക എന്നതാണ് ഇന്ന് എല്ലാവർക്കും ഇഷ്ടം. ഇന്റർനെറ്റ് എന്ന വിശാല ലോകം പലർക്കും ഇന്ന് അറിവിന്റെ വിളനിലങ്ങളാണ്. ആധുനിക ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ ഇൽമ് സ്വീകരിക്കാൻ സലഫുകൾ പിന്തുടർന്ന വഴികൾ പലർക്കും അന്യമാണ്. ഇൽമു നേടാൻ ഇന്റർനെറ്റിനെ ആശ്രയിക്കുന്നത് ഒരിക്കലും പ്രൊൽസാഹിപ്പിക്കാവതല്ല. മാത്രമല്ല അത് കൊണ്ട് ഉണ്ടായിതീരുന്ന അപകടങ്ങൾ ദൂരവ്യാപകവുമാണ്. ഇൽമു നേടാൻ ഗുരുമുഖത്തു നിന്നല്ലാതെ കിതാബുകളെ മാത്രം ആശ്രയിക്കുന്നത് പോലും സലഫുകൾ വിലക്കിയതായി കാണാം. കിതാബുകളെ മാത്രം അവലംബിക്കുന്നത് പോലും വിലക്കപ്പെട്ടതാണെങ്കിൽ, ഇന്റർനെറ്റിനെ ആശ്രയിക്കുന്നത് എന്ത് മാത്രം അപകടകരമായിരിക്കും?

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.