Thursday, March 14, 2013

വിമർശകരോട് - 9

വിമര്‍ശകരോട് (9)

അഹ്ലുസ്സുന്നയും വിമര്‍ശകരും (VI)

സംഘടന ഇല്ലാതെ എങ്ങിനെ ദഅവത്തു നടത്തും?


ഈ ചോദ്യം കേള്ക്കാത്ത സലഫികൾ കുറവായിരിക്കും. മത സംഘടനകള്ക്ക് തഴച്ചു വളരാൻ കേരളം പോലെ വളക്കുറുള്ള മണ്ണ് ലോകത്ത് വേറെ കാണില്ല. അത്രയ്ക്ക് ഞൊടിയിടയിൽ ജന്മം കൊള്ളുകയും തള്ളയേത് പിള്ളയേത് എന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത രൂപത്തിൽ വളര്ന്നു തടിച്ചു കൊഴുക്കുകയും ചെയ്യുന്നു  ഇവിടെ മത സംഘടനകൾ. വളര്ച്ചക്കനുസരിച്ചു ശാഖകളും ഉപശാഖകളുമായി പന്തലിച്ചു മത വൃത്തവും  കടന്നു സാമുഹ്യ രാഷ്ട്രീയ മേഖലകൾ കൂടി കയ്യടക്കിക്കൊണ്ടിരിക്കുകയാണ്.

മുകളിലെ ചോദ്യം ഉന്നയിക്കുന്ന സാധാരണക്കാരനെ സംബന്ധിച്ചേടത്തോളം സംഘടനയിൽ നിന്ന് മുക്തമായ ഒരു ദീനും സുന്നത്തും ദഅവത്തുമൊന്നും അവനു ഊഹിക്കാൻ  പോലും കഴിയില്ല. അത്രയ്ക്ക് ദീനിന്റെ ഒഴിച്ചുകുടാൻ പറ്റാത്ത അവിഭാജ്യ ഘടകമായി സംഘടന മാറിയിട്ടുണ്ട്, അല്ലെങ്കിൽ മാറ്റിയിട്ടുണ്ട്. അതിന്റെ തട്ടകത്തിലാണ് അവൻ ജനിച്ചതും പിച്ചവെച്ചതും വളർന്നതുമെല്ലാം. കേരളത്തിന്റെ എല്ലാ മുക്ക് മൂലകളിലും ശാഖകൾ ഇല്ലാത്ത ഒരു മതസംഘടനയും ഇല്ല. ഏതെങ്കിലും ഒന്നിൽ ഭാരവാഹിത്വമോ ഏറ്റവും കുറഞ്ഞത്‌ അംഗത്വമോ എങ്കിലും ഇല്ലാത്ത ആളുകൾ അപുർവ്വങ്ങളിൽ അപുർവ്വവും.
സംഘടനയുമായി ബന്ധമില്ലെങ്കിൽ ജീവിക്കാൻ പോലും പ്രയാസം നേരിടേണ്ടി വരുമെന്ന് അവർക്കറിയാം. ഈ പശ്ചാത്തലത്തിൽ നിന്ന് വേണം മുകളിലെ ചോദ്യത്തെ വിലയിരുത്താൻ.

മത സംഘടനകളുടെ സാമുഹിക ഇടപെടലുകൾ സാധാരണക്കാരെ ലക്‌ഷ്യം വെച്ച് കൊണ്ടുള്ളതാണ്. സമുഹത്തിന്റെ വിദ്യാഭ്യാസ-സാമ്പത്തിക-ആതുര സേവന രംഗങ്ങളിലേക്കുള്ള സംഘടനകളുടെ കടന്നു കയറ്റം അവയുടെ വളർച്ചയെ തെല്ലൊന്നുമല്ല സഹായിച്ചിട്ടുള്ളത്.  ഇത് അവർ നന്നായി മനസ്സിലാക്കുകയും മുതലെടുക്കുകയും ചെയ്യുന്നുവെന്നതാണ് വസ്തുത.  പൊതു മനസ്സുകളിൽ, കേവലം തൗഹീദും സുന്നത്തും പറഞ്ഞാൽ കിട്ടാത്ത സ്വീകാര്യത,  പരിസര മലിനീകരണത്തെക്കുറിച്ചും, ജലസ്രോദസ്സുകൾ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും പറഞ്ഞാൽ കിട്ടും.  മതപരമായ  ഒരറിവുമില്ലെങ്കിലും,  ഒരു ചാനൽ ചർച്ചയോ, ഏതെങ്കിലും ഒരു പ്രസിദ്ധീകരണത്തിന്റെ കവർ സ്റ്റോറിയോ കണ്ടാൽ വിഷയ ദാരിദ്ര്യവും തീര്ന്നു കിട്ടും. പൊതു ജനങ്ങളെ
 സംബന്ധിച്ചേടത്തോളം, അവർ കടന്നു ചിന്തിക്കുകയും സംഘടനക്കാരുടെ ഏനക്കേടുകൾ പെട്ടെന്ന് കണ്ടു പിടിക്കുകയും ചെയ്യില്ലായെന്നുമുള്ള ബോധ്യം തങ്ങൾക്കു അനുകൂല ഘടകമായി അവർ വ്യാഖ്യാനിക്കുന്നു.

ഒരു സലഫി ചിന്തിക്കുന്നത് മറിച്ചാണ്.  തൗഹീദിന്റെയും സുന്നത്തിന്റെയും പ്രഭ പരത്താൻ മറ്റാരുമില്ലാത്ത ഒരു നാട്ടിൽ, ദീനിനെക്കുറിച്ചു ഒരറിവുമില്ലാത്ത ഏതൊരാൾക്കും നിഷ്പ്രയാസം ചെയ്യാൻ കഴിയുന്നതും, ഒരുപാട് ആളുകൾ ചെയ്തു കൊണ്ടിരിക്കുന്നതുമായ ഉപരി സൂചിത മേഖലകളിൽ അവർ തന്നെ നിലകൊള്ളട്ടെ. അല്ലാഹുവിന്റെ ദീനും നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ സുന്നത്തും സംരക്ഷിക്കുകയും അവ ജീവിതത്തിൽ പകർത്തുകയും, അടുത്ത തലമുറക്ക്‌ കൈമാറാൻ അദ്ധ്വാനിക്കുകയും ചെയ്യുന്ന ന്യുനപക്ഷത്തിന്റെ കുടെയാവട്ടെ എന്റെ ഊർജം. 
ഈ ചിന്തയല്ല ആധുനിക നവോഥാന സംഘടനകൾ പങ്കു വെക്കുന്നത് എന്ന് തിരിച്ചറിയുമ്പോൾ മാത്രമേ  ഒരു സാധാരണക്കാരന് സലഫിയുടെ മഹത്വം ഉൾകൊള്ളാൻ കഴിയൂ.

ദഅവത്ത് നടത്താൻ വേണ്ടത് ദീനിനെക്കുറിച്ചുള്ള അറിവാണെന്ന്, ഒരു സംഘടനക്കാരനും  ഇത് വരെ പൊതു ജനങ്ങൾക്ക്‌  പറഞ്ഞു കൊടുത്തിട്ടില്ല. വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്ന് പറഞ്ഞത് പോലെ, പണ്ടിതന്മാരെന്നു പറയപ്പെടുന്നവരെല്ലാം സംഘടനാ പ്രവർത്തകരായ നിലക്കാണ് സാധാരണക്കാർ കണ്ടിട്ടുള്ളത്. ഇതിനപ്പുറം ചിന്തിക്കാനോ, കിതാബുകൾ പരിശോധിക്കാനോ ഉള്ള സാങ്കേതിക ജ്ഞാനം അവർക്കൊട്ടില്ലതാനും.

ശൈഖുൽ ഇസ്ലാം ഇബ്ൻ തീമിയ, ഇമാം മുഹമ്മദ്‌ ബിൻ അബ്ദിൽ വഹാബ് - രഹിമഹുമുല്ലാഹ്- തുടങ്ങിയ അഹ്ലുസ്സുന്നത്തിന്റെ ഉലമാക്കളെ സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിച്ചതല്ലാതെ, ഉലമാക്കൾ ആരെന്നോ ദീനിൽ അവർക്കുള്ള സ്ഥാനം എന്തെന്നോ അവരോടുള്ള  ഹുഖൂഖുകളും അദബുകളും എങ്ങിനെയെന്നോ ഇവർ സ്വയം മനസ്സിലാക്കുകയോ മറ്റുള്ളവരെ പഠിപ്പിക്കാൻ പരിശ്രമിക്കുകയോ ചെയ്തിട്ടില്ല.

ആളെക്കൂട്ടുകയും, അവരുടെ തലയെണ്ണി   ആദർശത്തിന്റെ സത്യസന്ധതയും, സ്വീകാര്യതയും സ്ഥാപിക്കാൻ പ്രത്നിക്കുകയും, വിനോദ മാധ്യമങ്ങളിലെ  നായകന്മാരെ ഓർമിപ്പിക്കുന്ന വിധത്തിൽ , ചില വ്യക്തികളെ കേന്ദ്രീകരിച്ച്  "ഫാൻസ്‌ അസോസിയേഷൻ "  മാമാങ്കങ്ങളായി (( ദഅവത്തു)) പരിണമിക്കുകയും ചെയ്ത ആധുനിക നവോഥാന പ്രസ്ഥാനങ്ങളുടെ മുഖം എത്ര വികൃതമല്ല? 

 ഓരോരുത്തരും പ്രവർത്തിക്കുന്ന സംഘടനയാണ് അണികളുടെ ആദർശ-വിശ്വാസങ്ങൾ  നിശ്ചയിക്കുന്നത് എന്ന അവസ്ഥ വരുമ്പോൾ, സ്വാഭാവികമായും സംഘടനയില്ലാതെ ദീനി ദഅവത്തു അസംഭവ്യം എന്ന ധാരണയുണ്ടായിത്തീരുന്നു.

ഒരു സലഫിയുടെ ക്ഷമയും ഗുണകാംക്ഷയും അനിവാര്യമാക്കുന്ന അപൂർവ്വം സന്ദർഭങ്ങളിൽ ഒന്നത്രെയിതു. സത്യം ഏറ്റവും നന്നായി അറിയുന്നവരും, മുസ്ലിംകളോട് ഏറ്റവും കരുണയുള്ളവരുമായ സലഫികൾ ക്ഷമ കാണിച്ചില്ലെങ്കിൽ മറ്റാരുണ്ട്  അവരോടു ക്ഷമ കാണിക്കാൻ?

കേരളത്തിന്റെ "ഠ" വട്ടത്തിനേക്കാൾ വിസ്തൃതിയും, സംഘടനകളുടെ ചരിത്രത്തെക്കാൾ പാരമ്പര്യവും സലഫീ ദഅവത്തിന് ഉണ്ടെന്ന്  മുസ്ലിം പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ, സംഘടനക്കാരൻ അവരുടെ മനസ്സുകളിൽ തീർത്ത കരിമ്പടങ്ങൾ അഴിച്ചു മാറ്റെണ്ടതുണ്ട്. 
അതിനു മുമ്പ് , അവരോടു നടത്തുന്ന ഏതു  തരത്തിലുള്ള ഇടപെടലുകളും കാര്യമായ ഫലം പ്രദാനം ചെയ്യില്ല.

അഹ്ലുസ്സുന്നതിന്റെ ഉസൂലുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട്,  പ്രമാണങ്ങൾ നിരത്തി സംവദിക്കുമ്പോൾ, ഭൌതിക താൽപര്യങ്ങളാൽ പ്രലോഭിതമാവാത്ത മനസ്സുകൾ ആരോഗ്യകരമായി തന്നെ പ്രതികരിക്കും എന്നതാണ് അനുഭവ പാഠം.

(തുടരും, ഇൻശാഅല്ലാഹ്)

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.