Friday, March 18, 2016

ആയിഷ റദിയള്ളാഹു അൻഹായുടെ വിവാഹം – വസ്തുതയെന്ത്?


ലോക ചരിത്രത്തിൽ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ ജീവിതം പോലെ സത്യസന്ധമായി രേഖപ്പെടുത്തപ്പെട്ട മറ്റൊരു ജീവ ചരിത്രമില്ല. ജനനം തൊട്ടു ശൈശവവും ബാല്യവും യുവത്വവും, വാർദ്ധക്യവും മരണവും വരെ, അതിൽ യുദ്ധവും സമാധാനവും നേതാവും പ്രജകളും വൈവാഹിക കൌടുംബിക വസ്തുതകളും ഇഴമുറിയാതെ ഒപ്പിയെടുത്ത മഹത്തായ മനോഹര ജീവ ചരിത്രം.
അതിൽ, വിത്യസ്ഥ സാഹചര്യങ്ങളിലും വിവധ രൂപത്തിലുമായി നടന്ന നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ വിവാഹങ്ങൾ മുസ്‌ലിം ഉമ്മത്തിന് മാത്രമല്ല മാനവരാശിക്ക് തന്നെ ഒരു പാട് നല്ല പാഠങ്ങൾ തുന്നിച്ചേർത്തവയാണ്.
വസ്തുത, ഇതായിരിക്കെ ഈയിടെയായി ചില ഭോഷന്മാർ, ഗവേഷണത്തിന്റെയും ചരിത്ര പഠനത്തിന്റെയും മറ പിടിച്ചു നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ സ്വകാര്യ ജീവിതത്തെയും വിശിഷ്യ ആയിഷ റദിയള്ളാഹു അൻഹായുമായുള്ള വിവാഹത്തെയും സംബന്ധിച്ച് സ്ഥിരപ്പെട്ട ചരിത്ര സത്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ എഴുതി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു.
കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ "പ്രബോധനം" വാരികയിൽ ഇവ്വിഷയകമായി വന്ന ഒരു ലേഖനം തുടങ്ങുന്നത് തന്നെ" വിജ്ഞാന കുതുകികൾ ഗവേഷണ പഠനങ്ങൾ നടത്തി മുസ്‌ലിം സമൂഹത്തിൽ പ്രചരിച്ചു വന്ന പല ധാരണകളും തിരുത്തിയിട്ടുണ്ട്. ഇങ്ങിനെ പുനർവിചിന്തനത്തിന് വിധേയമായ അനിവാര്യമായും തിരുത്തേണ്ട ഒരു ധാരണയുടെ കഥയാണ്‌ ഇവിടെ ചർച്ചക്കെടുക്കുന്നത്" എന്നാണ് .
ഒരു വസ്തുത, നിഷേധിക്കുകയും ജന മനസ്സുകളിൽ നില നിൽക്കുന്ന ഒരു സത്യം എങ്ങിനെ തന്ത്രപരമായി പൊളിച്ചടക്കുകയും ചെയ്യാം എന്ന് മനസ്സിലാകണമെങ്കിൽ മുകളിലെ വരികൾ മാത്രം വായിച്ചാൽ മതി.
ഈ വിഷയത്തിൽ ആയിഷ റദിയള്ളാഹു അൻഹ പറയുന്നത് ഇങ്ങിനെയാണ്‌.
حدثني فروة بن أبي المغراء حدثنا علي بن مسهر عن هشام عن أبيه عن عائشة رضي الله عنها قالت تزوجني النبي صلى الله عليه وسلم وأنا بنت ست سنين فقدمنا المدينة فنزلنا في بني الحارث بن خزرج فوعكت فتمرق شعري فوفى جميمة فأتتني أمي أم رومان وإني لفي أرجوحة ومعي صواحب لي فصرخت بي فأتيتها لا أدري ما تريد بي فأخذت بيدي حتى أوقفتني على باب الدار وإني لأنهج حتى سكن بعض نفسي ثم أخذت شيئا من ماء فمسحت به وجهي ورأسي ثم أدخلتني الدار فإذا نسوة من الأنصار في البيت فقلن على الخير والبركة وعلى خير طائر فأسلمتني إليهن فأصلحن من شأني فلم يرعني إلا رسول الله صلى الله عليه وسلم ضحى فأسلمتني إليه وأنا يومئذ بنت تسع سنين (صحيح البخاري 3681 )
എനിക്ക് ആറ് വയസ്സുള്ളപ്പോൾ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം എന്നെ വിവാഹം കഴിച്ചു. അങ്ങിനെ ഞങ്ങൾ മദീനയിൽ എത്തി ബനൂ ഹാരിസ് ബനൂ ഖസ് റജിന്റെ അടുക്കൽ താമസിച്ചു. എനിക്ക് പനി പിടി പെടുകയും മുടി കൊഴിയുകയും ചെയ്തു. പിന്നീട് മുടിയെല്ലാം മുളച്ചു. ഒരു ദിവസം ഞാൻ ഊഞ്ഞാലിൽ ആയിരിക്കെ എന്റെ ഉമ്മ ഉമ്മു റുമ്മാൻ എന്നെ ഉച്ചത്തിൽ വിളിച്ചു. എന്റെ കു‌ടെ എന്റെ കൂട്ടുകാരികളും ഉണ്ടായിരുന്നു. ഞാൻ അടുത്ത് പോയി. എന്താണ് എന്നെ ചെയ്യാൻ ഉദേശിക്കുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു. അവർ എന്റെ കൈ പിടിച്ചു വാതിൽക്കൽ നിർത്തി. എനിക്ക് കിതപ്പ് ഉണ്ടായെങ്കിലും അൽപം കഴിഞ്ഞപ്പോൾ ആശ്വാസം ഉണ്ടായി. എന്റെ ഉമ്മ കുറച്ചു വെള്ളമെടുത്തു എന്റെ മുഖവും തലയും തടവി. പിന്നെ വീട്ടിനകത്ത് ഉണ്ടായിരുന്ന അൻസ്വാരീ സ്ത്രീകളുടെ അടുത്തേക്ക് എന്നെ കൊണ്ട് പോയി. അവർ നന്മക്കായി പ്രാർഥിച്ചു. പിന്നീട് എന്നെ അവരെ ഏൽപിച്ചു. അവർ എന്നെ അണിയിച്ചൊരുക്കി. ദുഹായുടെ നേരമായപ്പോൾ റസൂൽ സ്വല്ലള്ളാഹു അലൈഹി വ സല്ലം വന്നത് മാത്രമാണ് എന്നെ അതിശയിപ്പിച്ചത്. അവർ എന്നെ റസൂൽ സ്വല്ലള്ളാഹു അലൈഹി വ സല്ലമയെ ഏൽപിച്ചു. അന്നെനിക്ക് ഒന്പത് വയസ്സായിരുന്നു പ്രായം" ബുഖാരി - മുസ്‌ലിം
ഇതാണ് സംഭവം. ഇത്, മഹതിയായ ആയിഷ റദിയള്ളാഹു അൻഹാ അവരുടെ വിവാഹത്തെ ക്കുറിച്ച് പറഞ്ഞത് ഇമാം ബുഖാരിയും മുസ്‌ലിമും രേഖപ്പെടുത്തിയതാണ്. മുസ്‌ലിം ലോകം നിരാക്ഷേപം സ്വീകരിച്ച ഈ ചരിത്രത്തെ ഖണ്ഡിക്കാൻ പ്രബോധനത്തിലെ ഒരു വാറോലക്കും കഴിയില്ല.
ഈ ഹദീസിന്റെ സനദിൽ ഹിഷാം ബിന് ഉർവ എന്ന താബിഈ ഉള്ളതിനാൽ അത് അസ്വീകാര്യമാണ് എന്നാണ് ലേഖകൻ അവകാശപ്പെടുന്നത്. ഈ റാവീ ആരാണ് എന്ന് പരിശോധിക്കുന്നതിന് മുമ്പ്, അദ്ധേഹത്തിന്റെ അവകാശ വാദം ഒന്ന് പരിശോധിക്കാം. അദ്ദേഹം പറയുന്നു.
" ഈ ഹദീസുകളുടെയെല്ലാം ഉറവിടം പരിശോധിച്ചാൽ എല്ലാ പരമ്പരകളും ചെന്നെത്തുന്നത് ഹിഷാം ബിൻ ഉർവ എന്ന താബിഇയിൽ ആണെന്ന് കാണാം"
വാദത്തിനു വേണ്ടി ഹിഷാം അസ്വീകാര്യനാണെന്ന് സമ്മദിച്ചാൽ തന്നെ മുകളിലെ ഉദ്ധരണി തീർത്തും തെറ്റാണെന്ന് കാണാം. ഹിഷാം ഇല്ലാത്ത സനദിലൂടെ ഈ ഹദീസ് സ്വഹീഹ് ആയി വന്നിട്ടുണ്ട്.
1 - ആയിഷ റദിയള്ളാഹു അൻഹായിൽ നിന്ന് ഉർവയും അധേഹത്തിൽ നിന്ന് സുഹ് രിയും
2- ആയിഷ റദിയള്ളാഹു അൻഹായിൽ നിന്നും അസ് വദും വഴി ( രണ്ടും സ്വഹീഹ് മുസ്ലിമിൽ )
3- ആയിഷ റദിയള്ളാഹു അൻഹായിൽ യഹ് യ ബിൻ അബീ ഹാത്വിബ് ( അബൂ ദാവുദ് )
4- ആയിഷ റദിയള്ളാഹു അൻഹായിൽ നിന്ന് അബൂ സലമ ( നസാഇ)
5- അബ്ദുള്ള ഇബ്ൻ മസ് ഊദ് വഴി ( ഇബ്ൻ മാജ )
6- യസീദ് ബിൻ ജാബിർ തന്റെ പിതാവിൽ നിന്ന് ( മുസ്തദ്റക് )
7- ഖാസിം ഇബ്ൻ മുഹമ്മദ്‌ വഴി ആയിഷ റദിയള്ളാഹു അൻഹായിൽ നിന്ന് ( മുഉജം അൽ കബീർ)
ഇങ്ങിനെ ധാരാളം സനദിലൂടെ രിവായത് വരികയും മുസ്‌ലിം ഉമ്മത്ത്‌ ഒരേ സ്വരത്തിൽ സ്വീകരിക്കുകയും ചെയ്ത ഒരു ഹദീസിനെ ഏതെങ്കിലും ശിഘണ്ടികളുടെ വാക്ക് കേട്ട് തള്ളാൻ കഴിയുമോ?
ഇയാൾ നടത്തിയെന്ന് അവകാശപ്പെടുന്ന ഗവേഷണത്തിന്റെയും പഠനത്തിന്റെയും വാസ്തവം എന്തായിരിക്കും? ഐ പി എച്ചിന്റെ പുസ്തകച്ചന്തയിലോ വെള്ളിമാട് കുന്നിലെ പ്രബോധനത്തിന്റെ ആപ്പീസിലോ കയറി തപ്പുന്നതിനാണോ ഗവേഷണം എന്ന് പറയുന്നത്? ഇതാണോ ചരിത്ര പഠനം?
ഇവിടെ, ഒരുത്തൻ, ഒരു പെരും കള്ളം ഗവേഷണത്തിന്റെ മറവിൽ എഴുതുകയും ഒരു പരിശോധനയും കൂടാതെ അത് പ്രബോധനം പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. ഈ കൊലച്ചതിയുടെ പേരെന്താണ്? ഇതാണോ സത്യസന്ധമായ ചരിത്രം തിരുത്തൽ?
പിന്നെ ആയിഷ റദിയള്ളാഹു അൻഹയുടെ സഹോദരി അസ്മാ റദിയള്ളാഹു അൻഹയുടെ വയസ്സുമായി താരതമ്യം ചെയ്യുമ്പോൾ കണക്കുകൾ തമ്മിൽ പൊരുത്തപ്പെടുന്നില്ല എന്ന ഒരിക്കലും സ്വീകാര്യമല്ല. കാരണം, ചരിത്ര സംഭവങ്ങളുമായി ബന്ധപ്പെട്ട കണക്കുകളിൽ ഏറ്റപ്പറ്റുകൾ ഉണ്ട്. അത് രേഖപ്പെടുത്തിയതിൽ സ്ഖലിതങ്ങൾ ഉണ്ടായിട്ടുണ്ട്. ഹദീസുകൾ ശേഖരിക്കുകയും ക്രോഡീകരിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നതിൽ കാണിച്ച ജാഗ്രതയും സൂക്ഷമതയും മറ്റു ചരിത്രങ്ങൾ രേഖപ്പെടുത്തുന്നതിൽ ഉണ്ടായിട്ടില്ല. അതൊരു വസ്തുതയാണ്. പക്ഷെ, ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും അവരുടെ സ്വഹീഹുകളിൽ ഉൾപ്പെടുത്തിയ ഹദീസുകൾ കുറ്റമറ്റതും കുറവുകൾ ഇല്ലാത്തതുമാകാൻ അങ്ങേയറ്റം കഠിനമായി പ്രയത്നിച്ചിട്ടുണ്ട്.അതിനാൽ തന്നെ, സ്വഹീഹുൽ ബുഖാരിയിലോ സ്വഹീഹ് മുസ്ലിമിലോ വന്ന ഒരു ഹദീസിനെ ദുർബലപ്പെടുത്താൻ മാത്രം ബലം ഒരു ചരിത്ര രേഖക്കും ഉണ്ടാവില്ല. മാത്രമല്ല, എക്കാലത്തെയും മഹാരഥന്മാരായ ഹദീസ് നിദാന ശാസ്ത്രത്തിന്റെ വിമർശകന്മാർ ഈ ഹദീസ് ഗ്രന്ഥങ്ങൾ സ്വീകരിക്കുകയും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.
ഇനി ഹിഷാം ബിൻ ഉർവയെക്കുറിച്ച് ചില കാര്യങ്ങൾ സൂചിപ്പിച്ചു കൊണ്ട് നിർത്തുകയാണ്.
ആയിഷ റദിയള്ളാഹു അൻഹയുടെ സഹോദരി അസ്മാ റദിയള്ളാഹു അൻഹയുടെ പൌത്രനാണ് ഹിഷാം ബിൻ ഉർവ ബിൻ സുബൈർ അൽ അവ്വാം റദിയള്ളാഹു അൻഹും. ഹദീസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അദ്ദേഹം ചില്ലറക്കാരനല്ല. ഇമാം ബുഖാരി, ഇമാം മുസ്‌ലിം, അബൂ ഹാത്തിം, ഇമാം അഹ്മദ്, ഇബ്ൻ ഹജർ, ഇമാം ദഹബി, ഇബ്ൻ സഅദ് തുടങ്ങി പരശ്ശതം ഭുവന പ്രശസ്തരായ മുഹദ്ധിസുകൾ അദ്ദേഹം സ്വീകാര്യനാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രവുമല്ല,അദ്ദേഹം നൂറിലധികം ഹദീസുകൾ രിവായത് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ചുരുക്കത്തിൽ, കൂലിക്ക് കോളമെഴുതുന്ന ഏതെങ്കിലും ഭിക്ഷാംദേഹികളുടെ നിഗമനങ്ങൾക്ക് മുസ്‌ലിം ഉമ്മത്ത്‌ ഇജ്മാഓടെ സ്വീകരിച്ച യാഥാർത്ഥ്യങ്ങളെ തമസ്കരിക്കാൻ കഴിയില്ല.
സത്യസന്ധമായ ചരിത്രം എന്ന് കരുതി ജമാഅത്തുകാരന്റെ വിഴുപ്പുകൾ വിഴുങ്ങുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നവർ വെറും വിഡ്ഢികളല്ല, മറിച്ചു വിഡ്ഢികളുടെ സ്വർഗത്തിലെ കിരീടം വെക്കാത്ത രാജാക്കന്മാരാണ്‌. 

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.