Wednesday, September 26, 2018

സ്വഹീഹുൽ ബുഖാരിയും വിമർശകരും - 5

അംഗശുദ്ധി വരുത്തി രണ്ടു റക്അത്തു ഇസ്തിഖാറത് നമസ്കരിച്ചു കൊണ്ടായിരുന്നു ഇമാം ബുഖാരി റഹിമഹുള്ളാഹ് ഓരോ ഹദീസും അതി സുക്ഷമമായി പരിശോധിക്കുകയും അതിലെ കതിരും പതിരും വേർതിരിക്കുകയും ചെയ്തിരുന്നത്.
ഹദീസുകൾ സ്വീകരിക്കുന്നതിൽ മറ്റൊരു മുഹദിസും സ്വീകരിക്കാത്ത സൂക്ഷ്മവും ശക്തവുമായ നിബന്ധനകൾ നിശ്ചയിക്കുകയും തന്റെ കർശന നിബന്ധനകൾക്ക് വിധേയമായ ഹദീസുകൾ മാത്രം അദ്ദേഹം സ്വഹീഹിൽ ഉൾപ്പെടുത്തുകയും ചെയ്തു. താൻ ശേഖരിച്ച ഹദീസുകൾ സ്വഹീഹ് തന്നെയാണെന്ന് ഉറപ്പു വരുത്താൻ ആയിരക്കണക്കിന് ഹദീസ് നിവേദകരെ സസൂക്ഷ്മം പഠിക്കുകയും അവരുടെ ജീവിതവും ചുറ്റുപാടും സഹവാസവും യാത്രയും ഗുരു-ശിഷ്യ ബന്ധങ്ങളും, ജനന-മരണവും അതി സൂക്ഷ്മം നിരീക്ഷിക്കുകയും വിശകലനം നടത്തുകയും ചെയ്തു. തദടിസ്ഥാനത്തിൽ ഓരോ ഹദീസിനെക്കുറിച്ചും നിർണ്ണയം നടത്തുകയും വിധി രേഖപ്പെടുത്തുകയും ചെയ്തു. തികഞ്ഞ അറിവിന്റെയും പകരം വെക്കാനില്ലാത്ത അനുഭവത്തിന്റെയും അടിത്തറയിൽ പാകിയ ഒരമൂല്യ കൃതിയാണ് സ്വഹീഹുൽ ബുഖാരി.
ഹദീസ് നിതാന ശാസ്ത്രം (علم الحديث) ഉൽകൃഷ്ടമായ ഒരു വിജ്ഞാന ശാഖയാണ്. അതിൽ ഹദീസുകളുടെ ന്യുനതകൾ കണ്ടെത്തൽ (معرفة علل الحديث) അതിനേക്കാൾ ഉൽകൃഷ്ടവും സ്തുത്യർഹവുമായ കലയാണ്. നല്ല ഉൾക്കാഴ്ചയും കഠിനാദ്ധ്വാനവും അത്യന്താപേക്ഷിതമായ ഈ വിജ്ഞാന ശാഖയിൽ പ്രാവീണ്യമുണ്ടാവുകയെന്നത് നിസ്സാര കാര്യമല്ല. ഹദീസിന്റെ നിവേദക പരമ്പരയിലുള്ള അശ്രദ്ധരും, ആരോപിതരും (കളവ്, കെട്ടിയുണ്ടാക്കൽ, മറവി, ആശയക്കുഴപ്പം,) അഭിപ്രായ വൈരുദ്ധ്യമുള്ളവരുമൊക്കെയായ നിവേദകരെക്കുറിച്ചു പ്രത്യേകവും സൂക്ഷ്മവുമായ പഠനം നടത്തുകയും, ഹദീസ് വന്നിട്ടുള്ള വ്യത്യസ്തങ്ങളായ മുഴുവൻ വഴികളും (طرق الحديث ) സമാഹരിക്കുകയും അതിൽ നിരീക്ഷണം നടത്തുകയും ചെയ്യാൻ അങ്ങേയറ്റത്തെ കഴിവും പാടവവുമുള്ള ക്രാന്തദർശികളായ വിരളം മുഹദ്ദിസുകൾക്കു മാത്രമേ സാധിക്കുകയുള്ളൂ. അത്തരം അപൂർവ്വം മുഹദ്ധിസുകളിൽ അഗ്രഗണ്യനായിരുന്നു ഇമാം ബുഖാരി റഹിമഹുള്ളാ !
സ്വഹീഹുൽ ബുഖാരിയിലെ ഹദീസുകൾ സ്വഹീഹ് ആണ് എന്നതിന് മുസ്‌ലിം ഉമ്മത്തു സാക്ഷിയാണ്. സ്വഹീഹുൽ ബുഖാരി നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് സ്ഥിരപ്പെട്ട ഹദീസുകൾ ക്രോഡീകരിക്കപ്പെട്ട പ്രൗഢ ഗ്രന്ഥമാണെന്ന് അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്തു കൊണ്ട് തന്നെ, അതിലെ ചില ഹദീസുകൾക്കോ, ഏതാനും പദ പ്രയോഗങ്ങൾക്കോ വിമർശനം രേഖപ്പെടുത്തിയ മുഹദിസുകളുണ്ട്.
അത്തരം നിരൂപകരിൽ പ്രമുഖനായ ഒരാളാണ് ഇമാം ദാറഖുത്വ് നീ റഹിമഹുള്ളാ. എന്തു കൊണ്ടും ഇൽമുൽ ഹദീസിൽ തലയെടുപ്പും ഇലലുൽ ഹദീസിൽ ഇമാം ബുഖാരിയോട് തുലനം ചെയ്യാൻ മാത്രം പ്രാഗൽഭ്യവുമുള്ള അദ്ദേഹത്തിന്റെ നിരൂപണത്തിനു ഓരോന്നിനും അക്കമിട്ടു ഇമാം ഇബ്‌നു ഹജറുൽ അസ്ഖലാനി റഹിമഹുള്ളാ ഫത് ഹുൽ ബാരിയുടെ മുഖദ്ധിമയിൽ മറുപടി പറയുന്നുണ്ട്. 'ഹദിയുസ്സാരീ മുഖദ്ധിമത്തു ഫത് ഹിൽ ബാരീ' എന്ന പേരിൽ ഒരു വേറിട്ട ഗ്രന്ഥമായിത്തന്നെ ഇന്നത് ലഭ്യമാണ്. ഹദീസിന്റെ സ്വീകാര്യതയെ ബാധിക്കാത്ത വിധത്തിൽ ഹദീസിന്റെ സനദിലോ മത് നിലോ ഉള്ള പദങ്ങളിലെ വ്യത്യാസവും പോരായ്മകളുമൊക്കെയല്ലാതെ ഇതിൽ മറ്റൊന്നുമില്ല.
വിശ്രുത ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിക്കും അതിന്റെ രചയിതാവായ ഇമാം ബുഖാരിക്കുമുള്ള വിമർശനങ്ങളെക്കുറിച്ചു പ്രതിപാദിക്കുമ്പോൾ പരാമർശിക്കപ്പെടേണ്ട ചില വസ്തുതകളുണ്ട്. ഇമാം ദാറഖുത്വ് നീയുടെയും അബു മസ് ഊ ദുദിമശ്ഖിയുടേയുമെല്ലാം നിരൂപണങ്ങൾ നിലവാരമുള്ളവയും അഗാധമായ പാണ്ഡിത്യത്തിന്റെ അടയാളവുമായിരുന്നെങ്കിൽ ഉലൂമുൽ ഹദീസിനെക്കുറിച്ചോ മുഹദ്ധിസുകൾ കടന്നു പോയ കനൽ പഥങ്ങളെക്കുറിച്ചോ ഉള്ള കേട്ടറിവ് പോലുമില്ലാത്ത ആധുനികരായ ചില എഴുത്തുകാരും പ്രാസംഗികരും സ്വഹീഹുൽ ബുഖാരിയിലെ പല ഹദീസുകളെയും വിമർശിക്കാനും നിരൂപണം നടത്താനും ധൃഷ്ടരായിട്ടുണ്ട്. സ്വന്തം ബുദ്ധിയുടെയും യുക്തിയുടെയും അടിസ്ഥാനത്തിൽ പ്രമാണങ്ങളെ സമീപിക്കുന്ന ഈയാളുകൾ ഇമാം ബുഖാരിക്കു തെറ്റ് പറ്റില്ലേ ? അദ്ദേഹം മനുഷ്യനല്ലേ എന്നൊക്കെ ചോദിക്കുന്നത് മുഹദ്ധിസുകളുടെ സൂക്ഷ്മതയെക്കുറിച്ചും ഹദീസ് സ്വീകരിക്കുന്നതിലും പരിശോധിക്കുന്നതിലും അവർ കാണിച്ച ജാഗ്രതയെക്കുറിച്ചുമുള്ള അറിവില്ലായ്‌മ കൊണ്ടാണ്. ബുഖാരിയിലെ പല ഹദീസുകളും തോട്ടിലെറിയണമെന്നു പറയുന്നവരും സ്വഹീഹുൽ ബുഖാരി മൊത്തമായി കത്തിക്കണമെന്നു പറയുന്നവരുമായ ഇവർ നവോദ്ധാനത്തിൻറെ വക്താക്കളായാണ് അറിയപ്പെടുന്നത്. നമുക്കവരോട് പറയാനുള്ളത്, നിങ്ങൾ എറിയുന്ന കല്ലുകൾ എത്തുന്ന ദൂരപരിധിയിൽ നിന്നും എത്രയോ ഉയരത്തിലാണ് ഇമാം ബുഖാരിയും അദ്ദേഹത്തിന്റെ സ്വഹീഹും. ഒരാവർത്തി പോലും സ്വഹീഹുൽ ബുഖാരി വായിക്കുകയോ അതിന്റെ ഒരു വ്യാഖ്യാന ഗ്രന്ഥം പോലും മുഴുവനായി കാണുകയോ ചെയ്യാത്ത നിങ്ങൾക്ക് സുന്നത്തിന്റെ സംരക്ഷകരെയും അവർ അനുഭവിച്ച ത്യാഗത്തിന്റെയും വില ഉൾക്കൊള്ളാൻ കഴിയില്ല.

കൂട്ടത്തിൽ എടുത്തു പറയേണ്ട ഒരു കാര്യം, ഇമാം ബുഖാരി റഹിമഹുള്ളാ നേരിട്ട തീഷ്ണമായ പരീക്ഷണങ്ങളാണ്. തന്റെ സമകാലീനനും തനിക്കു താൻ പോന്നവനും തന്റെ സ്വഹീഹിൽ ഹദീസുകൾ രിവായത് ചെയ്ത വ്യക്തിയും എണ്ണപ്പെട്ട മുഹദ്ധിസുകളിൽ ഒരാളുമായ മുഹമ്മദ് ബിൻ യഹ്‌യ അൽ ദുഹ്‌ലിയുമായി ഉണ്ടായ വ്യക്തിപരമായ ചില അസ്വാരസ്യങ്ങൾ അദ്ദേഹത്തെ വല്ലാതെ പ്രയാസപ്പെടുത്തുകയും നാട്ടിൽ നിന്ന് നിഷ്കാസിതനാകാൻ പോലും കാരണമാവുകയും ചെയ്തു. ഒടുവിൽ തന്റെ പേരിൽ ഇല്ലാത്ത ആരോപണങ്ങൾ പ്രചരിക്കപ്പെടുകയും ഖുർആൻ അള്ളാഹുവിന്റെ സൃഷ്ടിയാണ് എന്ന വചനശാസ്ത്ര വാദം അദ്ദേഹത്തിന്റെ മേൽ കെട്ടി വെക്കപ്പെടുകയും ചെയ്തു. അതിന്റെ ഭവിഷ്യത്തു കഴുകിക്കളയാനാണ് ഇമാം ബുഖാരി "ഖൽക്കു അഫ്ആലിൽ ഇബാദ്" എന്ന ഗ്രന്ഥം തന്നെ രചിക്കുന്നത്.
ഫലമുള്ള വൃക്ഷത്തിലാണല്ലോ കല്ലെറിയുക. ഇസ്‌ലാമിന് വേണ്ടി ത്യാഗം സഹിക്കുകയും അതിന്നു വേണ്ടി പരീക്ഷണങ്ങൾ ഏറ്റു വാങ്ങുകയും ചെയ്ത അഹ്‌ലുസ്സുന്നത്തിന്റെ പകരം വെക്കാനില്ലാത്ത ഇമാമാണ് ഇമാം മുഹമ്മദ് ബിൻ ഇസ്മായീൽ അൽ ബുഖാരി റഹിമഹുള്ളാ

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.