Monday, December 15, 2014

എല്ലാ ബിദ്അത്തും വഴികേടു തന്നെ !

ബിദ്അത്തുകൾ മതത്തിലേക്ക് കടന്നു വരുന്നതിനെക്കുറിച്ചും, അതിന്റെ അപകടത്തെക്കുറിച്ചും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ഒരു ബിദ്അത്തു പോലും തല പൊക്കിയിട്ടില്ലാത്ത കാലത്ത് തന്നെ സ്വഹാബത്തിനെ ഉൽബോധിപ്പിച്ചു.


പക്ഷെ, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ വിയോഗത്തോടെ, പല രൂപത്തിലും ഭാവത്തിലുമുള്ള ബിദ്അത്തുകൾ മതത്തിലേക്ക് ഒന്നൊന്നായി കടന്നു വന്നു. അള്ളാഹുവിന്റെ റസൂലിൽ നിന്ന് നേരിട്ട് ദീൻ പഠിച്ച അവിടുത്തെ സ്വഹാബത്തു, എല്ലാ തരത്തിലുള്ള ബിദ്അത്തുകളെയും സുന്നത്ത് കൊണ്ടെതിർത്തു പരാജയപ്പെടുത്തി.
അക്കൂട്ടത്തിൽ സഹാബത്തിന്റെ കാലശേഷം വന്നു ചേർന്ന ഒരു ബിദ്അത്താണ് നബിയുടെ ജന്മദിനാഘോഷം. നബിസ്വല്ലള്ളാഹു അലൈഹി വ സല്ലം മാതൃക കാണിക്കുകയോ സ്വഹാബത്തു പിന്തുടരുകയോ ചെയ്യാത്ത ഈ ആഘോഷം ലോകത്തിന്റെ പല ഭാഗത്തും പടർന്നു പിടിക്കുകയും മുസ്ലിം ഉമ്മത്തിൽ, വിശിഷ്ടമായ ഒരു ഇബാദത്തായി ചിരപ്രതിഷ്ഠ നേടുകയും ചെയ്തു. والله المستعان

ബിദ്അത്തിനെക്കുറിച്ച് പറയുമ്പോൾ ചില കാര്യങ്ങൾ ഇവിടെ എടുത്തു പറയേണ്ടതുണ്ട്. ബിദ്അത്തുകൾക്ക് വലിപ്പച്ചെറുപ്പം ഇല്ലാത്തത് പോലെ തന്നെ നല്ല ബിദ്അത്തു, ചീത്ത ബിദ്അത്തു എന്ന വേർതിരിവുമില്ല. എല്ലാ ബിദ്അത്തും വഴികേടാണ് എന്നത് പോലെ തന്നെ എല്ലാ വഴികേടുകളും നരകത്തിലെക്കുമാണ്.

പക്ഷെ, നബി ദിനാഘോഷം എന്ന ബിദ്അത്തിനെ ശക്തിയുക്തം എതിർക്കുന്നവർ തന്നെ കാണാതെ പോകുന്ന മറ്റനേകം ബിദ്അതുകൾ ഉണ്ട്. തങ്ങളുടെ എതിർപക്ഷം ചെയ്യുന്നു എന്ന കാരണത്താൽ ബിദ്അത്തു എന്ന് പറയുകയും പ്രമാണങ്ങളുടെ പിന്തുണയില്ലാത്ത കാര്യങ്ങൾ സ്വന്തം പാർട്ടി ചെയ്‌താൽ കണ്ണടക്കുകയും ചെയ്യുന്നതെങ്ങിനെ?

സാധാരണയായി, നിർബന്ധ നമസ്കാര ശേഷം കൈകളുയർത്തി പ്രാർത്ഥിക്കുകയും തുടർന്ന് മുഖം തടവുകയും ചെയ്യുന്ന ഒരു സമ്പ്രദായം കണ്ടു വരുന്നു. എവിടെയാണ് അതിനു തെളിവുള്ളത്‌ ? നബിയോ സ്വഹാബത്തോ അങ്ങിനെ ചെയ്‌തതായി സ്ഥിരപ്പെട്ടു വന്നിട്ടില്ല. അത് പോലെ, ഖുർആൻ പാരായണം ചെയ്ത ശേഷം صدق الله العظيم എന്ന് പറയുന്നതിന് എന്താണ് പ്രമാണം?
രാവിലെ അദ്യയനം തുടങ്ങുന്നതിനു മുമ്പ് സൂറത്തുൽ ഫാതിഹ കൊണ്ട് തുടങ്ങുകയും ഏതെങ്കിലും ഒരു "പാട്ട്" കൊണ്ട് അവസാനിപ്പിക്കുകയും ചെയ്യാത്ത ഒരു മദ്രസ ചൂണ്ടിക്കാണിക്കാൻ നവോഥാനപ്രസ്ഥാനങ്ങൾക്ക്‌ കഴിയുമോ ? മയ്യിത്ത്‌ മറമാടിക്കഴിഞ്ഞാൽ, സാധാരണ ചൊല്ലി വരാറുള്ള اللهم ثبته عند السؤال എന്ന് തുടങ്ങുന്ന തഥ്‌ബീതിന് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമ വരെ എത്തുന്ന സനദ് കാണിക്കാമോ ? കേ എം മൗലവി സാഹിബിനു അപ്പുറം ആ ദുആക്കു ഒരു സനദ് ഉള്ളതായി ഈയുള്ളവൻ കേട്ടിട്ടില്ല. ഇതൊക്കെ, ബിദ്അത്തുകൾക്കെതിരെ " പോരാട്ടം" നടത്തിക്കൊണ്ടിരിക്കുന്ന നവോഥാനപ്രസ്ഥാനങ്ങൾ നിർബാധം, ചോദ്യം ചെയ്യാതെ കൊണ്ടാടുന്ന ബിദ്അത്തുകളിൽ ചിലത് മാത്രം.

അപ്പോൾ, പാർട്ടി തിട്ടൂരങ്ങളെക്കാൾ റസൂലിന്റെ സുന്നത്തിനു പ്രാധാന്യം നൽകാനും അവ ജീവിപ്പിക്കാനും എന്ന് സാധിക്കുന്നുവോ അന്ന് മാത്രമേ ഇത്തരം പ്രസ്ഥാനങ്ങളുടെ മുദ്രാവാക്യം മൂല്യവത്താവുകയുള്ളൂ

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.