Saturday, June 30, 2018

​ഫിത്ന എന്നാല്‍...

​ഫിത്ന എന്നാല്‍...

പരീക്ഷണം അതാണ് ഫിത്നയുടെ അര്‍ത്ഥം. രണ്ടു മേഖലയിലാണ് ഫിത്ന സംഭവിക്കുക-ദീനിലും ദേഹങ്ങളി ലും. ദീനില്‍ പരീക്ഷിക്കപ്പെടുക സംശയങ്ങളിലൂടെയും അവ്യക്തതകളിലൂടെയുമായിരിക്കും. അറബിയില്‍ അ തിനു ‘ശുബുഹാത്’ എന്ന് പറയും. ദേഹങ്ങളില്‍ പരീക്ഷിക്കപ്പെടുക പ്രലോഭനങ്ങള്‍, പ്രകോപനങ്ങള്‍, പീഢന ങ്ങള്‍ മുതലായ മാര്‍ഗ്ഗങ്ങളിലൂടെയുമായിരിക്കും.


സംശയരോഗം

ദീനില്‍ പരീക്ഷിക്കപ്പെടണമെങ്കില്‍ അവ്യക്തതയും സംശയങ്ങളും വേണം. ദീനില്‍ മതിയായ അറിവുണ്ടെങ്കില്‍ ഫിത്നയില്‍നിന്ന് രക്ഷനേടാം. പണ്ഡിതന്മാര്‍ക്ക് കാര്യങ്ങളില്‍ വ്യക്തതയുണ്ടാകും. സംശയങ്ങളില്‍നിന്ന് മുക്തരു മായിരിക്കും. അതുകൊണ്ട് അവര്‍ ഫിത്നയില്‍ അകപ്പെടുന്നില്ല. പാമരന്മാര്‍ സംശയങ്ങളിലായിരികും. ഫിത്ന അവരെ അനായാസം പിടികൂടുകയും ചെയ്യും. ഹസന്‍ അല്‍ബസ്വ് രി –റഹിമഹുല്ലാഹ്- പറയുന്നു: "ഫിത്ന വരുമ്പോള്‍ തന്നെ പണ്ഡിതന്മാര്‍ അത് തിരിച്ചറിയുന്നു. അത് പിന്തിരിഞ്ഞുപോയതിനു ശേഷം മാത്രമായിരി ക്കും പാമരന്മാര്‍ മനസ്സിലാക്കുക".


വിവരദോഷികള്‍
പാമരന്മാര്‍ക്ക് പ്രമാണ രേഖകള്‍ തന്നെ അറിയണമെന്നില്ല. അതിനാല്‍ അവര്‍ സംശയങ്ങളിലും അവ്യക്തകളിലും കഴിച്ചുകൂട്ടേണ്ടിവരും. അല്‍പജ്ഞാനികള്‍ക്ക് പ്രമാണ രേഖകള്‍ അറിയാമെങ്കില്‍ തന്നെ, അതിന്‍റെ ശരിയായ അര്‍ത്ഥമോ വ്യാഖ്യാനമോ ഉദ്ദേശ്യലക്ഷ്യങ്ങളോ പ്രയോഗരീതികളോ അറിയില്ല. അതുകൊണ്ടുതന്നെ, സംശയങ്ങളുടെയും അവ്യക്തതകളുടെയും പടുകുഴികളിലൂടെയുള്ള അവരുടെ ചാഞ്ചാട്ടം അവസാനിക്കുന്നില്ല. അവരെ കുറിച്ച്, അന്ധന്‍റെ വടി പോലെ എവിടെ കുത്തുമെന്ന് പറയാനുമാവില്ല.


ജ്ഞാനികള്‍ നേരിനൊപ്പം
സത്യാസത്യങ്ങള്‍ വ്യവഛേദിക്കാനാവാത്ത കാര്യങ്ങള്‍ ഫിത്നഃയാണ്. അവയെ സൂക്ഷിച്ച് വിട്ടുനില്‍ക്കണം. ഇബ്നു ബാസ് –റഹിമഹുല്ലാഹ്- പറയുന്നു: "ഫിത്നഃയുമയി ബന്ധപ്പെട്ട ജാഗ്രത പുലര്‍ത്തണമെന്ന് പറയുന്ന ഹദീസുകള്‍, പണ്ഡിതന്മാര്‍ പ്രയോഗിക്കുന്നത് സത്യവാനെയും അസത്യവാദിയെയും മനസ്സിലാക്കാന്‍ പറ്റാത്ത വിധമുള്ള ഫിത്നഃകളുടെ കാര്യത്തിലാണ്. അത്തരം ഫിതനകളില്‍ ജാഗ്രത പാലിക്കുക എന്നത് ഒരു വിശ്വാസിക്ക് നിര്‍ബ്ബന്ധമാണ്. ‘അവയില്‍ (ഫിത്നയില്‍), ഇരിക്കുന്നവന്‍ നില്‍ക്കുന്നവനെക്കാളും ഉത്തമാനാണ്, നടക്കുന്നവന്‍ ഓടുന്നവനെക്കാളും ഉത്തമനാണ്’ എന്ന ഹദീസുകൊണ്ട് നബി ﷺ ഉദ്ദേശിച്ചിരിക്കുന്നത് അത്തരം ഫിത്നകളെയാണ്. എന്നാല്‍ സത്യവാനെയും അസത്യവാദിയെയും, മര്‍ദ്ദകനെയും മര്‍ദ്ദിതനെയും വേര്‍തിരിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ മേല്‍ ഹദീസിന്‍റെ പരിധിയില്‍പെടില്ല. മറിച്ച്, ഖുര്‍നിലെയും സുന്നത്തിലെയും വചനങ്ങള്‍ രേഖപ്പെടുത്തുന്നത് സത്യവാനെയും മര്‍ദ്ദിതനെയും, വ്യജവാദിക്കും മര്‍ദ്ദകനുമെതിരില്‍ സഹായിക്കല്‍ നിര്‍ബ്ബന്ധമാണെന്നു തന്നെയാണ്."


ഫിത്നയില്‍പെട്ടുവോ...?!!
ഫിത്നയില്‍പെട്ടുവോ ഇല്ലയോ എന്നറിയാന്‍ നമുക്കൊരു വഴിയുണ്ട്. ഹുദൈഫ رضي الله عنه അത് വിവരിക്കുന്നത് കാണുക: "നിങ്ങളിലാരാള്‍ തന്നെ ഫിത്ന ബാധിച്ചുവോ ഇല്ലയോ എന്നറിയാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ വിലയിരുത്തേണ്ടത് ഇക്കാര്യമാണ്: ഹറാമായി കണ്ടിരുന്നത് ഇപ്പോള്‍ താന്‍ ഹലാലായി കാണുന്നുവോ? എങ്കില്‍ തനിക്ക് ഫിത്ന ബാധിച്ചിരിക്കുന്നു. ഹലാലായി കണ്ടിരുന്നത് താന്‍ ഇപ്പോള്‍ ഹറാമായി കാണുന്നുവോ? എങ്കിലും തനിക്ക് ഫിത്ന ബാധിച്ചിരിക്കുന്നു". (ഹാകിം)


വാല്‍ക്കഷ്ണം
ഇതുവരെ ലഭിക്കാത്ത ഒരു പ്രമാണരേഖ പുതുതായി ലഭിച്ചാല്‍, അല്ലെങ്കില്‍ സ്വഹാബത്ത് പ്രമാണവാക്യങ്ങള്‍ക്ക് നല്‍കിയ ഒരു ആധികാരിക വ്യാഖ്യാനം മുമ്പ് കിട്ടാത്തത് ഇപ്പോള്‍ കിട്ടിയാല്‍ അത് സ്വീകരിക്കുന്നത് സത്യവും ന്യായവും മാത്രമാണ്. അത് സ്വീകരിക്കാതിരിക്കുന്നതാണ് ഫിത്ന. എന്നാല്‍, പുതുതായി ലഭിച്ച ഒരു രേഖയുടെ (അല്ലാഹു പറഞ്ഞു, റസൂല്‍ പറഞ്ഞു, സ്വഹാബത് പറഞ്ഞു) പിന്‍ബലത്തിലല്ലാതെ പുതിയ നിലപാടുകള്‍, വീക്ഷണങ്ങള്‍. സമീപനങ്ങള്‍ അഭിപ്രായങ്ങള്‍ എഴുന്നള്ളിക്കുന്നവരുടെ ഓര്‍മ്മയിലിരിക്കട്ടെ, "തങ്ങള്‍ ഫിത്നയിലാണ്...!!! "

അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്‌

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.