Wednesday, March 20, 2013

വിമർശകരോട് - 11

വിമർശകരോട് -11

അഹ്ലുസ്സുന്നയും വിമർശകരും VI

(( കേരളത്തിൽ പണ്ടിതന്മാരില്ലേ? ))

ശറഇയ്യായ വിഷയങ്ങളിൽ തീർപ്പ് കൽപ്പിക്കാൻ ഉലമാക്കളിലേക്ക് മടക്കുകയെന്ന കുറ്റമറ്റ രീതി കേരളത്തിലെ മതപ്രബോധകർക്ക് കേട്ടു കേൾവി പോലുമില്ല. ആകാശത്തിന് താഴെയുള്ള ഏതു വിഷയവും വഴങ്ങുകയും, തെറ്റായാലും, ശരിയായാലും, അഭിപ്രായം പറഞ്ഞു ഞെളിയുകയും ചെയ്യുന്നതിൽ പലർക്കും യാതൊരു ലജ്ജയുമില്ല.
മതപരമായ വിഷയങ്ങളിൽ സംസാരിക്കുമ്പോൾ സൂക്ഷ്മത പാലിക്കാത്തതിന്റെ പേരിൽ ഉണ്ടായിട്ടുള്ള ഭവിഷ്യത്തുകൾ നിസ്സാരങ്ങളല്ല.

മത വിഷയങ്ങളിൽ വേണ്ടത്ര പരിജ്ഞാനമില്ലാത്ത ആളുകൾ, വിവരമുള്ളവരെപ്പോലെ, ഇടപെടുകയും കൈകാര്യം ചെയ്യുകയും ചെയ്യുമ്പോൾ, ആശയ വൈരുദ്ധ്യങ്ങൾ സംഭവിക്കുന്നു. അത് ഒഴിവാക്കാനുള്ള ഏക മാർഗം, വിഷയം, അതിന്റെ അഹ്ലുകാരായ ഉലമാക്കളിലേക്ക് മടക്കുകയെന്നതാണ്. അത് പറയുമ്പോഴൊക്കെ, പറയുന്നവർക്ക് നേരെ ഉറഞ്ഞു തുള്ളിയ്യാണ് സംഘടനക്കാര്ക്ക് ശീലം.
ഏതു മസ്അലയായാലും, അത് ഉലമാക്കളിലേക്ക്, വിശിഷ്യ, കിബാറിലേക്ക് മടക്കുമ്പോൾ പല ഗുണങ്ങളുമുണ്ട്‌. അതിൽ ഏറ്റവും പ്രധാനമായി, നാം മൻഹജ് പിൻപറ്റുന്നുവെന്നുള്ളതാണ്. സലഫുകൾ, മതപരമായ തീരുമാനങ്ങൾക്ക് കൂട്ടത്തിലെ ഏറ്റവും ഇൽമുള്ള ആളെയായിരുന്നു അവലമ്പിച്ചിരുന്നത്. ഒരിക്കലും അവർ ഏതെങ്കിലും ഒരഭിപ്രായം സ്വീകരിക്കുക എന്ന നിലവാരത്തിലേക്ക് തരം താണിരുന്നില്ല. സുന്നത്തിനു അവർ വലിയ പ്രാധാന്യം കൽപിക്കുകയും, ഇൽമുള്ളവരെ ആദരിക്കുകയും ചെയ്തിരുന്നു. രണ്ടാമതായി, ഇജ്തിഹാദ് ചെയ്യാൻ യോഗ്യതയുള്ളവരായ ആളുകൾ അത് നിർവ്വഹിക്കുമ്പോൾ, സാധാരണക്കാർക്ക് ഉത്തരവാദിത്ത്വം ഒഴിവാവുകയും, വിഷയത്തിൽ തൃപ്തികരമായ തീർപ്പാവുകയും ചെയ്യുന്നുവെന്നുള്ളതാണ്.

എന്നാൽ, "ഇവിടെ പണ്ടിതന്മാരില്ലേ" എന്ന് ചോദിക്കുന്നവർ, ഒന്നുകിൽ മതകാര്യങ്ങളെക്കുറിച്ച് ഒരു ചുക്കുമറിയാത്തവരോ, നിക്ഷിപ്ത താൽപര്യക്കാരോ ആണ്.

ഉലമാക്കളിൽ നിന്ന് കേട്ട് പഠിക്കുകയും, കിതാബുകൾ പരിശോധിച്ചു മസ്അലകൾ വേർതിരിച്ചു മനസ്സിലാക്കുകയും, ദലീലുകൾ മുൻ നിർത്തി അഭിപ്രായം പറയുകയും ചെയ്യുന്ന എത്ര പേരുണ്ട് കേരളത്തിൽ ? ഇമാം അഹ്മദ്, ശൈഖുൽ ഇസ്ലാം ഇബ്ൻ തീമിയ, ഇബ്നുൽ ഖയ്യിം, ഇമാം മുഹമ്മദ്‌ ബിൻ അബ്ദുൽ വഹാബ് തുടങ്ങിയ ഉലമാക്കളുടെ അഖീദയിലും ഫിഖ്ഹിലുമുള്ള അമുല്യ ഗ്രന്ഥങ്ങൾ കാണുകയും, വായിക്കുകയും , പഠിക്കുകയും ചെയ്തവർ ആരുണ്ട്‌?
അഹ്ലുസ്സുന്നതിന്റെ ഉലമാക്കളുടെ ഗ്രന്ഥങ്ങളുമായി ജീവിക്കുന്ന ധാരാളം ആളുകൾ ലോകത്ത് ഉണ്ടെന്ന കാര്യമെങ്കിലും ഇവർ മനസ്സിലാക്കിയിരുന്നുവെങ്കിൽ, " ഈ കിബാറുൽ ഉലമയെ എവിടെക്കിട്ടു"മെന്നു ഒരുത്തനും ചോദിക്കുമായിരുന്നില്ല.

ദീനിന് ഭുമിശാസ്ത്ര അതിർത്തികളില്ല. വർണ-വർഗ വിവേചനമില്ല. അറബികളെപ്പോലെ അനറബികളും ഇസ്ലാം ദീനിന് മഹത്തായ സേവനങ്ങൾ ചെയ്തിട്ടുണ്ടു. അറബികളിൽ നിന്ന് മാത്രമേ സ്വീകരിക്കൂ എന്ന് ശാഡ്യം ആർക്കെങ്കിലുമുണ്ടായിരുന്നുവെങ്കിൽ, നല്ലൊരു ശതമാനം ശറഇയ്യായ ഇൽമും മുസ്ലിം ഉമ്മത്തിന് നഷ്ടപ്പെടുമായിരുന്നു.

ശൈഖ് അൽബാനിയോടോ, ഇബ്ൻ ബാസിനോടോ സ്വാലിഹുൽ ഉസൈമീനോടോ തുലനം ചെയ്യാൻ പറ്റുന്ന ഒരാൾക്ക്‌,  കേരളം ജന്മം നൽകിയിട്ടില്ലെങ്കിൽ, ശൈഖ് അബ്ദുള്ള ബുഖാരിക്ക് എങ്കിലും സമശീർഷരായ ഒരാളെ നിങ്ങൾ ചൂണ്ടിക്കാണിക്കൂ.- بارك الله في علمهم وعمرهم ونفع بهم المسلمين
അവർ വിട്ടേച്ചു പോയ വിജ്ഞാന ശേഖരങ്ങളോട് കിട പിടിക്കുന്ന ഗ്രന്ഥ ശേഖരങ്ങളും, വിവരണ ഗ്രന്ഥങ്ങളും എവിടെ?
തൗഹീദും സുന്നത്തും പ്രചരിപ്പിക്കുന്നുവെന്നവകാശപ്പെടുന്ന, മുജാഹിദ് പ്രസ്ഥാനത്തിന്റെ "പണ്ഡിതന്മാർ" كتاب التوحيد എവിടെ?

കേരളത്തിൽ ദഅവത്തിന്റെ നൂറ്റാണ്ട് ആഘോഷിക്കുന്നവർ  ചെയ്ത സേവനം എന്താണ്? നൂറു കൊല്ലത്തെ നിങ്ങളുടെ   കർമ ഫലമെവിടെ? സംഘടനയുണ്ടാക്കി തമ്മിൽ തല്ലിയെന്നതാണോ നിങ്ങൾ ചെയ്ത സേവനം? കേരളത്തിൽ പണ്ടിതാന്മാരില്ലേ എന്ന് ചോദിക്കുന്നവർ ഇതിനു ഉത്തരം പറയണം.

ഉലമാക്കൾ മതത്തിന്റെ കാവൽക്കാരാണ്. മതപരമായ വിഷയങ്ങൾ അവരിലേക്കാണ് മടക്കേണ്ടത്. അവർ ലോകത്ത് എവിടെയാണെങ്കിലും !

(തുടരും- ഇന്ശാ അല്ലാഹ്)

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.