Monday, March 11, 2013

വിമർശകരോട് - 7

വിമര്‍ശകരോട് (7)

അഹ്ലുസ്സുന്നയും വിമര്‍ശകരും - IV

വിമര്‍ശനത്തിന്റെ കുന്തമുന അഹ്ലുസ്സുന്നക്കു നേരെ തിരിച്ചു വെച്ച് നിദ്രാവിഹീനങ്ങളായ കണ്ണുകളോടെ കൊത്തി വലിക്കാന്‍ അവസരത്തിന് കാത്തിരിക്കുന്ന ഒരു പാട് വിഭാഗങ്ങളുണ്ട്.

ഇസ്ലാമിന്റെയും മുസ്ലിമ്കളുടെയും സംരക്ഷകരും, പ്രചാരകരും സുന്നത്തിന്റെ അവകാശികളുമായി വേഷം കെട്ടിയാടുന്ന ഈ വിഭാഗങ്ങളെല്ലാം താന്താങ്ങളുടെ സംഘടനയുടെ ബ്രാന്‍ഡ്‌ അമ്പാസഡര്‍മാര്‍  എന്നതില്‍ കവിഞ്ഞു മറ്റൊരു വിശേഷണത്തിനും യോഗ്യരോ അര്ഹരോ അല്ല.

പല നാട്ടിലും പല വിശേഷണങ്ങളിലുടെയും ഇവര്‍  അഹ്ലുസ്സുന്നയെ പരിഹസിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നത്, ഇവരുടെ സങ്കുചിതമായ സംഘടനാ താല്പര്യത്തിന്റെ പേരില്‍ മാത്രമാണ്.

സത്യത്തിന്റെ വാഹകരും അതിന്‍റെ സഹചാരികളുമാണെന്ന് സാധാരണക്കാരെ തെറ്റിധരിപ്പിക്കാന്‍  കിണഞ്ഞു പരിശ്രമിക്കുകയും അതില്‍ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തിട്ടുള്ള ഇവരുടെ വിമര്‍ശന ശരങ്ങളില്‍ നിന്ന്, രക്ഷപ്പെടുകയെന്നത് അചിന്ത്യമത്രെ.

സംഘടനയില്ലാത്ത സംഘടനക്കാര്‍, യമനീ ത്വരീഖതുകാര്‍ , സുബൈരികള്‍, തുടങ്ങി, ഒരു മനുഷ്യന്‍ വിളിക്കപ്പെടാന്‍ ആഗ്രഹിക്കാത്ത ഒരു പാട് വിളിപ്പേരുകളും വിശേഷണങ്ങളും അവര്‍ അഹ്ലുസ്സുന്നക്കാര്‍ക്ക് ചാര്‍ത്തി നല്‌കിയിട്ടുണ്ട്.

ഈവക വിളിപ്പേരുകളോ, ആക്ഷേപങ്ങളോ വാസ്തവത്തില്‍ മനസ്സിലാക്കിയ യാഥാര്‍ത്യങ്ങളില്‍  നിന്ന് പിന്തിരിയാനോ, വിമശകര്‍ക്ക് നേരെ പ്രത്യാക്രമണത്തിന്റെ ആയുധത്തിന് മുര്‍ച്ച കുട്ടാനൊ തുനിയാതെ, മനസ്സിലാക്കിയ സത്യം, വിമര്‍ശകരുടെ മനോമുകുരത്തില്‍ എങ്ങിനെ നിശബ്ദമായി മുളപ്പിക്കാം എന്ന് മാത്രമേ ഒരു യഥാര്‍ത്ഥ സലഫി ആലോചിക്കുകയുള്ളൂ.

പക്ഷെ ഈ നിശബ്ദ പ്രാര്‍ത്ഥന പോലും മനസ്സിലാക്കാന്‍ കഴിയാത്ത, പാവം സംഘടനക്കാരന്‍ തല പുണ്ണാക്കുന്നത് "ഇവരുടെ കാര്യം മഹാ കഷ്ടം" എന്നാലോചിച്ചു കൊണ്ടാണ്. ഏതു വിമര്‍ശനത്തിനും ഞൊടിയിടയില്‍ മറുപടി നല്‍കിയും, കൊടുത്തും ശീലിച്ചവരില്‍ നിന്ന് ഇത് പ്രതീക്ഷിക്കാവുന്നത് തന്നെയാണ്.

സത്യത്തിന്റെ ശക്തി എത്ര മാത്രം ബലിഷ്ഠവും, സ്ഥായീഭാവവുമുള്ളതുമാണെന്ന് മനസ്സിലാക്കാന്‍ വേണം ഒരരിവു. അസത്യത്തിന്റെ കൂത്തരങ്ങില്‍ കെട്ടിയാടുന്നവര്‍ക്ക് തിരിച്ചറിയാന്‍ പ്രയാസമുള്ളതും ഈ അറിവ് തന്നെയാണ്.

ഇവിടെ സത്യമെന്ന് പറയുമ്പോള്‍, ഞാനുദ്ദേശിക്കുന്നത്, അല്ലാഹുവിന്റെ ദീന്‍ അതു പോലെ സ്വീകരിക്കലും, സുന്നത്തിനെ പിന്‍പറ്റലുമാണ്. അസത്യമെന്ന് പറഞ്ഞാല്‍, സുന്നത്തിനു എതിരായത് സ്വീകരിക്കലും, ഹവയെ അഥവാ ബിദ്അത്തിനെ പിന്‍പറ്റലും, സഹായിക്കലുമാണ്. ബിദ്അത്തെന്നു പറഞ്ഞാല്‍, ഫജര്‍ നമസ്കാരത്തില്‍ ഖുനുത്തു ഓതലും, നമസ്കാരാനന്തര കുട്ടുപ്രാര്തഥനയും, തുടങ്ങി ഏതാനും ചില കര്മാപരമായ ബിദ്അത്തുകള്‍ മാത്രമാണെന്ന് തെറ്റിദ്ധരിക്കുകയും അരുതു. നബി ചര്യക്ക്‌ വിരുദ്ധമായ കാര്യങ്ങള്‍ ദീന്‍ എന്ന നിലയില്‍, സ്വീകരിക്കുകയും പുണ്യം പ്രതീക്ഷിക്കുകയും ചെയ്‌താല്‍ അത് ബിദ്അതായ്തീര്‌ന്നു. അതിന്റെ സ്ഥിരീകരണത്തിനു എന്തു ന്യായീകരണങ്ങള്‍ നിരത്തിയാലും.

ഒരു പാട് നന്മകള്‍ ചെയ്യുന്ന ഞങ്ങളുടെ സംഘടനയെ നിങ്ങളെന്തിനു എതിര്‍ക്കുന്നു എന്നാണു ചിലരുടെ ചോദ്യം. ഓരോ സംഘടനക്കാരനും തങ്ങളുടെ സംഘടന തങ്ങളോടു നല്ലത് മാത്രമേ കല്പിക്കുന്നുള്ളൂവെന്ന മുന്‍വിധിയുള്ളവനാണ്. ഒരു സജീവ പ്രവര്‍ത്തകന്‍ ഒരിക്കലും നേതൃത്വത്തിന്റെ തീരുമാനങ്ങളെയോ, വീക്ഷണങ്ങളെയോ സംശയദൃഷ്ടിയോടെ സമീപിക്കില്ലായെന്ന ബോധ്യമാണ് സംഘടനയുടെ കരുത്ത്.  സുന്നത്തിനു എതിരായ പലതും ഈ ഒരു കരുത്തിന്റെ പിന്‍ബലത്തില്‍ അംഗീകരിക്കപ്പെടുകയും എതിര്‍ക്കപ്പെടാത്ത നിലയില്‍ ജനങ്ങളില്‍ വ്യാപിക്കുകയും ചെയ്യുന്നു.  ഇവിടെയാണ്‌ സാധാരണ ജനങ്ങളെ സംഘടന സൌകര്യപുര്‍വ്വം വഞ്ചിക്കുന്നതു.

" നല്ലതെന്ന്" കരുതി പ്രചരിപ്പിക്കപ്പെടുന്ന പലതും
ശറഈ വീക്ഷണ കോണിലുടെ സമീപിക്കുമ്പോള്‍
തള്ളേണ്ടതോ തിരുത്തേണ്ടതോ ആണെന്ന് ബോധ്യമാവും.
സംഘടനക്കാര്‍ പ്രചരിപ്പിക്കുന്ന പല "നന്മകളുടെയും" വസ്തുത ഇതാണ്. ഇനി ചില നന്മകള്‍  ഉണ്ടെന്നു സമ്മദിച്ചാല്‍ തന്നെ, സംഘടനയെന്ന തിന്മയെ വിമര്‍ശന മുക്തമാക്കാന്‍  കഴിയുമോ ?
അങ്ങിനെയാവുമ്പോള്‍ ഒരു സംഘടനയെയും വിമര്‍ശിക്കാന്‍ പാടില്ലെന്ന് വരണം. കാരണം, തീരെ  നന്മയില്ലാത്ത സംഘടനകളുണ്ടാവില്ലല്ലോ?  അപ്പോള്‍ നന്മയുടെ തുക്കം നോക്കിയല്ല വിമര്‍ശനം വേണ്ടതെന്നര്‍ത്ഥം. മറിച്ചു സുന്നത്തില്‍ അധിഷ്ടിതമാണോ എന്ന് പരിശോധിച്ചു കൊണ്ടാണ്.

ഒരു മുസ്ലിമിനെ സംബന്ധിച്ചേടത്തോളം, നന്മകളുടെ ആധാരം , അള്ളാഹുവിന്റെ ദീന് ആണ്.  അതിനു പകരം മനുഷ്യബുദ്ധിയെ അവലമ്പമാക്കുമ്പോഴാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്.

സംഘടന ഇസ്ലാമിക ദഅവത്തിന് ഉള്ള ശറഈ ആയ മാര്‍ഗം ആണെന്ന് ആരാണ്  പറഞ്ഞത്?  അല്ലാഹു  പറഞ്ഞോ? നബി സ്വല്ലല്ലാഹു അലൈഹി വസല്ലം കാണിച്ചു തന്നോ?  സ്വഹാബത്തും താബിഉകളും അങ്ങിനെ മനസ്സിലാക്കിയിട്ടുണ്ടോ? അഹ്ലുസ്സുന്നതിന്റെ പൌരാണികരോ ആധുനികാരോ ആയ പ്രാമാണികരായ ഉലമാക്കല്‌ ആരെങ്കിലും പറഞ്ഞതായി ഉണ്ടോ?  എവിടെയുമില്ല, എന്നല്ല, പ്രമാണങ്ങള്‍ മുമ്പില്‍ വെച്ച് പഠനം നടത്തുമ്പോള്‍, ദഅവത്തിന് വേണ്ടി സംഘടനയുണ്ടാക്കാന്‍ പാടില്ലായെന്നാണ് കിട്ടുക.  മറിച്ചുള്ള വാദം പ്രമാണവിരുദ്ധമായ കേവല ബുദ്ധിയുടെതും യുക്തിയുടെതും മാത്രമാണ്.
ഇതാണ് സംഘടനകള്‍ വിമര്ശിക്കപ്പെടാനുള്ള അടിസ്ഥാന ഹേതു.

(തുടരും, ഇന്ഷാ അല്ലാഹു)






No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.