Thursday, February 28, 2013

വിമർശകരോട് - 1


വിമര്‍ശകരോട് -(1)
ലോകത്ത്, വിമര്‍ശന വിധേയമാവാത്ത ഒരു സംരംഭമോ ആശയമോ ഇല്ല. അത് പോലെ പ്രവാചകന്മാരും മഹത്തുക്കളും എതിരാളികളുടെ രൂക്ഷ വിമര്‍ശനത്തിനും എതിര്‍പ്പുകള്‍ക്കും വിധേയമായിട്ടുണ്ട്. വിമര്‍ശനനങ്ങള്‍, ന്യായവും സദുദ്ദേശപരവുമാവുമ്പോള്‍, പ്രസംശനീയവും മാതൃകാപരവുമാവുന്നു. എന്നാല്‍ അവ നശീകരണപ്രവണതയോടെയും, ദുഷ്ടലാക്കോടെയുമാവുമ്പോള്‍  അത് ദുരവ്യാപക പ്രത്യാഖാതങ്ങള്‍ സൃഷ്ടിക്കുകയും വിപരീത ഫലം ഉളവാക്കുകയും ചെയ്യും.
സത്യത്തിനെ സ്ഥാപിക്കുന്നവര്‍ക്ക് , അതിന്‍റെ എതിരാളികളായ അസത്യവാദികളെയും , അസത്യവാദങ്ങളെയും ഒരു പോലെ വിമര്‍ശിക്കുകയും ഘണ്ടിക്കുകയും ചെയ്യേണ്ടതായി വരും.  തെറ്റായ വാദഗതികളെ വിമര്‍ശിക്കാതെ നിലനിര്‍ത്തിക്കൊണ്ട്, സത്യം സ്ഥാപിക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല, മാതൃകാപരവുമല്ല.
അല്ലാഹു ഏകനും, ഏകനായ ഇലാഹും ആണെന്ന പരമമായ സത്യം സ്ഥാപിക്കാന്‍, അല്ലാഹു അല്ലാതെ, മനുഷ്യന്‍ വിളിച്ചു ദുആ ചെയ്തു കൊണ്ടിരുന്ന മുഴുവന്‍ ഇലാഹുകളെയും ഖുര്‍ആനിലുടെ അള്ളാഹു എതിര്‍ക്കുകയും, വിമര്‍ശിക്കുകയും, അവയുടെ അയോഗ്യതയും, അനര്‍ഹതയും വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. മുഴുവന്‍ പ്രവാചകന്മാരും, തങ്ങളുടെ ജനതയില്‍ നിലനിന്നിരുന്ന മുഡ വിശ്വാസങ്ങളെ അതിനിശിതമായി വിമര്‍ശിച്ചതായി കാണാം. ഈ വിമര്‍ശനങ്ങള്‍ സംഗതവും ന്യായവുമായ വിമര്‍ശനങ്ങളാണ്. ഇതിനു മഹനീയമായ ലക്ഷ്യങ്ങളുണ്ട്‌. ഉദാത്തമായ പര്യവസാനങ്ങളുണ്ട്. ഇവ പ്രശംസനീയവും മാതൃകാപരവുമാണ്താനും.
എന്നാല്‍, അല്ലാഹുവിന്‍റെ കല്‍പനകള്‍ അന്ഗീകരിക്കാതെ, പ്രവാചകന്‍റെ ഉപദേശം വകവെക്കാതെ ജീവിച്ച ആളുകള്‍, അവര്‍ നടത്തിയ എതിര്‍പ്പുകളും, വിമര്‍ശനങ്ങളും  ഒരിക്കലും സ്വീകാര്യമോ സംഗതമോ അല്ല. ഇത്തരം വിമര്‍ശനങ്ങള്‍  അന്യായമാണ്, അനവസരത്തിലുള്ളതാണ്. അത് കൊണ്ട് തന്നെ അതിനു യാതൊരു പരിഗണനയും നല്‍കപ്പെടുകയില്ല.
ഇതുപോലെ വിമര്‍ശകരില്‍ പല തരക്കാരുമുണ്ട്. ആള്‍കുട്ടത്തില്‍ ആളാകാന്‍ വേണ്ടിയും, ആത്മപ്രശംസക്ക് വേണ്ടിയും മറ്റുള്ളവരെ വിമര്‍ശിക്കുന്നവരുണ്ട്.  ന്യായവും, നീതിയും പരിഗണിക്കാതെ, തങ്ങളുടെ താല്‍പര്യത്തിനു എതിരായി എന്നതിന്‍റെ പേരില്‍ മാത്രം, വിമര്‍ശന ശരങ്ങള്‍ തൊടുക്കുന്നവരും, എതിര്‍ ഗ്രുപുകാരോ, പാര്ട്ടിക്കാരോ തുടങ്ങിയ സംരംഭമായതിനാല്‍ വിമര്‍ശനം നടത്തുക എന്ന ശീലമുള്ളവരും ഇവരിലുണ്ട്.
അള്ളാഹുവിന്‍റെ മതമായ ഇസ്ലാം, അതിന്‍റെ ആവിര്‍ഭാവം തൊട്ടു തന്നെ, കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. വിമര്‍ശിക്കപ്പെടുകയോ, അക്രമിക്കപ്പെടുകയോ ചെയ്യാതെ, ഒരൊറ്റ പ്രവാചകനും നിയുക്തനായിട്ടുമില്ല.
ഈ വിമര്‍ശങ്ങള്‍ എല്ലാം സത്യത്തെ തച്ചുടക്കാനും, തൗഹീദിന്‍റെ ദിവ്യവെളിച്ചം ഊതിക്കെടുത്താനുമുള്ള എതിരാളികളുടെ പാഴ് വേലകള്‍ മാത്രമായിരുന്നു.
കാലം ഏറെ മുന്നോട്ടു പോകുന്നതിനു മുമ്പ് തന്നെ വിമര്‍ശനത്തിന്‍റെയും എതിര്‍പ്പിന്റെയും രൂപവും ഭാവവും മാറുകയും, ഇസ്ലാമിന്നു പുറത്തുള്ള ശത്രുക്കളെക്കാള്‍ ശക്തരായ ശത്രുക്കളെ, ഉള്ളില്‍ നിന്ന് തന്നെ ഇസ്ലാമിനു നേരിടേണ്ടി വരികയും ചെയ്തു എന്നുള്ളതാണ് വിചിത്രമായ വസ്തുത.
ഇസ്ലാമിന്‍റെ ആള്‍ക്കാരും, അവകാശികളുമായി കുപ്പായമിട്ട ഒരുപാട് ഉപവിഭാഗങ്ങള്‍ രംഗപ്രവേശം ചെയ്യുകയും നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പഠിപ്പിച്ച മഹനീയ ചര്യക്ക്‌ വിരുദ്ധമായ പലതും അവര്‍ ദീനിലേക്ക് കടത്തിക്കുട്ടുകയും ചെയ്തു.  സലഫുകള്‍ അറിയുകയോ പറയുകയോ, പ്രമാണമായി സ്വീകരിക്കുകയോ ചെയ്യാത്ത പലതും ദീനും സുന്നതുമായി ഇവര്‍ പറയുകയും പ്രചരിപ്പിക്കുകയും ചെയ്തു.
വേലി തന്നെ വിള തിന്നുകയെന്നു പറഞ്ഞത് പോലെ, വീട്ടിലുള്ളവര്‍ തന്നെ കക്കാന്‍ തുടങ്ങിയാലുണ്ടാവുന്ന ഭവിഷ്യത്ത് എന്താണോ അതിനേക്കാള്‍ സന്ഗീര്‍ണമായിരുന്നു അവസ്ഥ. ഇസ്ലാമിനു പുറത്തുള്ള ശത്രുക്കളെക്കാള്‍ അപകടകാരികളാണ് ഇസ്ലാമിനു ഉള്ളിലെ ശത്രുക്കളെന്നു ശൈഖുല്‍ ഇസ്ലാം ഇബ്ന്‍ തൈമിയയെപ്പോലുള്ള പണ്ഡിതന്മാര്‍ പറഞ്ഞത് അത് കൊണ്ടാണ്. അതിനാല്‍ തന്നെ, സത്യസന്തരായ ഉലമാക്കള്‍ക്ക് ഒരേസമയം രണ്ടു തരം ശത്രുക്കളെയാണ് അഭിമുഖീകരിക്കേണ്ടിവന്നത്. ഒന്നിനൊന്നു അപകടം നിറഞ്ഞ രണ്ടു തരം ശത്രുക്കള്‍. പുറത്തുള്ളവരുടെ ആക്രമണം പെട്ടെന്ന് ബോധ്യപ്പെടുകയും, എളുപ്പം,  പ്രധിരോധം സാധ്യമാക്കുകയും ചെയ്യും. എന്നാല്‍ ഉള്ളിലുള്ളവരുടെ ആക്രമണം പ്രത്യക്ഷമായി എല്ലാവര്‍ക്കും ഒരുപോലെ ബോധ്യപ്പെടുന്നതോ, എളുപ്പം പ്രധിരോധം തീര്‍ക്കാന്‍ കഴിയുമാറ് പ്രകടമാവുന്നതോ അല്ല. അതിനാല്‍ തന്നെ, മുസ്ലിം ബഹുജനങ്ങളില്‍ പരമാവധി ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഇവര്‍ക്ക് എളുപ്പം കഴിഞ്ഞു. നുറ്റാണ്ടുകള്‍ക്ക് മുമ്പ് ഹവയുടെയും ഇഛയുടെയും ആളുകള്‍  തുടങ്ങിയ ഈ നശീകരണ പ്രവണത ഇന്നും നിര്‍ബാധം തുടരുന്നു.  അതിര്‍ത്തിയില്‍ നിന്ന് ഏതു വിധേനയും അക്രമികളെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ത്രാണിയുള്ള അഹ്ലുസ്സുന്നത്തിന്‍റെ ഉലമാക്കള്‍ എമ്പാടും ഉണ്ടായിരുന്ന കാലത്ത്,അവര്‍ ശക്തമായ  പ്രധിരോധ നിര തീര്‍ത്തു. സുന്നത്തിനെയും അതിന്‍റെ സത്യസന്തരായ വാഹകരെയും അവര്‍ സംരക്ഷിച്ചു.
ശത്രുക്കളുടെയും പ്രതിയോഗികളുടെയും എണ്ണവും ശക്തിയും ശതഗുണീഭവിച്ച ഇന്ന്, സംരക്ഷണത്തിന്‍റെ ശക്തമായ പ്രധിരോധം തീര്‍ത്തു സുന്നത്തിനെയും അതിന്‍റെ ധ്വജവാഹകരെയും ബിദ്ഈ കക്ഷികളുടെ കടന്നാക്രമാണങ്ങളില്‍ തടുത്തുനിര്‍ത്താന്‍  കെല്‍പുള്ള  കരങ്ങള്‍  വളരെ  വിരളം. 

(തുടരും)

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.