Thursday, September 27, 2018

സ്വഹീഹുൽ ബുഖാരിയും വിമർശകരും - 6

ഇമാം ബുഖാരി റഹിമഹുള്ളാ തന്റെ പഠനവും ഗവേഷണവും ചെറുപ്രായത്തിൽ തന്നെ തുടങ്ങി. ലക്ഷക്കണക്കിന് ഹദീസുകൾ അതിന്റെ സനദ് (നിവേദക പരമ്പര) അടക്കം ഹൃദിസ്ഥമാക്കുകയും അതിനേക്കാൾ എത്രയോ അധികം ഹദീസുകൾ ശേഖരിച്ചു രേഖപ്പെടുത്തുകയും ചെയ്തു.
തന്റെ 16-മത്തെ വയസ്സിൽ ഹദീസ് തേടി യാത്രയാരംഭിച്ച അദ്ദേഹം അക്കാലത്തു മുഹദ്ധിസുകൾ ജീവിച്ച എല്ലാ നഗരങ്ങളിലും ഹദീസന്വേഷിച്ചു ചുറ്റിക്കറങ്ങി. ഹദീസുകൾ ശേഖരിക്കുന്നതിൽ ഉൽക്കടമായ താൽപര്യം പുലർത്തിയ ബുഖാരി അതിന്റെ വിശ്വാസ്യതയും സത്യസന്ധതയും ഉറപ്പു വരുത്താൻ കണിശമായ നിബന്ധനകൾ വെച്ചു. അക്കാരണത്താൽ തന്നെ സമകാലീനരും അദ്ദേഹത്തിന്റെ പിന്മുറക്കാരുമായ പ്രഗത്ഭ മുഹദിസുകളുടെയും ഉലമാക്കളുടെയും പ്രശംസക്ക് അദ്ദേഹം പാത്രമായി. അലി അൽ മദീനി, ഇമാം അഹ്‌മദ്‌ യഹ്‌യ ബിൻ മഈൻ, അബ്ദുള്ള അൽ തന്നീസി, ഹകം ബിൻ നാഫിഉ, അബ്ദുള്ള അൽ മുസ്നദി, ഫുദൈൽ ബിൻ ദുകൈൻ, ഹാഷിം അൽ തയാലിസി, ഇസ്‌ഹാഖ്‌ ബിൻ റാഹൂയ, തുടങ്ങി നെടുകായന്മാരായ മുഹദ്ധിസുകളായിരുന്നു അദ്ദേഹത്തിന്റെ ഗുരുക്കന്മാർ.
ഇമാം മുസ്‌ലിം, ഇമാം ഇബ്‌നു ഖുസൈമ, ഇമാം നസാഈ, ഇമാം തുർമുദി, ഇമാം ഇബ്‌നു അബിദ്ദുൻയാ തുടങ്ങി പേരുകേട്ട ശിഷ്യ ഗണങ്ങളും, അബു ഹാതിം അൽ റാസി, അബു സുർഅ അൽ റാസി, ഇബ്‌നു അബീ ആസിം, ഇബ്‌റാഹീം ഇബ്നുൽ ഹർബീ തുടങ്ങിയ സതീർഥ്യരും അദ്ദേഹത്തിനുണ്ടായിരുന്നു.
ഇമാം അഹ്‌മദ്‌, അലി അൽ മദീനി, യഹ്‌യ ബിൻ മഈൻ തുടങ്ങിയ ഹദീസ് നിദാന ശാസ്ത്രത്തിലെ അതികായന്മാരുടെ സൂക്ഷ്മ നിരീക്ഷണത്തിൽ നിന്ന് കറ കളഞ്ഞു ഒരു ഹദീസ് സ്വീകാര്യയോഗ്യമായി വിധിക്കപ്പെടുകയെന്നത് വലിയ കാര്യം തന്നെയാണ്. അവരുടെ പരിശോധനകളുടെ കടമ്പ കടന്ന ഹദീസ് ഗ്രന്ഥമാണ് ഇമാം ബുഖാരിയുടെ സ്വഹീഹുൽ ബുഖാരി. അത് കൊണ്ട് തന്നെ സ്വഹീഹുൽ ബുഖാരിയെ വിമർശിക്കുന്നവർ സഹതാപം പോലുമർഹിക്കുന്നില്ല. മുസ്‌ലിം ഉമ്മത്ത് സ്വഹീഹ് എന്ന് വിലയിരുത്തുകയും പരിഗണിക്കുകയും ചെയ്യുന്ന സ്വഹീഹുൽ ബുഖാരിയിലെ പല ഹദീസുകളും സ്വന്തം ബുദ്ധിയുടെയും യുക്തിയുടെയും അടിസ്ഥാനത്തിൽ ഖുർആനിന് യോജിക്കാത്തതെന്ന് അഭിപ്രായപ്പെടുന്ന ആളുകൾ ഒരൽപം ആലോചിക്കുന്നത് നല്ലതാണ്. കേരളത്തിൽ ജമാഅത്തെ ഇസ്‌ലാമിയിലും മുജാഹിദ് പ്രസ്ഥാനത്തിലുമൊക്കെ പ്രവർത്തിക്കുന്ന പല പ്രാസംഗികരും സ്വഹീഹുൽ ബുഖാരിയുടെ നിലവാരം ഇടിച്ചു സംസാരിക്കുന്നവരായുണ്ട്. പ്രത്യേകിച്ച് മർകസ് ദഅവ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മുജാഹിദുകളിലെ നല്ലൊരു പങ്കു പ്രാസംഗികരും ഇതിന്റെ വക്താക്കളാണ്. ജിന്ന്, സിഹ്ർ കണ്ണേറ് , നമസ്കാരത്തിലെ സുത് റ, തുടങ്ങിയ വിഷയങ്ങളിലുള്ള ഹദീസുകൾ ഇവർക്ക് സ്വീകാര്യമേയല്ല. ഇത്തരം ഹദീസുകളെ ദുർവ്യാഖ്യാനിക്കലോ നിഷേധിക്കലോ ഒക്കെയാണ് അവർക്കിന്ന് ആദർശം. വാസ്തവത്തിൽ സ്വഹീഹുൽ ബുഖാരിയിലെ ഹദീസുകൾ നിരൂപണം നടത്തുകയും അവയിൽ ചിലതിന് വിമർശനം രേഖപ്പെടുത്തുകയും ചെയ്ത ഇമാം ദാറഖുത്വ് നി തൊട്ട് ശൈഖ് അൽബാനി വരെയുള്ള മുഹദ്ധിസുകളിൽ ഒരാൾ പോലും മുകളിൽ പറഞ്ഞ വിഷയങ്ങളിൽ ആക്ഷേപം ഉന്നയിക്കുകയോ സ്വഹീഹുൽ ബുഖാരിയിലെ തത്സംബന്ധമായ ഹദീസുകളെ നിരാകരിക്കുകയോ ചെയ്തിട്ടില്ല. പിന്നെ എന്താണ് ഇവരുടെ വാദത്തിന്റെ ആധാരമെന്ന് ചോദിക്കുമ്പോൾ പ്രാമാണികരായ പറയാൻ പറ്റുന്ന ഒരാളുടെ പേരു പോലും പറയാൻ സാധിക്കാറില്ല. സുന്നത്തിന്റെ ശത്രുക്കളും ഹവയുടേയും ബിദ്അതിന്റെയും സഹയാത്രികരും റാഫിദികളുമൊക്കെ സ്വഹീഹുൽ ബുഖാരിക്കെതിരെ പടച്ചു വിടുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അതേപടി ഏറ്റെടുക്കുയാണ് ഈ വിവരദോഷികൾ.
ചുരുക്കത്തിൽ, ഇമാം ബുഖാരിയുടെ ഉദ്യമം വൃഥാവിലാവുകയോ സ്വഹീഹുൽ ബുഖാരി അന്യവൽക്കരിക്കപ്പെടുകയോ ചെയ്തിട്ടില്ല. സുന്നത്തിനെ സ്നേഹിക്കുന്ന ആളുകളുടെ കയ്യിൽ അള്ളാഹു ഉദ്ദേശിച്ച കാലമത്രയും അത് നിലനിൽക്കുകയും അതിന്റെ രചയിതാവ് ഇമാം ബുഖാരി റഹിമഹുള്ളാ ദീപ്തമായി സ്മരിക്കപ്പെടുകയും ചെയ്യും.

ബഷീർ പുത്തൂർ
http://sahab-salafiyyah.blogspot.com/

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.