Friday, September 21, 2018

ഇത് ശാസ്ത്രമല്ല, ശാസ്ത്രധര്‍മ്മവുമല്ല...

ഇത് ശാസ്ത്രമല്ല, ശാസ്ത്രധര്‍മ്മവുമല്ല...
മധ്യകാലഘട്ടങ്ങളില്‍ ശാസ്ത്ര ഗവേഷകന്മാര്‍ പീഡിപ്പിക്കപ്പെട്ടിരുന്നു എന്നാണ് ചരിത്രം. ഉത്തരാധുനിക കാലഘട്ടത്തിന്റെ നേര് അനുഭവം മറിച്ചും.
എന്താണ് ശാത്രം? ശാസ്ത്രത്തിന്‍റെ ആധികാരികത എത്രത്തോളം?
ഇങ്ങനെ ഒരു പ്രമേയം അവതരിപ്പിക്കാന്‍ തന്നെ പേടിയുണ്ട്. ട്രോളാം, പൊങ്കാലയിടാം, ബഹുവിധ ചലഞ്ചുകള്‍ നടത്താം, വീട്ടിലേക്ക് മാര്‍ച്ച് ചെയ്യാം, നിയമനടപടികളെടുക്കാം. എല്ലാവിധ വീരന്മാരോടും മുന്‍കൂറായി മാപ്പപേക്ഷിക്കുന്നു. ഇഷ്ടമായില്ലെങ്കില്‍ ക്ഷമിക്കുക, മറക്കുക, വെറുതെ വിട്ടേക്കുക. ആരെയും അടിച്ചേല്‍പിക്കുന്നില്ല, കേറിപ്പിടിക്കുന്നുമില്ല.
ചിന്താസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും അല്‍പം എനിക്കും അനുവദിക്കാമെങ്കില്‍ പറയാം. എന്‍റെ വീര്‍പ്പുമുട്ടലിന് തെല്ലൊരാശ്വാസമാവട്ടെ. കേള്‍ക്കണമെന്ന് പോലും നിര്‍ബ്ബന്ധമില്ല.
ശാസ്ത്രം ദൈവമല്ല, ശാസ്ത്രത്തിന് അപ്രമാദിത്വവുമില്ല, ആധികാരികത പോലും അവകാശപ്പെടാനുമാവില്ല. മനുഷ്യന്‍ നടത്തുന്ന പരീക്ഷണ നിരീക്ഷണങ്ങളുടെ ഫലം. തെറ്റിയും തിരുത്തിയുമുള്ള മുന്നേറ്റം. മനുഷ്യന്‍റെയും മനുഷ്യബുദ്ധിയുടെയും മുഴുവന്‍ പരിമിതകള്‍ക്കും വിധേയം.
നാം ജീവിക്കുന്ന ലോകം! അനന്തമജ്ഞാതമവര്‍ണ്ണനീയം! ദൃശ്യാദൃശ്യ പ്രപഞ്ചങ്ങള്‍!! അറിവിലും അനുഭവത്തിലും വരാത്ത പ്രവിശാലമായ മേഖലകള്‍!! മൂര്‍ത്തവും അമൂര്‍ത്തവുമായ കാര്യങ്ങള്‍!! ഈ മേഖലകളില്‍ മുഴുവനും ശാസ്ത്രത്തിനു കടന്നു ചെല്ലാനാവില്ല. അവയില്‍ ശാസ്ത്രത്തിനു സാധ്യതയുള്ളത് അല്‍പം ചില മേഖലകളില്‍ മാത്രം. അമൂര്‍ത്തമോ അഭൌതികമോ അതിഭൌതികമോ ആയ മേഖലകളില്‍ ശാസ്ത്രത്തിന് എത്തിനോക്കാനാവില്ല.
കൃത്യമായി പറഞ്ഞാല്‍, ഭൌതിക ലോകത്ത് മനുഷ്യന്‍റെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് ഗോചരമാകുന്ന വസ്തുക്കളെ കുറിച്ച് അവന്‍ നടത്തുന്ന പരീക്ഷണ നിരീക്ഷണങ്ങളില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും ഒടുവിലത്തെ നിഗമനം മാത്രം. അതാണ് ശാസ്ത്രം. അല്ലാതെ, ശാസ്ത്രത്തിന് സമസ്ത മേഖലകളിലും കൈവെക്കാനാവില്ല. ശാസ്ത്ര നിരീക്ഷണങ്ങളെ കുറിച്ച് പരമസത്യമെന്നോ ആത്യന്തിക യാഥാര്‍ത്ഥ്യമെന്നോ പറയാനും പറ്റില്ല. യാഥാര്‍ത്ഥ്യബോധമുള്ള ശാസ്ത്ര ഗവേഷകന്മാര്‍ അങ്ങനെ അവകാശപ്പെടാറുമില്ല. ശാസ്ത്രം കൊണ്ട് ചെലവ് കഴിയുന്ന ബുദ്ധിജീകള്‍ വീരവാദം മുഴക്കാറുണ്ടെങ്കിലും.
ശാസ്ത്രത്തിന്‍റെ പേരില്‍ വിറ്റഴിക്കപ്പെടുന്നവയെല്ലാം ഒരു പോലെയല്ല. അവയില്‍ പരികല്‍പനകളും സിദ്ധാന്തങ്ങളും നിയമങ്ങളുണ്ട് (Hypothesis, Theories and Laws). തുടര്‍ന്നുള്ള നിരീക്ഷണ പരീക്ഷണങ്ങള്‍ക്കു വേണ്ടി നിര്‍ദ്ദേശിക്കപ്പെടുന്ന കേവല നിഗമനങ്ങള്‍ മാത്രമാണ് പരികല്‍പനകള്‍. കുറേയേറെ പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ടെങ്കിലും തെറ്റാനുള്ള സാധ്യത തള്ളിക്കളയാനാവത്തവയാണ് സിദ്ധാന്തങ്ങള്‍. ഭൌതിക പ്രതിഭാസങ്ങളെ കുറിച്ച് ആവര്‍ത്തിച്ചുള്ള പരീക്ഷണങ്ങളിലൂടെ തെളിയിച്ചെടുത്ത വസ്തുതകളാണ് ശാസ്ത്ര നിയമങ്ങള്‍.
പരികല്‍പനകളുടെയും സിദ്ധാന്തങ്ങളുടെയും കാര്യം വിട്ടേക്കുക. നൂറ്റാണ്ടുകളോളം അലംഘനീയം എന്ന് വിശ്വസിച്ച് പിന്തുടര്‍ന്നു പോന്നിരുന്ന ശാസ്ത്ര നിയമങ്ങള്‍ തന്നെ ഇടക്കിടെ ചോദ്യം ചെയ്യപ്പെടുന്നതും തകര്‍ന്നടിയുന്നതും നാം കണ്ടുകൊണ്ടിരിക്കുകയാണ്. ശാസ്ത്രത്തിനും ശാസ്ത്രീയതക്കും അതൊരു കളങ്കമല്ല. മറിച്ച്, ശാസ്ത്രം മുന്നേറുന്നു എന്നതിന്‍റെ ലക്ഷണമാണത്. ഭൌതിക വസ്തുക്കളുടെയും പ്രതിഭാസങ്ങളുടെയും ഘടനയെയും പ്രവര്‍ത്തന രീതിയെയും സംബന്ധിച്ച് നിരീക്ഷണ പരീക്ഷണങ്ങളിലൂടെ ലഭിക്കുന്ന ഏറ്റവും ഒടുവിലത്തെ പരിശോധനാ ഫലമായിട്ടാണ് ശാസ്ത്രകുതുകികള്‍ ശാസ്ത്രത്തെ കാണുന്നത്, അല്ലാതെ ആത്യന്തിക യാഥാര്‍ത്ഥ്യമായിട്ടല്ല എന്ന് നടേ സൂചിപ്പിച്ചുവല്ലോ. (Present verification of structure and behavior of the physical world through observation and experiment without ultimate reality)
ശാസ്ത്രമെന്നോ ശാസ്ത്രീയമെന്നോ കേള്‍ക്കുന്ന മാത്രയില്‍ ഏവരും പഞ്ചപുച്ഛമടക്കി സാഷ്ടാംഗം നമിക്കണം. ശാസ്ത്രത്തിന്‍റെ പേരില്‍ എഴുന്നള്ളിക്കുന്നതെന്തും വാ തൊടാതെ വിഴുങ്ങണം. ഇല്ലെങ്കില്‍ ഈ ശാസ്ത്ര യുഗത്തില്‍ ജീവിക്കാന്‍ നിങ്ങള്‍ അര്‍ഹരല്ല. മണ്ണിനടിയിലേക്ക് പൊയ്ക്കൊള്ളണം. ഇതാണ് ഇന്ന് ശാസ്ത്രത്തിന്‍റെ മുഖംമൂടിയണിഞ്ഞ് പാമരജനങ്ങളുടെ രക്തം ഊറ്റിക്കുടിക്കുന്ന ശാസ്ത്ര കൊതുകുകളുടെ നിലപാട്!!
അന്വേഷിക്കാനും ചോദ്യംചെയ്യാനും തെറ്റാനും തിരുത്താനുമുള്ള വേദിയാണ് ശാസ്ത്രം, അല്ലാതെ എതിര്‍ ശബ്ദങ്ങളെ അടക്കി നിര്‍ത്താനുള്ള മര്‍ദ്ദകോപകരണമല്ല. ചില ആര്‍ത്തിപ്പണ്ടങ്ങള്‍ ശാസ്ത്രത്തിന്‍റെ മുഖംമൂടിയണിഞ്ഞ് അധികാരികളെ സ്വാധീനിക്കുന്നു. ശാസ്ത്രത്തിന്‍റെ പേരും പറഞ്ഞ് നിയമത്തിന്‍റെ പിന്‍ബലത്തോടെ ജനങ്ങളെ കൊന്ന് രക്തമൂറ്റിക്കുടിക്കുന്നു. ഇത് മനസ്സിലാക്കാന്‍ കഴിയുന്ന വല്ല വൈദ്യന്മാരോ ചികിത്സാരികളോ ഉണ്ടെങ്കില്‍ കണ്ണടച്ചുകൊള്ളണം. മിണ്ടിപ്പോവരുത്. മിണ്ടിയാല്‍ ടിക്കറ്റ് കയ്യില്‍ തരും. അധികാരികളെല്ലാവരും വരും. ‘പൂര്‍ണ്ണ ബഹുമതികളോടെ’ യമപുരിയിലേക്കയക്കും.
നിയമത്തിന്‍റെ പിന്‍ബലത്തോടെ നടക്കുന്ന ഈ കൊള്ളയും കൊലയും കണ്ടാല്‍ ഒരു ഗുരുവും വൈദികനും വാ തുറക്കരുത്. തുറന്നാല്‍ എട്ടിന്‍റെ മുട്ടന്‍പണി നിങ്ങളെ കാത്തു നില്‍ക്കുന്നുണ്ടാവും. അമ്പടാ ! രാജ്യദ്രോഹീ.. ശാസ്ത്രവിരുദ്ധാ.. പിന്തിരിപ്പാ.. ഭീകരവാദി.. അത്രക്കായോ നീ..!! നിനക്കെതിരില്‍ ചുമത്താന്‍ വകുപ്പുകള്‍ എത്ര!!
ഇസ്ലാംമതവിശ്വാസികള്‍ ശ്രദ്ധിക്കുക. നിങ്ങളുടെ വിശ്വാസ പ്രമാണങ്ങള്‍ ശാസ്ത്രീയമായി പരിഷ്കരിച്ചിരിക്കുന്നു. നിങ്ങളുടെ കലിമയുടെ, അഥവാ സത്യസാക്ഷ്യവചനത്തിന്‍റെ പുനരാവിഷ്കരണം ഇങ്ങനെയാണ്: “ ശാസ്ത്രമല്ലാതെ മറ്റൊരു ആരാധ്യനുമേയില്ല. ശാസ്ത്ര കൊതുകുകള്‍ ദൈവദുതന്മാരാകുന്നു.” ഇത് മനസ്സിലുറപ്പിച്ച് നാവു കൊണ്ട് വെളിവാക്കി ഉറക്കെ പ്രഖ്യാപിച്ച് ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുക. അതിനു തയ്യാറല്ലെങ്കില്‍ റബ്ബര്‍ ബോട്ടില്‍ കേറി ഏതെങ്കിലും ഇരുണ്ട രാജ്യത്തേക്കോ അറിയപ്പെടാത്ത ദ്വീപിലേക്കോ അഭയാര്‍ത്ഥികളായി ദേശാടനം ചെയ്യുക. നിങ്ങള്‍ ശാസ്ത്രവിരുദ്ധരും രാജ്യദ്രോഹികളുമാണ്!!
ഇതൊരു മുഖവുരയാണ്. ഇനി കാര്യം പറയാം. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിനു കേരളം സാക്ഷ്യംവഹിച്ചിരിക്കുകയാണ്. അത് മനുഷ്യ നിര്‍മ്മിതമാണെന്നും അല്ലെന്നും രണ്ടു പക്ഷം. ഡാം മാനേജ്മെന്‍റിലെ അശാസ്ത്രീയതയും തുറന്നുവിട്ടതിലെ അപാകവുമാണ് കാരണം എന്ന് ഒരു വിഭാഗം. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കുന്നതിലുണ്ടായ പരാജയമാണെന്ന് മറ്റൊരു വിഭാഗം. മലയും പുഴയും കയ്യേറി പരിസ്ഥിതി സൌഹൃദമല്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി വികസന ആക്രോശവുമായി മുന്നോട്ടു പോയതാണ് കാരണം എന്ന് മറ്റൊരു വാദം. കസ്തൂരി രംഗനും മാധവ് ഗാഡ് ഗിലും പറഞ്ഞത് നടപ്പിലാക്കാത്തു കൊണ്ടാണെന്ന് പറയുന്നവര്‍ വേറെയും. ഘ്രാണശക്തി കൂടുതലുള്ളവര്‍ ഇതിലെല്ലാം രാഷ്ട്രീയം മണക്കുന്നു.
1924 ല്‍ ഇതു പോലൊരു പ്രളയമുണ്ടായി. ഇന്നത്തെ പോലെ പഴിചാരാന്‍ അന്ന് ഡാമുകളില്ല, അന്ന് ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ തൊണ്ണൂറോളം ചെറുതും വലുതുമായ ഡാമുകളുണ്ട്. അന്ന് പരിസ്ഥിതി സൌഹൃദമല്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്ല. മലയും പുഴയും കയ്യേറി പ്രകൃതിയുടെ സ്വാഭാവിക പ്രവാഹങ്ങള്‍ക്ക് മുമ്പില്‍ ആരും തടസ്സം സൃഷ്ടിച്ചിരുന്നില്ല. ഇന്ന് മെനഞ്ഞുണ്ടാക്കുന്ന കാരണങ്ങളൊന്നും അന്ന് പറയാനുണ്ടായിരുന്നില്ല. എന്നിട്ടും അത് സംഭവിച്ചു. അന്നത്തെ പ്രളയത്തില്‍ കരിന്തിരി മല തന്നെ കുത്തിയൊലിച്ചു പോയി.
ദുരന്തങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കുന്നു, നാം മെനഞ്ഞുണ്ടാക്കി പറയുന്ന കാരണങ്ങള്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും. എന്തിനു വേണ്ടി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നു എന്ന് വിശകലനം ചെയ്യാന്‍ ഭൌതിക ശാസ്ത്രത്തന്‍റെ സങ്കേതങ്ങളും സമവാക്യങ്ങളും മതിയാവില്ല. എന്ത്, എങ്ങനെ (What and How) എന്ന് പരിശോധിക്കാനേ ഭൌതിക ശാസ്ത്രത്തിനു നിര്‍വ്വാഹമുള്ളു. എന്തിനു വേണ്ടി (Why) എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ഭൌതിക ശാസ്ത്രം പര്യാപ്തമല്ല.
എന്ത്, എങ്ങനെ എന്ന ചോദ്യവും ഉത്തരവും ശാസ്ത്രീയമായ അറിവ് വര്‍ദ്ധിപ്പിക്കാം. എന്നാല്‍ എന്തിനു വേണ്ടി എന്ന ചോദ്യവും ഉത്തരവും അതിജീവനത്തിലേക്ക് വഴി തെളിയിക്കും. അതാണ് കൂടുതല്‍ ജീവിത സ്പര്‍ശിയായിട്ടുള്ളത്.
ദുരന്തങ്ങള്‍ പരീക്ഷണങ്ങളാണ്. പരീക്ഷണങ്ങള്‍ കുറിമാനങ്ങളാണ്. കുറിമാനങ്ങളില്‍നിന്ന് കാര്യങ്ങളുടെ പരിണിതി മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിയുന്നവന്‍ ബുദ്ധിശാലി. കണ്ടറിയാത്തവന്‍ കൊണ്ടറിയും.
എല്ലാ പരിധികളും ലംഘിച്ച് ലക്കും ലഗാനുമില്ലാതെ മുന്നോട്ടു കുതിക്കുന്ന അഹങ്കാരിയായ മനുഷ്യന്‍റെ മനസ്സില്‍ ഭീതി വിതച്ച് അവനെ പിടിച്ചു നിര്‍ത്തി വിവേകത്തിന്‍റെ വഴിയിലേക്ക് തിരിച്ചുവിടാന്‍ അല്ലാഹു ഇറക്കുന്ന പരീക്ഷണങ്ങളാണ് പ്രകൃതി ദുരന്തങ്ങള്‍. മനുഷ്യാ, നീ ആരുമല്ല, നിന്‍റെ കഴിവുകളും ശാസ്ത്രീയ നേട്ടങ്ങളും അല്ലാഹുവിന്‍റെ തീരുമാനങ്ങള്‍ക്ക് മുന്നില്‍ ഒന്നുമല്ല, നീ ആരെയൊക്കെ കൂട്ടുപിടിച്ചാലും അവയെ തടുക്കാന്‍ നിനക്കാവില്ല എന്ന് അവനെ ബോധ്യപ്പെടുത്തുകയാണ് ദുരന്തങ്ങള്‍ ചെയ്യുന്നത്. അല്ലാഹു പറയുന്നു: “ഭീതിപ്പെടുത്താനല്ലാതെ നാം ദൃഷ്ടാന്തങ്ങള്‍ ഇറക്കുന്നില്ല” (വി.ഖു. 17:59).
ദുരന്തങ്ങള്‍ ആവത്തിച്ചാലും പരീക്ഷണങ്ങള്‍ ഇറങ്ങിക്കൊണ്ടിരുന്നാലും വിവേകത്തിന്‍റെ പാതയിലേക്ക് തിരിച്ചു വരാന്‍ പിശാച് മനുഷ്യനെ സമ്മതിക്കില്ല. ദുരന്തങ്ങള്‍ എന്തിനുവേണ്ടി എന്ന ചോദ്യം അവന്‍ സമര്‍ത്ഥമായി വളച്ചൊടിക്കും. ദുരന്തങ്ങള്‍ എങ്ങനെയുണ്ടായി എന്നാക്കി മാറ്റും. എന്നിട്ട് കുറേ ഉത്തരങ്ങള്‍ അവന്‍ മെനഞ്ഞുണ്ടാക്കി ശാസ്ത്ര കൊതുകുകള്‍ക്ക് നല്‍കും.
“നൂറ്റാണ്ടിലെ മഹാപ്രളയം എന്തുകൊണ്ട്, എന്തുകൊണ്ട്, എന്തുകൊണ്ട്? ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം (Law Pressure) കൊണ്ട്, മേഘവിസ്ഫോടനം (Cloud Explosion) കൊണ്ട്, മാധവ് ഗാഡ് ഗിലിന്‍റെയും കസ്തൂരി രംഗന്‍റെയും റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കത്തതു കൊണ്ട്...”
അവര്‍ ദൈവസ്ഥാനത്ത് ശാസ്ത്രത്തെ പ്രതിഷ്ഠിക്കും. പിശാച് പഠിപ്പിച്ച മണ്ടത്തരങ്ങള്‍ സംപൂജ്യനായ ശാസ്ത്ര ദൈവത്തിന്‍റെ തിരുമൊഴികാളായി പ്രബോധനം ചെയ്യും. അതോടെ ശാസ്ത്രത്തിനും ശാസ്ത്ര കൊതുകുകള്‍ക്കും അപ്രമാദിത്വം കൈവരും. അവര്‍ പറയുന്നത് ലംഘിക്കാനോ ചോദ്യം ചെയ്യാനോ പാടില്ലാത്ത ദിവ്യവചനങ്ങളായി മാറും. അത് വാ തൊടാതെ വിഴുങ്ങാന്‍ പാവം ജനം നിര്‍ബ്ബന്ധിതരാവും.
രണ്ടു ഇംഗ്ലീഷ് വാക്കുകളും മൂന്ന് മുറിന്യായങ്ങളും നാലു ശാസ്ത്ര കൊതുകുകളും ഉണ്ടായാല്‍ മനുഷ്യബുദ്ധിയെ തട്ടിക്കൊണ്ടുപോയി വഴിതെറ്റിക്കാന്‍ പിശാചിനൊട്ടും ബുദ്ധിമുട്ട് വരില്ല.
പ്രളയം അവസാനിച്ചു. നമുക്ക് കിട്ടിയത്ത രണ്ട് ഇംഗ്ലീഷ് വാക്കുകള്‍. മറ്റൊരു പാഠവും നാം പഠിച്ചില്ല. നമ്മുടെ മനസ്സില്‍ തോന്നിത്തുടങ്ങിയ ഭീതി പിശാച് ശാസ്ത്രത്തെയും ശാസ്ത്രീയ വിശദീകരണങ്ങളെയും കൂട്ടുപിടിച്ച് മായ്ച്ചു കളഞ്ഞു. പേടിക്കേണ്ടതില്ല, അത് Law Pressure, Cloud Explosion എന്നീ പ്രതിഭാസങ്ങള്‍ മൂലം ഉണ്ടായതാണ്. അതിനെ നമുക്ക് ശാസ്ത്രീയമായി നേരിടാവുന്നതേയുള്ളു. ഇതോടെ വിവേകത്തിലേക്ക് തിരിച്ചു പോകാനുള്ള ഉള്‍പ്രേരണയും ഇല്ലാതായി.
ശാസ്ത്രത്തെ വളച്ചൊടിക്കുകയും ദുരുപയോഗം ചെയ്യുകയുമാണിവിടെ.ഞാന്‍ ഉറക്കെ വിളിച്ചു പറയും. ഇത് ശാസ്ത്രമല്ല, ശാസ്ത്ര ധര്‍മ്മവുമല്ല. നിങ്ങള്‍ എന്നെ കല്ലെറിയൂ. പക്ഷെ എനിക്ക് രാജാവ് നഗ്നനാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല.
അബു ത്വാരിഖ് സുബൈർ حفظه الله تعالى

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.