Tuesday, May 22, 2018

തറാവീഹ് നമസ്കാരവും സക്കരിയ്യ സ്വലാഹിയുടെ പുതിയ വെളിപാടും - 2

#തറാവീഹിന്റെ #എണ്ണം #പതിനൊന്നു #തന്നെ !

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം റമദാനിലോ അല്ലാത്ത കാലത്തോ രാത്രിയിൽ പതിനൊന്നു റക്അത്തിൽ കൂടുതലായി നമസ്കരിച്ചിട്ടില്ല എന്ന, സ്വഹീഹുൽ ബുഖാരിയിലും സ്വഹീഹ് മുസ്‌ലിമിലും വന്ന മഹതിയായ ആയിഷ റദിയള്ളാഹു അൻഹയിൽ നിന്നുള്ള പ്രസിദ്ധമായ ഹദീസും, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം സ്വഹാബത്തിന്റെ കൂടെ പള്ളിയിൽ വെച്ച് എട്ടു റക്അത്തു ജമാഅത്തായി നമസ്കരിച്ചു എന്ന ജാബിർ റദിയള്ളാഹു അൻഹുവിന്റെ ഹദീസും നബിയോ സ്വഹാബികളോ പതിനൊന്നിൽ കൂടുതൽ രാത്രി കാലത്തു നമസ്കരിച്ചിട്ടില്ല എന്നതിന് വ്യക്തമായ തെളിവാണ്. മറിച്ചൊരു തെളിവ് അതായത് പതിനൊന്നിൽ കൂടുതൽ നബിയോ സ്വഹാബികളോ നമസ്കരിച്ചതായി - അതെത്രയായാലും - സ്വഹീഹ് ആയ സനദിലുടെ രിവായതു ചെയ്യപ്പെട്ടിട്ടില്ല.

അപ്പോൾ രാത്രി നമസ്കാരത്തിന്റെ വിഷയത്തിൽ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ അമലും സ്വഹാബത്തിന്റെ ഫഹ് മും ഒന്നാണെന്ന് വരുന്നു. അത് കൊണ്ട് തന്നെയാണ് അവരാരും പതിനൊന്നിലധികം നമസ്കരിക്കാതിരുന്നതും.

ഒരു സത്യവിശ്വാസിയെ സംബന്ധിച്ചേടത്തോളം അവൻ പിന്തുടരേണ്ടത് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് സ്ഥിരപ്പെട്ടു വന്ന കാര്യങ്ങളാണ്. ഇക്കാര്യത്തിൽ സലഫുകളടക്കം മദ്ഹബിന്റെ ഇമാമുമാരിൽ ആർക്കും തർക്കമേയില്ല.

ഇമാം ശാഫീ റഹിമഹുള്ളയുടെ ഒരു വാക്കു ഇവിടെ പ്രസക്തമാണ്. " നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് ഒരു സുന്നത്തു സ്ഥിരപ്പെട്ടു വന്നുവെന്നു ഒരാൾക്ക് ബോധ്യപ്പെട്ടാൽ മറ്റൊരാളുടെ വാക്കിനു വേണ്ടിയും അത് ഉപേക്ഷിക്കുന്നത് ഉചിതമല്ല" ഇത് പോലെ മറ്റു മദ്ഹബിന്റെ ഇമാമുമാർ അടക്കം സലഫുകളിൽ നിന്ന് ധാരാളമായി ഉദ്ധരിക്കാൻ കഴിയും. ( വിശദ വായനക്ക് ഷെയ്ഖ് അൽബാനി റഹ്മത്തുള്ളാഹി അലൈഹിയുടെ " സ്വിഫത്തു സ്വലാ- പേജ് 43 തൊട്ടു പരിശോധിക്കുക)

എട്ടിലധികം എത്രയുമാകാമെന്നു അവകാശപ്പെടുന്നവർ ഉന്നയിക്കുന്ന പ്രധാന തെളിവ്, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം മിമ്പറിലായിരിക്കെ ഒരു സ്വഹാബി വന്നു നബിയുടെ രാത്രി നമസ്കാരത്തെക്കുറിച്ചു ചോദിച്ച സംഭവമാണ്. അപ്പോൾ " രണ്ടു വീതം നമസ്കരിക്കുകയും സുബ്ഹ് ഭയപ്പെട്ടാൽ ഒരു റക്അത്തു വിത്ർ ആക്കുകയും ചെയ്യും" എന്ന ഹദീസാണ്. ഈ ഹദീസിൽ രണ്ടു റക്അത്തു വീതമാണ് നമസ്‌കരിച്ചത് എന്ന് മാത്രമേ പ്രതിപാദിച്ചിട്ടുള്ളൂവെന്നും നമസ്കാരത്തിന്റെ എണ്ണം ഇതിൽ നിജപ്പെടുത്തിയിട്ടില്ലായെന്നും അവകാശപ്പെടുന്നു.

പതിനാലാം രാവിലെ ആയിരം പൂർണ ചന്ദ്രന്മാരുടെ ശോഭയോടെ വെട്ടി തിളങ്ങുന്ന സ്വഹീഹും, സ്വരീഹുമായ ഹദീസ് വന്ന ഒരു വിഷയത്തിൽ, വിദൂര സാധ്യതയുള്ള വ്യാഖ്യാനങ്ങളിലേക്കു പോവുകയും, മുൻ ചൊന്ന ഹദീസിന്റെ അടിസ്ഥാനത്തിൽ റക്അത്തുകളുടെ എണ്ണത്തിന്റെ ക്ലിപ്തത വ്യക്തമാക്കുമ്പോൾ, 'തർക്കമെന്നു' വിശേഷിപ്പിക്കുകയും " ഇതിൽ തർക്കം അനാവശ്യം" എന്ന് പറഞ്ഞു എതിർ വീക്ഷണക്കാരെ നിശ്ശബ്ദരാക്കുകയും ചെയ്യാൻ പ്രയത്നിക്കുകയും ചെയ്യുന്നതിന്റെ പേരെന്താണ്?

ഖുർആനായാലും ഹദീസായാലും മുത് ലഖിനെ മുഖയ്യദിലേക്കും മുജ്‌മലിനെ മുഫസ്സറിലേക്കും മടക്കണമെന്നത് പൊതു തത്വമല്ലേ? ഒരു മസ് അല ചർച്ച ചെയ്യുമ്പോൾ അതിന്റെ ബാബിൽ വന്ന മുഴുവൻ ഹദീസുകളും ജംഉ ചെയ്യണമെന്നതിൽ ലോകത്തു മുഹദ്ധിസുകളും മുഫസ്സിറുകളും, ഉലമാക്കളും ഫുഖഹാക്കളും ഉസൂലികളുമായ മുഴുവൻ ആളുകൾക്കുമിടയിൽ തർക്കമില്ലാത്ത കാര്യമല്ലേ? രാത്രി നമസ്കാരവുമായി ബന്ധപ്പെട്ട വിഷയത്തിൽ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം റമദാനിലോ അല്ലാത്ത സമയത്തോ എട്ടു റക്അത്തിൽ കൂടുതൽ നമസ്കരിക്കാറുണ്ടായിരുന്നില്ല എന്ന ഹദീസിന്റെ ഫഹ്മു എന്താണ്? അത് നൽകുന്ന സന്ദേശമെന്താണ്? അതിൽ നിന്ന് ലഭിക്കുന്ന ഇൽമ് എന്താണ്?

ഇത് ചോദിക്കുമ്പോൾ മാത്രം " ഈ വിഷയത്തിൽ പരസ്പരം തർക്കം പാടില്ല" എന്ന മറുപടിയാണ് ലഭിക്കുക. സഹോദരന്മാരെ, ഈ വിഷയത്തിലെന്നല്ല ദീനിൽ ഒരു വിഷയത്തിലും തർക്കം പാടില്ല. അതിനർത്ഥം തെളിവുകളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ട ഒരു കാര്യം പറയരുതെന്നോ വ്യക്തമാക്കരുതെന്നോ ആണെന്ന് ആരും തെറ്റിദ്ധരിക്കരുത്. മറിച്ചു, ഒരു കാര്യത്തിൽ പ്രമാണങ്ങളോട് ഏറ്റവും അടുത്ത് നിൽക്കുന്നതും തെളിവുകളുടെ ആധികാരികതയുടെ ബലത്തിൽ മുന്തി നിൽക്കുന്നതും സ്വീകരിക്കുകയാണ് വേണ്ടത്. മുസ്ലീം ലോകത്തു ഇരു പക്ഷത്തും ദലീലുകളുടെ സാന്നിധ്യമുള്ള എത്രമാത്രം ഭിന്ന സ്വരമുള്ള മസ്അലകളുണ്ട്? സ്ത്രീകളുടെ മുഖം മറക്കൽ, നമസ്കാരത്തിൽ സുജൂദിലേക്കു പോകുമ്പോൾ കൈകളാണോ അതല്ല കാൽമുട്ടാണോ ആദ്യം വെക്കേണ്ടത്, അത്തഹിയ്യാത്തിൽ വിരൽ അനക്കൽ.... തുടങ്ങി എത്രയെത്ര കർമശാസ്ത്ര വിഷയങ്ങൾ !

എതിരഭിപ്രായങ്ങളെ സഹിഷ്ണുതയോടെ അംഗീകരിച്ചു കൊണ്ട് തന്നെ വിഷയത്തിന്റെ നിജസ്ഥിതി ഇന്നതാണ് എന്ന് വ്യക്തമാക്കുന്നതിൽ ഒരു പിശുക്കും കാണിക്കേണ്ടതില്ല.

ആയിഷ റദിയള്ളാഹു അൻഹയുടെ ഈ വിഷയത്തിലുള്ള ഹദീസ് നിസ്സാരമായി തള്ളിക്കളയാൻ കഴിയുന്ന ഒന്നല്ല. സ്വഹാബികൾക്കിടയിൽ മതപരമായ വിഷയങ്ങളിൽ അവർക്കു സമശീർഷരായി ഖലീഫമാരെപ്പോലെ ചുരുക്കം ആളുകളേയുള്ളു. അവരുടെ അറിവും നിരീക്ഷണ പാടവവും പുകൾപെറ്റതാണ്. എന്നല്ല, ഒരു വേള പല സ്വഹാബികളെയും പല വിഷയങ്ങളിലും അവർ തിരുത്തിയ സംഭവങ്ങളുണ്ട്. ഇമാം ജലാലുദ്ധീൻ സുയൂഥ്വിയുടെ " ഐനുൽ ഇസ്വാബ ഫീ ഇസ്തിദ്റാകി ആയിഷ അല സ്വഹാബ" എന്ന ഗ്രന്ഥം അതിലേക്കുള്ള വ്യക്തമായ നിദർശകമാണ്.

കേരള മുസ്‌ലിംകളിക്കിടയിൽ, നദ്‌വത്തുൽ മുജാഹിദീൻ അണികളിൽ ഏതെങ്കിലും മസ് അലകളിൽ കൃത്യമായ നിലപാടുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിലൊന്നാണ് തറാവീഹിന്റെ റക്അത്തുകളുടെ എണ്ണത്തിന്റെ കാര്യത്തിലുള്ളത്. അതിലാണ് ഈ സ്വലാഹി കാലിട്ടിളക്കി ചളിയാക്കി പണ്ഡിതൻ ചമഞ്ഞു മീൻ പിടിക്കാൻ നോക്കുന്നത് !

ചുരുക്കത്തിൽ, തറാവീഹ് നമസ്കാരത്തിന്റെ എണ്ണത്തിൽ യാതൊരു സംശയത്തിനും പഴുതില്ല. ഷെയ്ഖ് അൽബാനി റഹിമഹുള്ളാ പറഞ്ഞത് പോലെ, എത്രയും നമസ്കരിക്കാവുന്ന മുത്വലഖ് ആയ നമസ്‌കാരമല്ല രാത്രി കാല നമസ്കാരം. നബിയും സ്വഹാബത്തും വിത്ർ അടക്കം പതിനൊന്നിലധികം നമസ്‌കരിച്ചതായി ഖണ്ഡിതമായി തെളിയിക്കപ്പെട്ടിട്ടുമില്ല

2 comments:

  1. Swalahiyude 1 year mumbulla dharsil ninnum aaro cut cheyth irekkiya clipanu 20 rekathine sambhandhich vannittullathennum, aa dharsinte avsanethil 8 rekathanu aflalennum, swalahiyum ath thannanu niskarikunnathennumokke,swalahi thanne aa cut cheytha clippine athirthukond parenjathayttu ariv kittiyittund. Allahu alam

    ReplyDelete
  2. 'അതിലാണ് ഈ സ്വലാഹി കാലിട്ടിളക്കി ചളിയാക്കി പണ്ഡിതൻ ചമഞ്ഞു മീൻ പിടിക്കാൻ നോക്കുന്നത് !'

    സഹോദരാ, ഇത്തരം വ്യക്തിഹത്യ നടത്തുന്ന നിങ്ങളുടെ വാക്കുകൾ എന്തിന്റെ പേരിലാണ് വായനക്കാർ മുഖവിലക്കെടുക്കേണ്ടത്?

    ReplyDelete

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.