Wednesday, October 21, 2020

ശൈഖ് ഫലാഹ് ഇസ്മായീൽ മുന്‍ദുകാർ പ്രബോധന വീചിയിലെ പ്രകാശഗോപുരം

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു "നിശ്ചയമായും അല്ലാഹു അടിമകളിൽ നിന്ന്ഇൽമിനെ ഒരു ഊരിയെടുക്കൽ ഊരിയെടുക്കുകയല്ല ചെയ്യുന്നത്. മറിച്ച് ഉലമാക്കളെ പിടികൂടിക്കൊണ്ടാണ് ഇൽമിനെ പിടികൂടുന്നത്‌ ..." ബുഖാരി ഹസൻ റഹിമഹുള്ളാ പറഞ്ഞു " ഇസ്‌ലാമിൽ പണ്ഡിതന്റെ മരണം ഒരു വിടവാണ്. രാപകലുകൾ മാറിവരുന്ന കാലത്തോളം അത് നികത്തപ്പെടുകയില്ല" സഈദ് ബിൻ ജുബൈർ റദിയള്ളാഹു അൻഹുവിനോട് ഒരാൾ ചോദിച്ചു " അന്ത്യ നാളിന്റെയുംജനങ്ങളുടെ നാശത്തിന്റെയും അടയാളമെന്താണ്? അദ്ദേഹം പറഞ്ഞു "അവരിലെ ഉലമാക്കൾപോയിക്കഴിഞ്ഞാൽ" ഇന്ന്, റബീഉൽ അവ്വൽ 4 -ഹിജ്‌റ 1442, (21 ഒക്ടോബർ 2020) കുവൈറ്റ് അതിന്റെ സമാദരണീയനായ ഒരു പുത്രനെ നിറകണ്ണുകളോടെയാത്രയയച്ചു. ശൈഖ് ഫലാഹു ബിൻ ഇസ്മായീൽ മുന്‍ദുകാർ തന്റെ 70- ആമത്തെ വയസ്സിൽ കുവൈറ്റിൽ അന്തരിച്ചു. ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ ! കുവൈറ്റിലെ സലഫീ പ്രബോധന രംഗത്ത് നിസ്തുലമായ സേവനങ്ങൾ കാഴ്ച വെക്കുകയും അല്ലാഹുവിന്റെ ദീൻ കലർപ്പില്ലാതെ ജനങ്ങളിൽ പ്രചരിപ്പിക്കുന്നതിൽ അവിശ്രമം യത്നിക്കുകയൂംചെയ്ത കറ കളഞ്ഞ സലഫീ പണ്ഡിതനായിരുന്നു ശൈഖ് ഫലാഹ്. തന്റെ ഇരുപത്തി ആറാമത്തെ വയസ്സിൽ ഇംഗ്ളീഷ്‌ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചഅദ്ദേഹം അധികം താമസിയാതെ മദീനയിലേക്ക് പോവുകയും ജാമിയ ഇസ്‌ലാമിയയിൽ ചേർന്ന് പഠനമാരംഭിക്കുകയും ചെയ്തു. ഫസ്റ്റ് ക്ലാസ്സോടെ ഡിഗ്രിയും പീജിയും കരസ്ഥമാക്കിയ ശേഷം " ഷിയായിസവും സൂഫിയത്തുംതമ്മിലുള്ള ബന്ധം" എന്ന വിഷയത്തിൽ ഫസ്റ്റ് ഗ്രൈഡോടെ ഡോക്ടറൈറ്റും നേടി. തുടർന്ന് സൗദിയിലുള്ള തലയെടുപ്പുള്ള ഒട്ടുമിക്ക സലഫീ ഉലമാക്കളിൽ നിന്നും അഖീദ, ഹദീസ്, അനന്തരാവകാശ നിയമങ്ങൾ, ഫിഖ്ഹ് മുതലായവയിൽ വ്യുൽപതി നേടി. സ്വഹീഹുൽ ബുഖാരി, തഫ്സീറുകൾ, ബുലൂഗുൽ മറാം, നുഖ്ബത്തുൽ ഫിക്‌ർ, ശൈഖുൽഇസ്‌ലാമിന്റെ അഖീദത്തുൽ വാസിതിയ്യ, നുബുവ്വാതു, ഇബ്നു ബത്വയുടെ ഇബാന, ഇബ്നു ഖുസൈമയുടെ തൗഹീദ്, അഖീദത്വഹാവിയ്യ, ഇബ്നു മന്‍ദയുടെ കിതാബു തൗഹീദ്, തുടങ്ങി അഹ്‌ലുസ്സുന്നത്തിന്റെ ആധികാരിക ഗ്രന്ഥങ്ങളിൽ അവഗാഹം സിദ്ധിച്ചു. ഷെയ്ഖ് ഇബ്നു ബാസ്, ഷെയ്ഖ് അൽബാനി, ഷെയ്ഖ്ഹമ്മാദുൽ അൻസ്വാരി, ഷെയ്ഖ് സ്വാലിഹുൽ ഉസൈമീൻ, ശൈഖ് അബ്ദുസ്സമദ് അൽ കാതിബ് - റഹിമഹുമുള്ളാ അജ്‌മഈൻ - ഷെയ്ഖ് അബ്ദുൽ മുഹ്‌സിൻ അൽ അബ്ബാദ്, ഷെയ്ഖ് സ്വാലിഹുൽഫൗസാൻ , ഷെയ്ഖ് റബീഉ - ഹഫിദഹുമുള്ള - അടക്കം ഭുവനപ്രശസ്തരായ അസംഖ്യംപണ്ഡിതന്മാരിൽ നിന്ന് വർഷങ്ങളോളം അദ്ദേഹം അറിവ് സമ്പാദിച്ചു. അതിൽ ശൈഖ് മുഹമ്മദ് അമാനുൽ ജാമി റഹിമഹുള്ളയുമായി ശൈഖ് ഫലാഹിന് കൂടുതൽ അടുപ്പമുണ്ടായിരുന്നു. അദ്ദേഹത്തിൽ നിന്ന് ശൈഖ് ഫലാഹ് ധാരാളം അറിവ് സമ്പാദിക്കുകയും ഖവാഇദുൽ മുസ്‌ലാ, കിതാബുതൗഹീദ്, അഖീദ തഹാവിയ്യ, വാസിതിയ്യ തുടങ്ങിയ ഗ്രന്ഥങ്ങൾ വായിക്കുകയും ചെയ്തു. തന്റെ സ്വന്തം കൈപ്പടയിലുള്ള അനുബന്ധങ്ങൾ ഉൾക്കൊള്ളുന്ന ജൗഹറത്തുതൗഹീദ് ശൈഖ് അമാനുൽ ജാമി തന്റെ ശിഷ്യന് സമ്മാനിച്ചു. അദ്ദേഹം അക്കാര്യം ആദരപൂർവ്വം സ്മരിക്കുകയും പ്രസ്തുത ഗ്രന്ഥം നിധി പോലെ സൂക്ഷിക്കുകയും ചെയ്തു. സ്വദേശമായ കുവൈറ്റിലേക്ക് തിരിച്ചു വന്നതിന് ശേഷം കുവൈറ്റ് യൂനിവേഴ്സിറ്റിയിൽ ശരീഅ കോളേജിൽ അധ്യാപക വൃത്തിയിൽ പ്രവേശിച്ചു. തന്റെ ഇഷ്ട്ട വിഷയമായ അഖീദയുടെ ക്ലാസ് ആരേയും ഹരം കൊള്ളിക്കുന്നതും ഹഠാതാകർഷിക്കുന്നതുമായിരുന്നു. സത്യത്തിൽ അഹ്‌ലുസ്സുന്നയുടെ അഖീദ ഇദം പ്രദമമായി കേട്ടത് അദ്ദേഹത്തിന്റെ വിജ്ഞാന സമ്പുഷ്ടമായക്ലാസ്സുകളിൽ നിന്നാണ്. അദ്ദേഹത്തിന്റെ ക്ളാസുകളിൽ കേൾവിക്കാരായി പുറത്തു നിന്നുള്ളവിജ്ഞാന കുതുകികളുടെ ആധിക്യം കാരണം റ്വഗുലർ വിദ്യാർത്ഥികൾക്ക് ഇരിപ്പിടം കിട്ടാൻ വളരെ നേരത്തെ ക്ലാസ്സിൽ വന്നിരിക്കേണ്ട അവസ്ഥയുണ്ടായി. ശുഭ്രമായ അറബി വേഷവും കറുത്ത ഒരു ബാഗും തുക്കിയുള്ള വരവിന്റെ ഗാംഭീര്യം ഒന്ന് വേറെതന്നെയായിരുന്നു. ഘനഗാംഭീര്യത്തിലുള്ള അദ്ദേഹത്തിന്റെ ക്ലാസുകൾ ഇന്നും മനസ്സിൽ മാറ്റൊലിക്കൊള്ളുന്നു. ഇതിന് പുറമെ കുവൈറ്റിലെ ഫഹാഹീൽ കോ ഒപ്പറൈറ്റിവ് സൊസൈറ്റിക്ക് അടുത്തുള്ള പള്ളിയിലും സാലിമുൽ അലി പള്ളിയിലും ഖുർതുബയിലെ മഅഹദ് ദീനിയുടെ അടുത്തുള്ള പള്ളിയിലും മറ്റുമായി ഇമാം ബർബഹാരിയുടെ ശറഹുസ്സുന്ന, ഇമാം അഹമ്മദിന്റെ ഉസൂലുസ്സുന്ന, മുഹമ്മദ് ബിൻ അബ്ദിൽവഹാബിന്റെ കിതാബുതൗഹീദ്, ഇബ്നു മന്‍ദയുടെ കിതാബുതൗഹീദ് തുടങ്ങിയ ഗ്രന്ഥങ്ങൾ പലവുരു ദർസ് നടത്തി മഹാനവർകൾ. ആരേയും ആകർഷിക്കുന്ന പെരുമാറ്റവും വലിപ്പച്ചെറുപ്പമില്ലാത്ത ഇടപെടലും അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വിത്യസ്തനാക്കി. വശ്യമായ പെരുമാറ്റവും ലാളിത്യം വഴിഞ്ഞൊഴുകുന്ന സംസാരവും അദ്ദേഹത്തിന്റെ സവിശേഷ ഗുണങ്ങളിൽ ചിലത് മാത്രം. ഗാംഭീര്യമുള്ള ശബ്ദത്തിൽ അക്ഷരസ്ഫുടതയും ഒഴുക്കുമുള്ള ശൈലിയിലുള്ള അദ്ദേഹത്തിന്റെ ദർസുകൾ ഒരമൂല്യ നിധി തന്നെയായിരുന്നു. ഒരിക്കൽ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ലളിതമായ പദപ്രയോഗങ്ങളിലൂടെ അനുവാചകഹൃദയത്തിലേക്ക് ഊളിയിട്ടിറങ്ങുന്ന ആശയങ്ങളുടെ ഉടമയായിരുന്നു ശൈഖ് അവർകൾ. കിതാബ് വായിച്ച് വിശതീകരിക്കുക എന്നതിൽ കവിഞ്ഞ് ശ്രോതാക്കളുമായി സരസമായി സംവദിക്കുന്ന അദ്ദേഹത്തിന്റെ ശൈലി ആരുടേയും ശ്രദ്ധയാകർഷിക്കുന്നതാണ്. ഒരിക്കൽ സൈദ് ഹലീസിന്റെ ദീവാനിയയിൽ വെച്ച് നടന്ന ദൗറയിൽ ശൈഖ് അബുൽ അബ്ബാസ് ഹഫിദഹുള്ളാ ശൈഖുൽ ഇസ്‌ലാമിന്റെ മുഖദ്ദിമ ഉസൂലുതഫ്‌സീർ ദർസ് നടത്തിക്കൊണ്ടിരിക്കുന്ന സമയത്തു അവിചാരിതമായി ശൈഖ് ഫലാഹ് ആ നിറഞ്ഞ സദസ്സിലേക്ക് കയറി വന്നു. ശൈഖ് ഫലാഹിനെ കണ്ട മാത്രയിൽ അബുൽ അബ്ബാസ് കിതാബ് അടച്ച്, ഇരിപ്പിടം ഒഴിഞ്ഞു കൊടുത്ത്‌ ഒരുശ്രോതാവിനെ പോലെ നിശബ്ദമായി ഇരുന്നു. ആ ഇരിപ്പ് എത്ര നേരം തുടർന്നുവെന്നറിയില്ല ഏതായാലും ശൈഖ് ഫലാഹ് ആ സദസ്സ് വിട്ട് പോയതിന് ശേഷമേ ശൈഖ് അബുൽ അബ്ബാസ് സംസാരിച്ചുള്ളൂ! ഉലമാക്കൾക്കിടയിൽ പോലും അത്രക്ക് ആദരണീയനായിരുന്നു ശൈഖ് ഫലാഹ് ! തൗഹീദിനും സുന്നത്തിനും വേണ്ടി ഉഴിഞ്ഞു വെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. സുന്നത്തിന്റെ ശത്രുക്കളുടെ ചങ്കിലെ മുള്ളായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകൾ. എപ്പോഴും ചിരിച്ചു കൊണ്ടല്ലാതെ അദ്ദേഹത്തെ കണ്ട ഓർമയില്ല. അവസാനമായി കഴിഞ്ഞ വർഷം ഖുറൈനിലെ പള്ളിയിലെ ദൗറയിൽ വെച്ച് കണ്ടപ്പോൾ ശാരീരിക അവശതകൾ അദ്ദേഹത്തെ വല്ലാതെ പ്രയാസപ്പെടുത്തുന്നതായി തോന്നിയിട്ടുണ്ട്. ഇന്ന് അദ്ദേഹം നമ്മോടൊപ്പമില്ല എന്ന മനോവേദനയോടെയാണ് ഞാനിതെഴുതുന്നത് . മരണം സുനിശ്ചിതമാണ്. അല്ലാഹുവിന്റെ അലംഘനീയമായ വിധിക്ക് കീഴ്പ്പെടേണ്ടവരാണ് നമ്മളും. അല്ലാഹു ഷെയ്ഖ് അവർകളുടെ പാപങ്ങൾ പൊറുക്കുകയും നമ്മെയെല്ലാവരെയും അവന്റെ ഫിർദൗസുൽ അഅലയിൽ ഒരുമിച്ചു കൂട്ടുകയും ചെയ്യട്ടെ . ആമീൻ !

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.