Tuesday, July 12, 2016

എന്തു കൊണ്ടു "സലഫിസം" ? - 1

എന്തു കൊണ്ടു "സലഫിസം" ? - 1

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ പ്രഥമസംബോധിതരായ അനുചരന്മാർ, അഥവാ സ്വഹാബത്ത്, മതം എന്ന നിലയിൽ, മനസ്സിലാക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്ത കാര്യങ്ങൾ അതിന്റെ പൂർണമായ വിശുദ്ധിയിൽ സ്വീകരിക്കുകയും അതു അതു പോലെ തിരുത്തലില്ലാതെ സ്വീകരിക്കുകയും ചെയ്യുന്നവരാണ് സാങ്കേതികമായി സലഫികൾ എന്നത് കൊണ്ടു വിവക്ഷിക്കപ്പെടുന്നത്.

ഖുർആൻ, ഹദീസ് ( നബിചര്യ) തുടങ്ങിയ പ്രമാണവാക്യങ്ങളുടെ വായനയിലും പ്രയോഗവൽക്കരണത്തിലുമുള്ള വൈരുധ്യങ്ങൾ നിമിത്തമാണ് ഇന്ന് മുസ്‌ലിംകളിൽ നിലനിൽക്കുന്ന ഭിന്നവീക്ഷണങ്ങൾ ഉടലെടുത്തത്.

ഒരാൾക്ക് ഞാൻ നബിചര്യയാണ് പിൻപറ്റുന്നത് എന്നു പറയാൻ കാര്യമായ പ്രയാസം ഉണ്ടാവില്ല. പക്ഷെ, സൂക്ഷ്മമായി വിഷയം വിലയിരുത്തുമ്പോൾ അതത്ര എളുപ്പമല്ല, എന്നു മാത്രമല്ല, മഹാഭൂരിപക്ഷത്തിന്റെ സഹകരണം കിട്ടുകയുമില്ല എന്നു മനസ്സിലാക്കാം.

വ്യക്തിയുടെ താൽപര്യങ്ങളും ചേഷ്ടകളും മാറ്റി വെച്ചു നബിയുടെ അനുചരന്മാർ ദീനിനെ എങ്ങിനെ മനസ്സിലാക്കുകയും അമൽ ചെയ്തു ആചരിക്കുകയും ചെയ്തു എന്നു കണ്ടെത്തുകയും അതു ജീവിതധർമമായി അനുഷ്ഠിക്കുകയും ചെയ്യുന്നത് പുണ്യകരമാണ് എന്നതിൽ സംശയത്തിന് അവകാശമേയില്ല. ഇക്കാര്യം കൃത്യമായി മനസ്സിലാക്കുകയും അനുധാവനം ചെയ്യുകയും ചെയ്യുന്നതിലാണ് പലരും പരാജയപ്പെടുകയും പിന്നാക്കം പോവുകയും ചെയ്തത്.

കേരളത്തിൽ, മുസ്‌ലിം നവോദ്ധാനരംഗത്തു ഒരു കാലത്തു നിറഞ്ഞു നിന്ന ഇസ്‌ലാഹീ പ്രസ്ഥാനം എന്ന മുജാഹിദ് പ്രസ്ഥാനം ഏറെക്കുറെ, ഖുർആനും സുന്നത്തും സ്വഹാബത്തിന്റെ ധാരണക്ക് അനുസൃതമായി പിന്തുടരുന്ന രീതി സ്വീകരിച്ചവരായിരുന്നു. എന്നാൽ പുതിയ കാലത്തെ സാഹചര്യത്തിന്റെ സാമൂഹിക സമ്മർദ്ദങ്ങളും ബഹുസ്വര സമൂഹത്തിന്റെ സ്വാധീനവും മതപരമായ വിഷയങ്ങളിലുള്ള സൂക്ഷ്മമായ ധാരണക്കുറവും നിമിത്തം ഒരിക്കലും തിരിച്ചു വരാൻ കഴിയാത്ത വിധം അതു അതിന്റെ ആദ്യ കാല ലക്ഷ്യങ്ങളിൽ നിന്നും പിറകോട്ടു പോയി. മാത്രമല്ല, പലവുരു പിളർന്നു തളർന്നു പോയ പ്രസ്തുത പ്രസ്ഥാനത്തിന്റെ ഒരു വലിയ വിഭാഗം, നബിചര്യയിൽ നിന്നും വിട്ടകന്നു "മതേതര ഇസ്‌ലാമിന്റെ" വക്താക്കളായി മാറിയെന്നതു ആശ്ചര്യകരം മാത്രമല്ല, ഏറെ സങ്കടകരം കൂടിയാണ്. 'മതേതര ഇസ്‌ലാം' എന്നത് കൊണ്ടു ഉദ്ദേശിച്ചത് സ്വഹാബത്ത് മനസ്സിലാക്കിയ പോലെ ദീൻ സ്വീകരിക്കുകയെന്ന ശെരിയായ നിലപാടിന് വിരുദ്ധമായി, സ്വന്തം ബുദ്ധിയുടെയും താൽപര്യത്തിന്റെയും സാമൂഹിക സാഹചര്യങ്ങളുടേയുമൊക്കെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ശറഇന്റെ താൽപര്യങ്ങൾ സൗകര്യപൂർവ്വം ബലി കഴിക്കുകയും, സലഫുകൾ അങ്ങിനെയായിരുന്നുവെന്നു തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുക.

പല വിഷയങ്ങളിലും മുസ്‌ലിം ലോകത്തു, പ്രാമാണിക പണ്ഡിതന്മാർ സ്വീകരിച്ച പൊതുനിലപാടിനെ നിരാകരിക്കുകയും സ്വന്തമായ രീതികളും നിലപാടുകളും തീർത്തു അപനിർമാണം നടത്തുകയും ചെയ്യുന്നത് ബോധപൂർവ്വം തന്നെയാണ്. ഉദാഹരണത്തിന് പുരുഷന്മാർ താടി വളർത്തുകയും, വസ്ത്രം കണങ്കാലിന് മുകളിലാക്കുകയും ചെയ്യുക, സ്ത്രീകൾ മുഖാവരണം ധരിക്കുക, തുടങ്ങിയ, സലഫുകളുടെ ജീവിതത്തിൽ അഭിപ്രായവ്യത്യാസം പോലുമില്ലാത്ത വിഷയങ്ങൾ സ്വീകരിക്കുന്ന ആളുകളെ, "തീവ്ര നിലപാടുകാരും" "അനുഷ്ഠാന" വിഷയങ്ങളിൽ അസഹിഷ്ണുക്കളും ആണെന്ന് പ്രചരിപ്പിക്കുക. ഇത്തരം പ്രസ്താവനകളിലൂടെ സാധാരണക്കാരായ അനുവാചകരെ തെറ്റിദ്ധരിപ്പിക്കാനാണ് അവർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം വിഷയങ്ങൾ പരിശോധനക്ക് വിധേയമാക്കുമ്പോൾ, ഇതു സത്യസന്ധമോ വസ്തുതാപരമോ അല്ലായെന്നു എളുപ്പം ബോധ്യപ്പെടും. സത്യത്തിൽ മുജാഹിദ് പ്രസ്ഥാനത്തിൽ ഇത്തരം അടിസ്ഥാനരഹിതവും പ്രമാണത്തിന്റെ താൽപര്യങ്ങൾക്കു നിരക്കാത്തതുമായ നിലപാടുകൾക്ക് മേൽകൈ ലഭിക്കാനുള്ള ഒരു കാരണം, കേരളക്കരയിലേക്കു ഇസ്‌ലാമികാദർശങ്ങൾ കടന്നു വന്ന ഈജിപ്ത്യൻ കൈവഴിയുടെ വിശുദ്ധമല്ലാത്ത ഉറവിടമാണ്. മുകളിൽ പറഞ്ഞതിനോട് സമാനമോ അതിനേക്കാൾ അപകടകരമോ പല നിലപാടുകളും ഈ പ്രസ്ഥാനം "ഐസിസ്" കാലത്തു വ്യാപകമായി മാർക്കെറ്റ് ചെയ്യുന്നുണ്ട്. "തീവ്ര സലഫിസമെന്നോ" "അസഹിഷ്ണുത"യെന്നോ ഇങ്ങിനെ എന്തു പേരിട്ടു വിളിച്ചാലും ശെരി, സത്യം ഊതിക്കെടുത്താൻ കഴിയില്ലെന്നും, നിലനിൽക്കുന്ന അശാന്തിയുടെ നാളങ്ങൾ അടങ്ങുമെന്നും, ആത്യന്തിക വിജയം സലഫുകളുടെ മൻഹജ്‌ പിന്തുടരുന്നവർക്കായിരിക്കുമെന്നും സവിനയം ഓർമപ്പെടുത്തുന്നു.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.