Sunday, June 9, 2013

" സമ്മൂ ലനാ രിജാലകും ! " - 4

"സമ്മൂ ലനാ രിജാലക്കും " - 4


ഇസ്ലാമിക ദഅവത്ത് നിർവ്വഹിക്കേണ്ടത് ഇൽമുള്ള ആളുകളാണ്. സ്വന്തം ചെലവിനു തന്നെ മറ്റുള്ളവർക്ക് മുമ്പിൽ കൈ നീട്ടുന്നവൻ സക്കാത്ത് കൊടുക്കേണ്ടതില്ലാത്തത് പോലെ, ശറഇയ്യായ അടിസ്ഥാന ജ്ഞാനം പോലുമില്ലാത്തവൻ ദഅവത്തിന് മുതിരേണ്ടതില്ല. ഓരോന്നിനും അതിന്റേതായ ആളുകളുണ്ട്, അവരാണതു നിർവ്വഹിക്കേണ്ടത്.
എന്നാൽ, ദഅവത്തിന്റെ പേരില് കേരളത്തിലെ മുസ്ലിം മത സംഘടനകൾ ഗവേഷണം നടത്തി കണ്ടു പിടിച്ചു നടത്തി ക്കൊണ്ടിരിക്കുന്ന പല രീതികളും സലഫുകൾ ദഅവത്തിനുവേണ്ടി സ്വീകരിച്ച
രീതികളിൽ നിന്നും തികച്ചും വിത്യസ്തമാണ്.

സലഫുകൾ  ദഅവത്ത് നടത്താൻ സ്വീകരിച്ച മാർഗമല്ലാതെ, പുതിയതായ ഒരു മാർഗവും രീതിയും ഉണ്ടാക്കാൻ ആർക്കും അവകാശമില്ല. അവരെ 'ഇത്തിബാഉ' ചെയ്യുക എന്നതിന്റെ താൽപര്യം അതാണ്‌.

ദശാബ്ദങ്ങളോളം, ഇന്ത്യൻ രാഷ്ട്രീയത്തിനോട് പുറം തിരിഞ്ഞു നിൽക്കുകയും, ജനാധിപത്യ പ്രവർത്തനവും സമ്മതിദാനവും ശിർക്കും കുഫ്റുമാണെന്ന് വിധിയെഴുതി, മുസ്ലിംകളെ അതിൽ നിന്ന് വിലക്കുകയും ചെയ്ത ജമായത്തെ ഇസ്ലാമി, ഇക്കാലമത്രയും ഇവർ സ്വയം വിമുഖത കാട്ടുകയും, മറ്റുള്ളവരെ വിലക്കുകയും ചെയ്ത അതെ ജനാധിപത്യത്തിലേക്കും
രാഷ്ട്രീയത്തിലേക്കും പ്രവേശിച്ചു.
ഇപ്പോൾ, ചാനലുകളുടെ കൂട്ടത്തിലേക്കു   ഇതാ പുതിയ ഒരു "ഇസ്ലാമിക" അവതാരം ! ജമായത്തിന്റെ വക !
മറ്റു ചാനലുകളിൽ നിറഞ്ഞാടുന്ന മിക്ക "വിഭവങ്ങളും" മീഡിയ വണ്ണിലുമുണ്ട്. സംഗീതവും , പെണ്ണും, മ്യുസികും, അന്യ സ്ത്രീ പുരുഷ ദർശനവും, ഇടകലരലും, ഇളക്കവും എല്ലാം. ഇസ്ലാമികമായ ഏതൊരു താൽപര്യമാണ് ഇവരുടെ ചാനൽ സംരക്ഷിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. സ്വർഗത്തിലേക്ക് അടുപ്പിക്കുകയും നരഗത്തിൽ നിന്ന് അകറ്റുന്നതുമായ കാര്യങ്ങളാണോ ഇത്?  ജീവിതം മുഴുവൻ ഇബാദത്താണെന്ന് വാതമുള്ള ജമായത്ത് കാർ ഇതൊന്നു വിശദീകരിക്കണം. സന്ധ്യ മയങ്ങുമ്പോൾ ഖുർആൻ പാരായണം ചെയ്യുന്ന വെല്ലിമ്മമാരും, കൊച്ചു സൂറത്തുകൾ ഉച്ചത്തിൽ ആവർത്തിച്ചോതിയിരുന്ന കുട്ടികളും ചാനലിനു മുന്നിൽ ചമ്രം പടിഞ്ഞിരിക്കുന്നുണ്ടെങ്കിൽ അതിന്റെ പാപ ഭാരം നിങ്ങൾ തന്നെ ഏൽക്കേണ്ടി വരും. ഇസ്ലാമിക ദഅവത്തിന്റെ ഏതു കോളത്തിലാണ് ഇത് നിങ്ങൾ ചേർക്കുക എന്നതാണ് ചോദ്യം.

ജമായത്തെ ഇസ്ലാമിയെ നിശിതമായി വിമർശിക്കുകയും, അവരുടെ ദഅവത്തിലെ ന്യുനതകൾ സമൂഹ മധ്യത്തിൽ
തുറന്നു കാട്ടുകയും ചെയ്ത വേറൊരു കൂട്ടരുണ്ട്. ഖുർആനും സുന്നത്തുമാണ് ഞങ്ങളുടെ പ്രമാണം എന്ന് പരസ്യമായി പറയുന്ന
ഇവരുടെ പോക്കും അനുദിനം സലഫുകളുടെ  മാർഗത്തിൽ നിന്ന് വ്യതിചലിച്ചു കൊണ്ട് തന്നെയാണ്.

പരിസ്ഥിതി-പ്രകൃതി  സംരക്ഷണം, ജല സംരക്ഷണം തുടങ്ങിയ അജണ്ടകളിലാണ് ഇവരുടെ ദഅവത്തു കറങ്ങിക്കൊണ്ടിരിക്കുന്നത്.

അടിസ്ഥാനപരമായി ഇസ്ലാം ദീനുമായി യാതൊരു ബന്ധവുമില്ലാത്ത ഇത്തരം പൊതു കാര്യങ്ങളിൽ ദഅവത്തിന്റെ പേരിൽ ഒരു സമൂഹത്തിന്റെ മുഴുവൻ ഊർജത്തെയും തളച്ചിടുകയെന്നതിനേക്കാൾ, ഇസ്ലാമിക പ്രബോധനത്തിന്റെ പവിത്രമായ ലക്ഷ്യവും പാവനമായ മാർഗവും വികലമാക്കുകയെന്ന പ്രവണതയാണ് ഇതിലൂടെ ഗൌരവമായി വിലയിരുത്തപ്പെടേണ്ടത്.

മരണ ശേഷമുള്ള മനുഷ്യ ജീവിതത്തിന്റെ ഭാസുരതയാണ് ഇസ്ലാമിക പ്രബോധനത്തിന്റെ മർമ്മം. അത് വിശദീകരിച്ചു തന്നത് നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയാണ്. രോഗം, കഷ്ടപ്പാടുകൾ, ദുരിതങ്ങൾ, ദുരന്തങ്ങൾ, ദാരിദ്ര്യം, വറുതി,  പ്രയാസങ്ങൾ ഇതെല്ലാം ഭൌതിക ജീവിതത്തിന്റെ ഭാഗമാണ്. ഇതൊന്നുമില്ലാത്ത ഒരു കാലഘട്ടവും ലോകത്ത് കഴിഞ്ഞു പോയിട്ടില്ല. ആർക്കും എപ്പോഴും ഇതിലേതും പിടിപെടാം. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെയും
സ്വഹാബികളുടെയും ജീവിതത്തിൽ ഇതിൽ പലതും സംഭവിച്ചിട്ടുമുണ്ട്. മാനുഷികമായ സഹായങ്ങളും ഒത്താശകളും പരസ്പരം ചെയ്യാൻ കഴിയുന്ന
സഹായങ്ങളും ചെയ്യാനും ഇസ്ലാമിക സാഹോദര്യം ഊട്ടിയുറപ്പിക്കാനും
ഇസ്ലാം കൽപിക്കുന്നു. എന്നാൽ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ
 പ്രബോധന ജീവിതത്തിലെവിടെയും ഇത്തരം വിഷയങ്ങൾക്ക്‌ അതർഹിക്കുന്ന തോതിൽ കവിഞ്ഞ പ്രാധാന്യം നൽകുകയോ, ഇത്തരം കാര്യങ്ങളെ പ്രഥമവും പ്രധാനവുമായ ലക്ഷ്യമായി കാണുകയോ ചെയ്തിട്ടില്ല

മര വൽകരണവും പ്രകൃതി-ജല സ്രോദസ്സുകളുടെ  സംരക്ഷവുമൊക്കെ ആർക്കു വേണമെങ്കിലും നിർവ്വഹിക്കാം. പക്ഷെ, ഇസ്ലാം ദീനിന്റെയും ദഅവത്തിന്റെയും പേരിൽ ആവരുതെന്നു മാത്രം. കാരണം, അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചത് അവന്റെ മാർഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കാനാണ്. അതിന് വേണ്ടിയാണ് ഖുർആൻ അവതരിപ്പിച്ചത്. പ്രകൃതി സംരക്ഷണത്തിലേക്ക് ദഅവത്തു നടത്താൻ
പ്രമാണങ്ങളുടെ ആവശ്യമില്ല.ഇത്തരം കാര്യങ്ങളെക്കുറിച്ച്
നാളെ പരലോകത്ത് വിചാരണ ചെയ്യപ്പെടുമെന്നതിനു യാതൊരു രേഖയുമില്ല. അതിനു വേണ്ടി അല്ലാഹു ഒരു പ്രവാചകനെയും ഒരു കാലത്തും അയച്ചിട്ടുമില്ല. പിന്നെയെന്തിന് ഒരു മുസ്ലിമിനെ സംബ്ധിച്ചേടത്തോളം  അനിവാര്യമോ ഐഛികമോ അല്ലാത്ത കാര്യങ്ങളിൽ അവന്റെ ജീവിതം തുലക്കണം?
മനുഷ്യ ജീവിതത്തെ കേവല ഭൌതിക പരിപ്രേക്ഷ്യത്തിലൂടെ മാത്രം നോക്കിക്കാണുന്ന കാഫിറുകൾ ഉയർത്തിക്കാട്ടുന്ന ബാനറുകൾക്ക് പിന്നാലെ മുസ്ലിംകൾ കിതച്ചു കൊണ്ടോടേണ്ടതില്ല. മുസ്ലിംകളെ സംബന്ധിച്ചേടത്തോളം, അവരുടെ ലക്ഷ്യവും മാർഗവും വ്യക്തവും കൃത്യവുമാണ് ചുരുക്കത്തിൽ, ഇസ്ലാമിക ദഅവത്തു അവകാശപ്പെടുന്നവർ, അവർ  സലഫുകളുടെ, അഥവാ സ്വഹാബത്തിന്റെ മാർഗം മനസ്സിലാക്കുകയും അത് പിന്തുടരുകയുമാണ് വേണ്ടത്.
ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസവുമായി ബന്ധപ്പെട്ട തൗഹീദ്, സുന്നത്ത് തുടങ്ങിയ വിഷയങ്ങളിൽ ഒരു മുസ്ലിം അനിവാര്യമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പോലും പഠിക്കുകയോ, പ്രാവർത്തികമാക്കുകയോ ചെയ്യാത്ത ആളുകൾ ആപേക്ഷികമായി മാത്രം പ്രസക്തമാവുന്ന വിഷയങ്ങളിൽ ശ്രദ്ധയൂന്നുന്നതിൽ എന്ത് പ്രസക്തിയാണുള്ളത്? പൊതു സമൂഹത്തിന്റെ കുത്തൊഴുക്കിൽ ഒരു റോൾ നമ്മൾ ഏറ്റെടുത്തില്ലെങ്കിൽ പാർശ്വവൽക്കരിക്കപ്പെടുമെന്ന ഭയം ദീനിനെക്കുറിച്ചു അറിവില്ലാത്തവർക്കുണ്ടാവുക സ്വാഭാവികമാണ്. ഖുർആനിലും ഹദീസിലും വന്ന ജല-സസ്യ സംബന്ധിയായ പ്രദിപാതനങ്ങൾ ദുർവ്യാഖ്യാനിക്കപ്പെടുന്നതു അത് കൊണ്ടാണ്.

ഇസ്ലാമിക പ്രബോധനത്തിന്റെ പേരിൽ തന്നിഷ്ടം കാനിക്കുന്നവരോടെല്ലാം നമുക്ക് ഒരു ചോദ്യമേ ചോദിക്കാനുള്ളൂ " സമ്മൂ ലനാ രിജാലക്കും " !

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.