Friday, September 13, 2019

"ഈ ഇൽമു ദീനാകുന്നു"

പ്രമുഖ താബിഈ വര്യനായ ഇമാം മുഹമ്മദ്‌ ഇബ്ൻ സീരീൻ റഹ് മതുള്ളാഹി അലൈഹി പറഞ്ഞു " നിശ്ചയം, ഈ ഇൽമു ദീനാകുന്നു. അതിനാൽ ആരിൽ നിന്നാണ് നിങ്ങൾ നിങ്ങളുടെ ദീൻ സ്വീകരിക്കുന്നത് എന്ന് നോക്കിക്കൊള്ളുക" - മുഖദ്ദിമ സ്വഹീഹു മുസ്‌ലിം.
ഒരാൾ ഏറ്റവുമധികം ഭയപ്പെടേണ്ടത്, അയാളുടെ മതവിശ്വാസത്തിന് പോറലേൽക്കുന്നതിനെക്കുറിച്ചാണ്.
അതിനു ഹേതുവാകുമെന്നു തോന്നുന്ന കാര്യങ്ങളെക്കുറിച്ച് അവൻ സദാ ബോധവാനായിരിക്കണം. സലഫുകൾ ഏറ്റവുമധികം ജാഗ്രത കാണിച്ചിരുന്ന ഇക്കാര്യം ആനുകാലിക മുസ്ലിംകൾ പാടേ അവഗണിച്ച മട്ടാണ്.
ഖുർആൻ, ഇസ്‌ലാം, സുന്നത്ത്, ദീൻ തുടങ്ങിയ വിഷയങ്ങളിൽ ആരെന്തു പ്രസംഗിച്ചാലും, അവ അൽപം ആകർശണീയമാണെങ്കിൽ അമ്പരപ്പോടെ കാതോർത്തു നിൽക്കുകയും മറ്റുള്ളവരെ അത് കേൾപിക്കുകയും ചെയ്യുന്നതിൽ പലരും മത്സരിക്കുകയാണ്. പറയുന്നത് ദീനിനെക്കുറിച്ചാണ് എന്നത് മാത്രമല്ല പരിഗണിക്കേണ്ടത്. മറിച്ചു, ആ പറയുന്ന ആൾ സുന്നത്തിന്റെ ആളാണോ ? അതല്ല ബിദ്അത്തിന്റെ ആളാണോ ? ഇക്കാര്യം നിർബന്ധമായും പരിഗണിക്കപ്പെടണം. അതിനു വാചാലതയോ, ശബ്ദഗാംഭീര്യമോ, ജനങ്ങളിലുള്ള സ്വാധീനമോ ഒന്നും തടസ്സമാകരുത്. അഹ് ലുസ്സുന്നത്തിന്റെ ഉലമാക്കളെക്കുറിച്ച് ഇയാളുടെ നിലപാട് എന്താണ്? ആരുടെ കൂടെയാണ് ഇയാൾ സഹവസിക്കുന്നത്? ഇയാളുടെ സഹചാരികൾ ആരെല്ലാമാണ്? ഇയാളെക്കുറിച്ച് പ്രാമാണികരായ ഉലമാക്കൾ എന്ത് പറയുന്നു? ഒരാളിൽ നിന്ന് ദീൻ കേൾക്കാൻ/സ്വീകരിക്കാൻ പാടുണ്ടോ എന്നത് ഇത്തരം കാര്യങ്ങളെ ആശ്രയിച്ചിരിക്കും. ഇനി ഒരാളെക്കുറിച്ച് കൃത്യമായി അറിയില്ലെങ്കിൽ, അയാൾ സുന്നത്തിന്റെ ആളാണെന്നു അർത്ഥശങ്കക്കിടയില്ലാത്ത വിധം അറിയുന്നത് വരെ അയാളിൽ നിന്ന് ദീൻ കേൾക്കാനോ സ്വീകരിക്കാനോ പാടില്ല. ഇമാം ഇബ്നു സീരീൻ റഹ്മതുള്ളാഹി അലൈഹിയുടെ മുകളിലെ ഉദ്ധരണി ഇമാം മുസ്‌ലിം തന്റെ വിഖ്യാത ഗ്രന്ഥമായ "സ്വഹീഹു മുസ്‌ലിമിന്റെ" മുഖവുരയിൽ എടുത്തു ചേർത്തത് ഈ മഹത്തായ ലക്ഷ്യത്തിനു വേണ്ടിയാണ്.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.