Tuesday, March 27, 2012

സലഫിയ്യത്തിലേക്ക് മടങ്ങിയവരോട് - 1

ഹിസ്ബിയ്യത്തിനോട് വിട ചൊല്ലി, തൌബ ചെയ്തു, സലഫിയ്യത്തില്‍ പ്രവേശിച്ച സഹോദരന്മാര്‍ തീര്‍ച്ചയായും അനുഗ്രഹീതരാണ്.

സാമുഹിക ജീവിതത്തെയും, വ്യക്തി ജീവിതത്തെയും ഗ്രസിച്ചു നില്‍ക്കുന്ന മന്ഹജിയായ വ്യതിയാനങ്ങളുടെ അങ്കതട്ടുകളുടെ അകത്തളങ്ങളില്‍ നിന്ന് സലഫിയ്യതിന്‍റെ വിശുദ്ധ തീരങ്ങളിലേക്ക് വാതായനം തുറക്കപ്പെട്ടവര്‍. അവിടെ സുരൂരിയുടെയോ, ഖുബുരിയുടെയോ, സുഫിയുടെയോ , ഇഖ് വാനിയുടെയോ, മറ്റു ഹിസ്ബികളുടെയോ ബന്ധനങ്ങളില്ല. മദ്‌ഹബിന്‍റെ വാള്‍തലകളില്ല, ഇമാമിന്‍റെ നേതാവിന്‍റെ അന്ധമായ ആജ്ഞകളില്ല, പാര്‍ട്ടി തിട്ടുരങ്ങളില്ല. അവിടെ സുന്നത്തിന്‍റെ വിളക്കുമാടങ്ങളുണ്ട്‌, വിശുദ്ധിയുടെ തീരങ്ങളുണ്ട്, വിമോചനത്തിന്‍റെ വിഹായസ്സുകളുണ്ട്, മുനിഞ്ഞു കത്തുന്ന വിജ്ഞാനത്തിന്‍റെ കൈതിരികള്‍ നിങ്ങളെ കാത്തു നില്‍ക്കുന്നുണ്ട്.

ഒരാള്‍ സലഫിയ്യത്തില്‍ എത്തിച്ചേരുക എന്നത് അല്ലാഹു അയാള്‍ക്ക്‌ നല്‍കുന്ന അനുഗ്രഹങ്ങളില്‍ അതി മഹത്തരമാണ്. അതിനാല്‍ ആദ്യമായി സര്‍വ ശക്തനായ അല്ലാഹുവിനെ സ്തുതിക്കുകയും അവനു ശുക്ര്‍ ചെയ്യുകയും ചെയ്യുക. കാരണം ആയിരക്കണക്കിന് മനുഷ്യര്‍ക്ക്‌ ഈ വെളിച്ചം കിട്ടാനുള്ള തൌഫിക് ലഭിച്ചിട്ടില്ല. അവര്‍ നമ്മുടെ പിതാക്കള്‍ ആവാം , സഹോദരങ്ങളാവാം, മക്കളാവാം, സുഹൃത്തുക്കള്‍ ആവാം, സഹപാഠികള്‍ ആവാം, അയല്‍വാസികള്‍ ആവാം..ഇങ്ങിനെ തുടങ്ങി ആരുമാവട്ടെ, അവര്‍ സലഫിയ്യത്തില്‍ എത്തിച്ചേരാത്തതില്‍ നമുക്ക് ദുഖമുണ്ട്. അവരെ ഓര്‍ക്കുമ്പോള്‍ നമ്മുടെ കണ്‍ കോണുകള്‍ സജലങ്ങള്‍ ആയിത്തീരുന്നു. കവിള്‍ത്തടങ്ങളില്‍ കണ്ണീര്‍ പൂക്കള്‍ ചിത്രം വരയ്ക്കുന്നു.

അവര്‍ക്കൊന്നും ലഭിക്കാത്ത അനുഗ്രഹം, അല്ലാഹുവിന്‍റെ മഹത്തായ ഫദല്‍ കൊണ്ട് നമുക്ക് ലഭിച്ചതിനാല്‍, അല്ലാഹുവിനെ നിരന്തരമായി സ്തുതിക്കുകയും അവന്‍റെ നാമങ്ങള്‍ വാഴ്ത്തുകയും കുടുതല്‍ കുടുതലായി അവനു ശുക്ര്‍ ചെയ്യുകയും ചെയ്യുക.

ഒരാള്‍ സലഫിയ്യത്തില്‍ എത്തിച്ചേര്‍ന്നു എന്നതിന്‍റെ അടയാളത്തില്‍ പെട്ടതാണ് ശറഇയ്യായ ഇല്മിലേക്ക് അയാള്‍ മുഖം തിരിച്ചു എന്നത്. ഇന്നലെ വരെ അന്യമായ ഒരു പുതിയ വാതില്‍. തികച്ചും അപരിചിതമായ ഒരനുഭവത്തിന്‍റെ കരുത്ത് മനോമുകരത്തില്‍ അത് തീര്‍ച്ചയായും ബാക്കി നിര്‍ത്തും. അത് ഹൃദയങ്ങളില്‍ ഒരു തീക്കനലായി എരിഞ്ഞു നില്‍ക്കും. സിരകളില്‍, ഉച്വാസ നിശ്വാസങ്ങളില്‍, പ്രവര്‍ത്തങ്ങളില്‍ പുതിയ ഒഴുക്കള്‍ സൃഷ്ടിക്കും.

കര്‍ണപുടങ്ങളില്‍ ഓളം തട്ടി നിന്ന ഘോരഷബ്ദങ്ങളില്ല, പ്രചാരണങ്ങളില്ല , ആളെക്കൂട്ടി മഹാമഹങ്ങളില്ല, ആളെക്കൂട്ടാനുള്ള തന്ത്രങ്ങളും തത്രപ്പാടുമില്ല, വരാം, പോകാം, വരാതിരിക്കാം, എന്ത് കൊണ്ട് വന്നില്ല? ആരും ചോദിക്കില്ല. സഹോദരാ, ഇത് നിന്‍റെ ദീന്‍, അത് പഠിക്കാന്‍ മനസ്സിലാക്കാന്‍ നിലക്കില്ലാത്ത ആവേശം എനിക്കെന്തിനു ? അറിയാത്തവരെ അറിയിക്കാം, വഴി കാണിക്കാം, വരേണ്ടവര്‍ക്ക് വരാം.

ആരും ചോദിച്ചില്ലെങ്കിലും, അല്ലാഹുവിന്‍റെ ദീനിനെക്കുറിച്ച് പഠിക്കാന്‍ താല്പര്യമുള്ളവര്‍, ക്ഷമിച്ചു സഹിച്ചു കഷ്ടപ്പെട്ട് ഉലമാക്കളുടെ സദസ്സുകളില്‍ എത്തും..കാരണം അവന്‍റെ അന്തരാളത്തില്‍ എരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു തീ ഗോളമുണ്ട്. അത് അവനിലെ വിജ്ഞാന ദാഹത്തെ ഉതിക്കാച്ചും ...അവനു ഒരിക്കലും അടങ്ങി നില്‍ക്കാന്‍ കഴിയില്ല. മനസ്സുകളില്‍ തളം കെട്ടികട്ട പിടിച്ചു കിടക്കുന്ന ഇരുട്ടിനെയും, ശുബ് ഹതിന്റെയും, ശഹ് വാതിന്റെയും കറകളെയും കഴുകാന്‍ ഇല്മിന്‍റെ കണങ്ങള്ക്കല്ലാതെ കഴിയില്ല.

ഇല്മു നേടാന്‍ മുന്നിടുമ്പോള്‍, സുന്നത്തും മന്ഹജും അറിയാത്തവരെ സമീപിക്കരുത്. അവര്‍ എത്ര വാചാലരും സത്യസന്തരും മുഖലിസുകളും ആണെങ്കിലും. കാരണം ബിദ്അതിന്‍റെ അംശങ്ങള്‍ സുന്നത്തിന്‍റെ ശുദ്ധജലം കൊണ്ട് കഴുകണമെങ്കില്‍ ആ ജല സ്രോതസ് ശുദ്ധമായിരിക്കണം. മന്ഹജ് അറിയാത്തവര്‍, വ്യക്തതയില്ലാത്തവര്‍ സുന്നത്തിന്‍റെ ശുദ്ധ സ്രോതസ്സുകള്‍ അല്ലേയല്ല.

വിശിഷ്യ അഹല് സുന്നത്തിന്‍റെ ഉസൂലുകള്‍ പഠിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. കാരണം അത് മന്ഹജാണ്, മന്ഹജിന്‍റെ അകക്കാമ്പാണ് . ഉസൂലുകള്‍ എത്ര മാത്രം ഒരാള്‍ സ്വായത്തമാക്കുന്നുവോ അത്രമാത്രം അയാള്‍ സുന്നത്തിനോട് അടുത്തായിരിക്കും, കുട്ടത്തില്‍ ഒരു കാര്യം കുടി ശ്രദ്ധിക്കുക, ചെവി തുറന്നു പിടിക്കുകയും വായ പുട്ടുകയും ചെയ്യുക. പ്രയാസകരമാണ്, വളരെ പ്രയാസകരമാണ്. നാം അങ്ങിനെ ശീലിചിട്ടെയില്ല, നമ്മുടെ ശീലം മറിച്ചാണ്. ഒരു വെടിക്കുള്ള മരുന്നുന്ടെങ്കില്‍ പത്തു വെടിയെങ്കിലും പൊട്ടിച്ചിരിക്കും..അത് പതിടത്താണെങ്കിലോ? പറയേണ്ടതില്ലല്ലോ പൂരം! അല്ല, അങ്ങിനെയല്ല, ഇസ്ലാം ദീന്‍ അറിയാത്തവന്‍ പറയാന്‍ പാടില്ല, അറിയാത്തവന്‍ മിണ്ടാതിരിക്കണം. അതാണ്‌ അറിവ്. അതൊരു അറിവാണ്. മുറി വൈദ്യന്‍ ചികിത്സിക്കാന്‍ പാടില്ല. ഇക്കാലമത്രയും പിഴച്ച മന്ഹജില്‍ ജീവിതം ഹോമിച്ചവര്‍, കടന്നു വന്ന വഴികള്‍ തിരിഞ്ഞു നോക്കി തിരുത്തുകയും വളവുകള്‍ നേരെയാക്കുകയും ചെയ്യുക. എന്നാല്‍ മാത്രമേ മുന്നോട്ടുള്ള പ്രയാണം സുഖമമാവുകയുള്ളൂ . ഈ ഒരു സന്നിഗ്ധ ഘട്ടം അവനു, അവന്‍റെ സ്വത്വം ബോധ്യപ്പെടുത്തും.

അവന്‍റെ മനസ്സാക്ഷി അവന്‍റെ നാവിനെ കീഴ്പെടുത്തും. ലോകത്തിന്‍റെ ഏതു ഭാഗത്തായാലും ആരും അന്വേഷിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്തില്ലെങ്കിലും സംത്രിപ്തനും ക്ഷമാശീലനുമായി ജീവിക്കാന്‍ ഒരു സലഫിക്ക് മാത്രമേ കഴിയൂ . നിശബ്ധമായ നീക്കങ്ങള്‍ അവന്‍റെ ചുറ്റിലും പ്രകാശം പരത്തും. അറിയാതെ, അറിയിക്കാതെ പലരും ആ പ്രകാശത്തില്‍ നിന്ന് വെളിച്ചം കൊളുത്തും. സലഫി, മഴ പോലെയാണ്...എവിടെ പൈതിറങ്ങിയാലും അത് ഗുണം ചെയ്തിരിക്കും. !

1 comment:

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.