Wednesday, February 11, 2015

ആദ്യം പറയേണ്ടത് തൗഹീദ് തന്നെ ! - 2

ശിർക്കിന്റെ, അപകടം വളരെ വലുതാണ്‌. എത്ര മാത്രം സൽകർമ്മങ്ങൾ അനുഷ്ടിച്ച ആളാണെങ്കിലും ശിർക്ക് ചെയ്തിട്ടുണ്ടെങ്കിൽ, ആ സൽകർമ്മങ്ങൾ പാഴായിപ്പോവുകയും അവർ നരകാവകാശികളായിത്തീരുകയും ചെയ്യും. അള്ളാഹു പറയുന്നു

إن الله لا يغفر أن يشرك به ويغفر ما دون ذلك لمن يشاء - النساء 48 " 
നിശ്ചയമായും, അള്ളാഹു,അവനിൽ പങ്കു ചേർക്കുന്നത് ഒരിക്കലും പൊറുക്കുകയില്ല, അതല്ലാത്തത്, അവനുദ്ദേശിച്ചവർക്ക് അവൻ പൊറുത്തു കൊടുക്കും." 

ശിർക്ക് ചെയ്യാതെ ജീവിച്ച ഒരു മനുഷ്യന്, സൽക്കർമ്മങ്ങൾ കുറവാണെങ്കിൽ പോലും, അവന്റെ തൗഹീദു കാരണം, അള്ളാഹുവിന്റെ പാപമോചനം അവനു പ്രതീക്ഷിക്കാം. മാത്രമല്ല, ശിർക്ക് ചെയ്യാതെ മരിച്ചു പോവുന്ന ഒരു മനുഷ്യന്, അവന്റെ പാപത്തിന്റെ തോതനുസരിച്ച് ശിക്ഷ ലഭിക്കുകയും നരകത്തിൽ പ്രവേശിക്കപ്പെടുകയും (നരകത്തിൽ നിന്ന് അള്ളാഹു എല്ലാവർക്കും സലാമത് നൽകട്ടെ) ചെയ്യുന്ന അവസ്ഥയുണ്ടായാൽ പോലും, അവൻ അതിൽ ശാശ്വതവാസിയായിരിക്കില്ല. എന്നല്ല, അവസാനം സ്വർഗത്തിൽ എത്തിച്ചേരുകയും ചെയ്യും. അത് മറ്റുള്ളവരുടെ ശഫാഅതു കൊണ്ടോ, തൗഹീദ് കാരണമായോ ആകാം. 

അള്ളാഹു മുഹമ്മദ്‌ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയെ അഭിസംബോധന ചെയ്തു കൊണ്ട് പറയുന്നു

 ولقد أوحي إليك وإلى الذين من قبلك لئن أشركت ليحبطن عملك ولتكونن الخاسرين - الزمر 65 " 

നീയങ്ങാനും ശിർക്ക് വെക്കുന്ന പക്ഷം നിന്റെ അമൽ നഷ്ടപ്പെടുകയും നീ നഷ്ടകാരിൽ അകപ്പെടുകയും ചെയ്യുമെന്നു നിനക്കും നിന്റെ മുമ്പ് കഴിഞ്ഞു പോയവർക്കും, ബോധനം നൽകപ്പെട്ടിട്ടുണ്ട്" - സുമർ 65

ശിർക്ക് ചെയ്തു കൊണ്ട് ജീവിക്കുന്നവർ അള്ളാഹുവിന്റെ കോപത്തിന് വിധേയരും, അവന്റെ റഹ് മത്തിൽ നിന്ന് അകറ്റപ്പെട്ടവരുമാണ് .

ഒരു ഖുദ്സിയായ ഹദീസിലൂടെ അള്ളാഹു പറയുന്നു
 " يابن آدم لو بلغت ذنوبك عنان السماء ثم استغفرتني غفرت لك ، يابن آدم إنك لو أتيتني بقراب الآرض خطايا ثم لقيتني لا تشرك بي شيئا لأتيتك بقرابها مغفرة " 

" മനുഷ്യ പുത്രാ, ആകാശ വിശാലതയോളം നിന്റെ പാപം എത്തിച്ചേരുകയും,
പിന്നെ നീ എന്നോട് പശ്ചാത്തപിക്കുകയും ചെയ്‌താൽ, ഞാൻ നിനക്ക് പൊറുത്തു തരും, മനുഷ്യ പുത്രാ, തീരെ ശിർക്ക് ചെയ്യാത്ത നിലയിൽ, ഭൂമി നിറയുമാറു പാപവുമായി നീ എന്റെയടുത്തു വരികയാണെങ്കിൽ, അത്ര തന്നെ പാപമോചനവുമായി ഞാൻ നിന്നിലേക്ക്‌ വരും " 

തൗഹീദ് ഉൾക്കൊണ്ട ആൾക്ക് അത് പരലോകത്തിൽ ഗുണം ചെയ്യുമെന്നതിനു മുകളിലെ ഹദീസ് വ്യക്തമായ തെളിവാണ്. ഒരു മുസ്ലിമായ മനുഷ്യന്, പ്രാഥമികമായിതന്നെ മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്യേണ്ട അതിപ്രധാനമായ കൽപനയാണ് തൗഹീദ്. എത്ര മാത്രം സൽകർമ്മങ്ങൾ അനുഷ്ടിച്ച ആളാണെങ്കിൽ പോലും ശിർക്കിൽ അകപ്പെട്ടു കഴിഞ്ഞാൽ അവൻ, لا إله إلا الله എന്നാ കലിമതു തൗഹീദിനെ ദുർബലപ്പെടുത്തുന്ന കാര്യങ്ങളിൽ അകപ്പെടുകയും ദീനിൽ നിന്ന് പുറത്തു പോവുകയും ചെയ്യും. نسأل الله السلامة والعافية

ഒരിക്കൽ ഇമാം അഹ്മദിനോട് തൗഹീദ് ഉൾക്കൊണ്ട, എന്നാൽ വീഴ്ചകൾ സംഭവിച്ച, പാപങ്ങൾ ചെയ്ത മനുഷ്യനെക്കുറിച്ചും, ബിദ്അത്തിന്റെ ആൾക്കാരിൽ പെട്ട, ഏറെ പുണ്യകർമ്മങ്ങൾ ചെയ്ത മറ്റൊരാളെക്കുറിച്ചും ഒരാൾ ചോദിച്ചു. അദ്ദേഹം പറഞ്ഞു " മിണ്ടാതിരിക്കൂ...അഹ്ലുസ്സുന്നയിൽ പെട്ട ആളുടെ ഖബർ സ്വർഗ്ഗപൂന്തോപ്പാണ്. അഹ് ലുൽ ബിദ്അയുടെ ഖബർ നരക ത്തീക്കുണ്ടമാണ്." ഇതാണ് തൗഹീദും സുന്നത്തും തമ്മിലും ശിർക്കും ബിദ്അതും തമ്മിലുള്ള അന്തരം. 

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം, മുആദു റദിയള്ളാഹു അന്ഹുവിനെ യമനിലേക്ക് ദഅവതിനു വേണ്ടി അയച്ചപ്പോൾ അവരോടു ഒന്നാമതായി പറയേണ്ടത് لا إله إلا الله എന്ന കാര്യമാണ് എന്ന് പ്രത്യേകം ഉപദേശിച്ചു. 

നമസ്കാരം, നോമ്പ്, സക്കാത്ത് തുടങ്ങിയ അതിപ്രധാനമായ ആരാധനാ കർമ്മങ്ങളെക്കുറിച്ച് പറയുന്നതിന് മുമ്പേ, കലിമതുതൗഹീദിനെക്കുറിച്ച് പറഞ്ഞത്, അതിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു. കാരണം, ഏകനായ അള്ളാഹു മാത്രമേ ഇബാദത്തിനു അർഹനായി ഉള്ളൂ എന്ന അടിസ്ഥാന വിശ്വാസത്തിലാണ് മറ്റേതൊരു അമലും എടുക്കപ്പെടെണ്ടത് എന്നതിലേക്ക് ഇത് വെളിച്ചം വീശുന്നു. ( തുടരും, ഇൻശാ അള്ളാഹു)

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.