Tuesday, May 22, 2018

തറാവീഹ് നമസ്കാരവും സകരിയ്യാ സ്വലാഹിയുടെ പുതിയ വെളിപാടും - 1

ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങൾ ഖുർആനും സ്ഥിരപ്പെട്ട സുന്നത്തുമാണെന്ന് അറിയാത്തവർ ചുരുക്കമായിരിക്കും. ഇസ്‌ലാം മതത്തെക്കുറിച്ചു പഠിക്കുകയും പരിശോധിക്കുകയും ചെയ്യുന്ന ആളുകൾക്ക് ഏതായാലും ഇക്കാര്യം അന്യമാവുകയില്ല.
ഒരു സത്യവിശ്വാസിയെ സംബന്ധിച്ചേടത്തോളം, പ്രമാണങ്ങൾ മനസ്സിലാക്കുകയും അതിന്റെ താൽപര്യങ്ങൾക്കനുസൃതമായി ജീവിതം കെട്ടിപ്പടുക്കുകയും ചെയ്യേണ്ടതുണ്ട്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു
تَرَكْتُ فِيكُمْ أَمْرَيْنِ لَنْ تَضِلُّوا مَا تَمَسَّكْتُمْ بِهِمَا: كِتَابَ اللهِ وَسُنَّةَ نَبِيِّهِ
" രണ്ടു കാര്യങ്ങൾ ഞാൻ നിങ്ങളിൽ വിട്ടേച്ചു പോകുന്നു. അവ രണ്ടും നിങ്ങൾ മുറുകെപ്പിടിക്കുന്ന കാലത്തോളം നിങ്ങൾ വഴി പിഴച്ചു പോവുകയില്ല. അള്ളാഹുവിന്റെ കിതാബും റസൂലിന്റെ ചര്യയുമത്രെയത്."
ഇമാം അഹ്‌മദ്‌ റഹിമഹുള്ളാ പറഞ്ഞു
دين النبيِّ محمدٍ أخبارُ ** نعمَ المطيةُ للفتى آثارُ!
لا ترغبنَّ عن الحديث وأهله ** فالرأي ليلٌ والحديث نهارُ
"മുഹമ്മദ് നബിയുടെ ദീൻ നിലകൊള്ളുന്നത് വൃത്താന്തങ്ങളിലാണ്. ഒരു യുവാവിന് യാത്ര ചെയ്യാൻ എത്ര നല്ല വാഹനമാണ് അവിടെ നിന്നുള്ള വചനങ്ങൾ. അത് കൊണ്ട് ഹദീസിൽ നിന്നും അതിന്റെ അഹ്ലുകാരിൽ നിന്നും നീ അതൃപ്തി കാണിക്കരുത്. നിരീക്ഷണങ്ങൾ രാത്രിയാണെങ്കിൽ ഹദീസുകൾ പകലുകളാണ്. "
ഇങ്ങിനെ സുന്നത്തു പിൻപറ്റുന്നതിന്റെ പ്രാധാന്യവും സവിശേഷതയും ഉൽഘോഷിക്കുന്ന ധാരാളം ഹദീസുകളും കാണാം.
വിഷയത്തിലേക്കു വരാം. ഈയിടെയായി നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ രാത്രി നമസ്കാരത്തെക്കുറിച്ചു വളരെ തെറ്റിധാരണ ജനകവും സാധാരണ ജനങ്ങളിൽക്കിടയിൽ കടുത്ത ആശയക്കുഴപ്പവും സൃഷ്ട്ടിക്കുന്ന തരത്തിൽ തറാവീഹ് നമസ്കാരത്തിലെ റക്അത്തുകളുടെ എണ്ണം പതിനൊന്നിൽ കൂടുതൽ എത്രയും നമസ്കരിക്കാമെന്നും അതിൽ ആരും ആരെയും ആക്ഷേപിക്കേണ്ടതില്ലെന്നും വാദിച്ചു കൊണ്ട് സക്കരിയ്യ സ്വലാഹി എന്ന ആൾ എഴുതിയ ഒരു ലേഖനം ശ്രദ്ധയിൽ പെടുകയുണ്ടായി.
ഇവിടെ, വിഷയവുമായി ബന്ധപ്പെട്ടു ചില കാര്യങ്ങൾ ആമുഖമായി സൂചിപ്പിക്കുകയാണ്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ രാത്രി നമസ്കാരത്തെക്കുറിച്ചു ഒരു പാട് ഹദീസുകൾ സ്വഹീഹ് ആയി വന്നിട്ടുണ്ട്. അവയിൽ ഏറ്റവും ശ്രദ്ധേയവും പരിഗണനാർഹവുമായ ഹദീസ് ആയിഷ റദിയള്ളാഹു അൻഹയിൽ നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും രിവായതു ചെയ്യുന്ന ഹദീസ് ആണ്.
അബു സലമ ഇബ്ൻ അബ്ദുറഹ്മാൻ റദിയള്ളാഹു അൻഹുവിൽ നിന്ന്. അദ്ദേഹം ആയിഷ റദിയള്ളാഹു അൻഹയോട് ചോദിക്കുകയാണ്. " എങ്ങിനെയായിരുന്നു നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ റമദാനിലെ നമസ്കാരം? അവർ പറഞ്ഞു " റമദാനിലോ അല്ലാത്തപ്പോഴോ അദ്ദേഹം പതിനൊന്നു റക്അതിൽ കൂടുതൽ വർദ്ധിപ്പിക്കാറുണ്ടായിരുന്നില്ല. ...."
മുസ്‌ലിമിലും ഇബ്നു അബീ ശൈബയിൽ നിന്നുള്ള മറ്റൊരു രിവായത്തിൽ, " അദ്ദേഹത്തിന്റെ റമദാനിലെ നമസ്‌കാരം, ഫജ്‌റിന്റെ രണ്ടു റക്അത് അടക്കം, പതിമൂന്നു റക്അതായിരുന്നു എന്ന് വന്നിട്ടുണ്ട്. ഇമാം മാലികിൽ നിന്നുള്ള മറ്റൊരു രിവായത്തിലും അദ്ദേഹത്തിൽ നിന്ന് ഇമാം ബുഖാരിയും ആയിഷ റദിയള്ളാഹു അൻഹയിൽ നിന്ന് തന്നെ " അദ്ദേഹം രാത്രിയിൽ പതിമൂന്നു റക്അതായിരുന്നു നമസ്കരിക്കാറുണ്ടായിരുന്നത്. സുബ്ഹ് ബാങ്ക് കേട്ടാൽ പിന്നെ ലളിതമായ വിധത്തിൽ രണ്ടു റക്അത് കുടി നമസ്കരിക്കും. " തുടർന്ന് കൊണ്ട് ഹാഫിദ് ഇബ്നു ഹജർ റഹിമഹുള്ളാ പറയുന്നു " ഇത് പ്രത്യക്ഷത്തിൽ ആദ്യത്തേതിന് എതിരാണ്. ഇവിടെ രാത്രി നമസ്കാരത്തിലേക്കു ഇശാ നമസ്കാരത്തിന്റെ സുന്നത്തു കൂടി ചേർത്തതാകാനാണ് സാധ്യത. ഇനി മുസ്ലിമിൽ തന്നെയുള്ള മറ്റൊരു രിവായത്തിൽ " അദ്ദേഹം രാത്രി നമസ്കാരം നേരിയ രണ്ടു റക്അത് കൊണ്ടായിരുന്നു ആരംഭിച്ചിരുന്നതു എന്നും കാണാം.
ജാബിർ ഇബ്ൻ അബ്ദുല്ലാ റദിയള്ളാഹു അന്ഹുവിന്റെ ഹദീസിന്റെ അടിസ്ഥാനത്തിൽ, ശൈഖ് നാസിറുദ്ധീൻ അൽബാനി റഹിമഹുള്ളായുടെ പറയുന്നത് അത് ഇശാ നമസ്കാരത്തിന്റെ സുന്നത്തു ആകാനാണ് സാധ്യതയെന്നാണ്.
ജാബിർ റദിയള്ളാഹു അൻഹുവിൽ നിന്ന് " ഞങ്ങളുമായി നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം റമദാൻ മാസത്തിൽ എട്ടു റക്അത്തു നമസ്കരിക്കുകയും വിത്ർ ആക്കുകയും ചെയ്തു. അടുത്ത ദിവസം ഞങ്ങൾ പള്ളിയിൽ ഒരുമിച്ചു കൂടി അദ്ദേഹത്തെ കാത്തിരുന്നു. അങ്ങിനെ തന്നെ നേരം പുലർന്നു. പിന്നീട് അദ്ദേഹം വന്നു. അപ്പോൾ ഞങ്ങൾ ചോദിച്ചു. " അള്ളാഹുവിന്റെ ദൂതരെ, ഇന്നലെ രാത്രി താങ്കൾ ഞങ്ങളോടൊത്തു നമസ്കരിക്കുമെന്ന പ്രതീക്ഷയിൽ ഞങ്ങൾ പള്ളിയിൽ ഒരുമിച്ചു കൂടിയിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു " നിശ്ചയമായും അത് നിങ്ങൾക്ക് നിർബന്ധമാക്കപ്പെടുമോ എന്ന് ഞാൻ ഭയപ്പെട്ടു പോയി "
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ രാത്രി നമസ്കാരവുമായി ബന്ധപ്പെട്ടു ഏറ്റവും സ്വീകാര്യമായ നിലയിൽ രിവായതു ചെയ്യപ്പെട്ട ഹദീസുകളാണ് ഇതെല്ലാം. ഇതിനർത്ഥം ഈ വിഷയത്തിൽ വേറെ സ്വഹീഹ് ആയ ഹദീസുകൾ ഇല്ലാ എന്നല്ല. മറിച്ചു റമദാനിലോ അല്ലാത്ത കാലത്തോ റക്അത്തുകളുടെ എണ്ണമടക്കം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ രാത്രി നമസ്കാരത്തെക്കുറിച്ചു കൃത്യമായ ചിത്രം ഈ ഹദീസുകൾ അനാവരണം ചെയ്യുന്നു.
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ രാത്രി നമസ്കാരവുമായി ബന്ധപ്പെട്ടു ഏറ്റവും സ്വീകാര്യമായ നിലയിൽ രിവായതു ചെയ്യപ്പെട്ട ഹദീസുകളാണ് ഇതെല്ലാം. ഇതിനർത്ഥം ഈ വിഷയത്തിൽ വേറെ സ്വഹീഹ് ആയ ഹദീസുകൾ ഇല്ലാ എന്നല്ല. മറിച്ചു റമദാനിലോ അല്ലാത്ത കാലത്തോ റക്അത്തുകളുടെ എണ്ണമടക്കം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ രാത്രി നമസ്കാരത്തെക്കുറിച്ചു കൃത്യമായ ചിത്രം ഈ ഹദീസുകൾ അനാവരണം ചെയ്യുന്നു. റക്അത്തുകളുടെ എണ്ണം കൃത്യമായ നിലക്ക് വന്നിട്ടില്ല എന്ന ധാരണ ശെരിയല്ല എന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാകും.
രാത്രി നമസ്കാരം പതിനൊന്നിൽ കൂടുതൽ, ഇരുപതും, മുപ്പത്തഞ്ചും അതിൽ കൂടുതൽ എത്രയുമാകാമെന്നുമൊക്കെ അഭിപ്രായപ്പെട്ട പണ്ഡിതന്മാരുണ്ട്. അവരുടെ അറിവിനെയും ഇജ്തിഹാദിനെയും അംഗീകരിച്ചു കൊണ്ട് തന്നെ പറയട്ടെ, നബിയോ സ്വഹാബികളോ പതിനൊന്നിൽ കൂടുതലായി നമസ്കരിച്ചുവെന്നതിന് ഖണ്ഡിതമായ രേഖകളില്ല എന്നതാണ് വാസ്തവം. ഇക്കാര്യം നാസിറുദ്ധീൻ അൽബാനി റഹിമഹുള്ളാ തന്റെ "സ്വലാത്തു തറാവീഹ് " എന്ന ഗ്രന്ഥത്തിൽ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം റമദാനിൽ ഇരുപതു റക്അത്തു നമസ്കരിച്ചു എന്ന ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹുവിന്റെ ഹദീസും ഉമർ റദിയള്ളാഹു അൻഹു നമസ്കരിച്ചു എന്ന ഹദീസുമെല്ലാം അദ്ദേഹം വിശകലനം ചെയ്യുകയും അതിന്റെയെല്ലാം സനദുകളിലെ ദുർബലത അദ്ദേഹം അതിൽ വിശദമാക്കുകയും ചെയ്തിട്ടുണ്ട്.
ഇവിടെ സ്വാഭാവികമായും ആളുകൾ ഉന്നയിക്കാറുള്ള ഒരു ചോദ്യം, എന്ത് കൊണ്ടാണ് ഹറമിൽ പതിനൊന്നിൽ കൂടുതൽ നമസ്കരിക്കുന്നത്, ഇബ്നു തീമിയയും ഇമാം അഹ്‌മദും പതിനൊന്നിൽ അധികമാവാമെന്നു പറഞ്ഞിട്ടുണ്ടല്ലോ, ഇബ്നു ബാസും സ്വാലിഹുൽ ഉസൈമീനും പറഞ്ഞത് അങ്ങനെയല്ലേ തുടങ്ങിയ ഒട്ടനവധി ചോദ്യങ്ങൾ. ഇതിനു വളരെ ലളിതവും സംവേദനത്തിനു ഉതകുന്നതുമായ മറുപടി, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയോ സ്വാഹാബത്തോ പതിനൊന്നു റക്അത്തിൽ അധികം രാത്രി നമസ്കാരം നിർവ്വഹിച്ചതായി അവരാരെങ്കിലും തെളിവ് പറഞ്ഞിട്ടുണ്ടോ? എങ്കിൽ ആ തെളിവാണ് സ്വീകരിക്കേണ്ടത്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ വാക്കിനു എതിരാവുന്ന ഒരാളുടെ വാക്കും സ്വീകരിക്കരുതെന്നും അവ തള്ളിക്കളയണമെന്നും നമ്മെ പഠിപ്പിച്ചവരാണവർ.
" രാത്രി നമസ്കാരം രണ്ടു വീതമാണ് , സുബ്ഹ് നമസ്കാരത്തിന് സമയമായി എന്ന് ഭയപ്പെട്ടാൽ നിങ്ങൾ ഒരു റക്അത്തു വിത്ർ ആക്കുക" എന്ന ഹദീസിനെ വ്യാഖ്യാനിച്ചു കൊണ്ടാണ് ഭൂരിഭാഗം ഉലമാക്കളും പതിനൊന്നിലധികം നമസ്കരിക്കുന്നത് കൊണ്ട് വിരോധമില്ല എന്ന് പറഞ്ഞത്. അതായത് രണ്ടു റക്അത്തു വീതം പുലരുവോളം എത്രയും നമസ്കരിക്കാം എന്ന് ഈ ഹദീസിനെ വ്യാഖ്യാനിച്ചു കൊണ്ട് അവർ പറയുകയാണ് ചെയ്തത്. വാസ്തവത്തിൽ റക്അത്തിന്റെ എണ്ണം പറയുന്നതു ആയിഷ ബീവിയുടെ ഹദീസിലാണ്. അത് വളരെ വ്യക്തവുമാണ്. രണ്ടു വീതം നമസ്കരിച്ചുവെന്ന ഹദീസിൽ അതിന്റെ രൂപവുമാണ് വരുന്നത്.
ഏതായാലും, ഒരു മസ്അലയിൽ വ്യക്തമായ നസ്വിന് വിരുദ്ധമായ നിലപാടുകൾ എങ്ങിനെയാണ് നമുക്ക് സ്വീകരിക്കാൻ കഴിയുക? ഈ വിഷയത്തിൽ സ്വഹീഹായ ഒരു ഹദീസിനെ വ്യാഖ്യാനിച്ചു കൊണ്ടാണ് പതിനൊന്നിൽ കൂടുതൽ ആകാമെന്നതിനു തെളിവായി പ്രധാനമായും പറഞ്ഞിട്ടുള്ളത്. പിന്നെയുള്ളത് പതിനൊന്നിൽ അധികം നമസ്കരിച്ചു എന്ന ദുർബലമായ ഹദീസുകൾ മാത്രമാണ്.
ഏതായാലും, ഷെയ്ഖ് അൽബാനി റഹിമഹുള്ളാ, ശനിയാഴ്ച ദിവസത്തിൽ സുന്നത്തായ നോമ്പുകളുടെ വിഷയത്തിൽ സ്വീകരിച്ച പോലെ അതീവ സൂക്ഷ്മവും കർക്കശവുമായ നിലപാടാണ് തറാവീഹിന്റെ വിഷയത്തിലും സ്വീകരിച്ചത് എന്നത് പ്രത്യേകം സ്മര്യമാണ്. ഈ വിഷയത്തിന്റെ നിജസ്ഥിതി ബോധ്യപ്പെട്ട ഒരാളെ സംബന്ധിച്ചേടത്തോളം, അതിൽ ഉറച്ചു നിൽക്കലും വ്യാഖ്യാനപരമായി നിലപാടെടുത്തവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ടത് അനിവാര്യവുമാണ്‌. ഭൂരിഭാഗം ആളുകളും ഉലമാക്കളും എടുത്ത നിലപാടാണ് ശെരി എന്നോ, ആരെയും ഈ വിഷയത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്താൻ പാടില്ലെന്നോ കരുതുന്നത് ഒരിക്കലും ന്യായമല്ല.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.