Friday, August 14, 2020

എൻ വി സകരിയയും മാസപ്പിറവിയും പിന്നെ ഹിലാൽ കമ്മറ്റിയും

അരീക്കോടുകാരനായ എൻ വീ സക്കരിയയുടെ "മാസപ്പിറവി - മതവും ശാസ്ത്രവും" എന്ന വിഷയത്തിലുള്ള ഒരു ഓഡിയോ കുറച്ചു നേരമായി സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്നുണ്ട്. കാര്യമായ ചർച്ചയോ ഗൗരവമർഹിക്കുന്ന നിരീക്ഷണങ്ങളോ ഒന്നും അതിലടങ്ങിയിട്ടില്ലെങ്കിലും മാസപ്പിറവിയുമായി ബന്ധപ്പെട്ട് ഹിലാൽ കമ്മറ്റിയുടെ കീഴ്ക്കാംതൂക്കായ നിലപാടിനെ സാമാന്യവൽക്കരിച്ചു അതാണ് ശെരിയായ നിലപാട് എന്ന് വിശതീകരിക്കാൻ നിന്ന് വിയർക്കുന്നത് കാണുമ്പോൾ സഹതാപം തോന്നുകയാണ്. അരീക്കോട് നല്ല ഒരു പ്രദേശമാണ്. ഒരുപാട് നല്ല മുസ്‌ലിംകൾ ജീവിച്ചു മരിച്ചുപോയ ഒരു നാട്. പക്ഷെ, എപ്പോഴും അങ്ങിനെതന്നെ ആയിക്കൊള്ളണമെന്നില്ല.
മാസപ്പിറവിയുമായി ബന്ധപ്പെട്ട വിഷയത്തിൽ കണക്കിനല്ല കാഴ്ചക്കാണ് പ്രസക്തിയും പരിഗണനയുമെന്ന കാര്യം പ്രമാണങ്ങളെക്കുറിച്ചു ശരാശരി ധാരണയുള്ള എല്ലാവർക്കുമറിയാവുന്നതാണ്. നദ്‌വത്തുൽ മുജാഹിദീന്റെ പഴയ കാല നിലപാടുകൾ അത് ശെരിവെക്കുന്നതുമാണ്. ആ നിലപാടിന്റെ ആധാരം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് മാസപ്പിറവിയുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള സ്വഹീഹായ ധാരാളം ഹദീസുകളും നബിയും സ്വഹാബതുമടങ്ങുന്ന സലഫുകളുടെ നടപടിക്രമവും താബിഉകളും തബഉൽ അത്ബാഉമടക്കം ഇന്നോളമുള്ള മുസ്‌ലിം ഉമ്മത്തിന്റെയും പ്രാമാണികരായ ഉലമാക്കളുമാണ്. മറിച്ചു നിലപാടുകളുള്ള ഒറ്റപ്പെട്ട വ്യക്തികളും പണ്ഡിതന്മാരുമുണ്ടാകാം. അത് നിഷേധിക്കുന്നില്ല. എന്നാൽ അത്തരം വീക്ഷണഗതികളോടുള്ള സമീപനം അവർ ആ നിലപാടുകൾ സ്വീകരിക്കാൻ അവലംബിച്ച ദലീലിന്റെ പ്രാമാണികത പരിശോധിച്ച് കൊണ്ടായിരിക്കും. അല്ലാതെ , ഒരു വിഷയത്തിൽ എതിരഭിപ്രായം കാണുമ്പോഴേക്ക് "കിട്ടിപ്പോയി" എന്ന് പറഞ്ഞു കൊണ്ട് "വീക്ഷണ വ്യത്യാസമുള്ള" മസ്അലയായി വിലയിരുത്തുകയും, രണ്ടഭിപ്രായത്തിൽ ശെരിയെന്നു തോന്നുന്ന ഏതെങ്കിലുമൊന്ന് ഓരോരുത്തരുടെയും സൗകര്യം പോലെ ഏറ്റെടുത്തു പ്രചരിപ്പിക്കുകയും ചെയ്യുന്ന രീതി സുരക്ഷിതമോ പ്രോത്സാഹനാർഹമോ അല്ല. എന്നാൽ ഇവിടെ സകരിയ മൗലവി ആ നിലപാടാണ് സ്വീകരിച്ചു കാണുന്നത്. അദ്ദേഹം "കാഴ്ചക്ക് പരിഗണന നൽകുകയും കണക്കിനെ അവഗണിക്കുകയും ചെയ്യുന്ന രീതി ഇസ്‌ലാമികമല്ല എന്നാണാവകാശപ്പെടുന്നത്. അതായത് ഗോളശാസ്ത്ര കണക്കിന്റെ അടിസ്ഥാനത്തിൽ ഒരു നിലക്കും പിറവി ദർശനം സാധ്യമല്ലായെന്നു അതിന്റെ ആളുകൾ കട്ടായം പറയുന്ന ദിവസം, വിശ്വസ്തനും സത്യസന്ധനുമായ ഒരാൾ പിറവി ദർശനം സാക്ഷ്യപ്പെടുത്തിയാൽ അത് സ്വീകാര്യമല്ലായെന്നും അപ്പോൾ കണക്കിന് മാത്രമാണ് പരിഗണനയെന്നും അതാണ് ഇസ്‌ലാമിക നിലപാടെന്നും സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. അതിന് യാതൊരു ദലീലും അദ്ദേഹത്തിന് മുന്നോട്ട് വെക്കാനില്ല! മുജാഹിദ് പ്രസ്ഥാനത്തിന്റെ പരിണാമ ഘട്ടത്തിലെ മറ്റൊരു പേറ്റുനോവായി മാത്രമേ നമുക്കിതിനെ കാണാൻ കഴിയൂ. മാസപ്പിറവി നിർണ്ണയിക്കാൻ ദർശനം കൂടിയേ തീരൂവെന്ന് ബോധ്യപ്പെടുത്തുന്ന സ്വഹീഹായ ഹദീസുകളും സ്വഹാബികൾ അടക്കമുള്ള സലഫുകളുടെ ഫഹമും അമലും പൗരാണികരും ആധുനികരുമായ പ്രാമാണികരായ ഉലമാക്കളുടെ നിലപാടുകളും അരുക്കാക്കാൻ സുബുകിയുടെ ഒറ്റപ്പെട്ട അഭിപ്രായത്തിനു പരിഗണന നൽകുന്ന എൻവീ, താങ്കൾ വീണത് പടുകുഴിയിലാണ് ! സഹതാപമർഹിക്കാത്ത വീഴ്ച! സ്വഹാബത്തും അഹ്‌ലുസ്സുന്നത്തിന്റെ പ്രാമാണികരായ ഉലമാക്കളും ഒരു ഭാഗത്തു നിൽക്കുമ്പോൾ മറുഭാഗത്തു സുബുകിയുടെ ഒറ്റപ്പെട്ട വീക്ഷണവുമായി അങ്കത്തിനിറങ്ങാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു !!
ചുരുക്കത്തിൽ മാസപ്പിറവി കാണുക എന്നത് അഭിപ്രായ വ്യത്യാസമുള്ള ഒരു മസ്അലയാക്കി ചുരുട്ടിക്കെട്ടാൻ നിങ്ങൾക്ക് കഴിഞ്ഞുവെന്നാശ്വസിക്കാം ! പക്ഷെ അരീക്കോടിന്റെ ഓരോ മൺതരിയും നിങ്ങൾക്കെതിരെ എഴുനേറ്റു നിൽക്കും ! നിങ്ങൾ സംരക്ഷിക്കാൻ പാടുപെടുന്ന സർക്കുലർ എന്ന് തൊട്ടാണ് മതനിയമ സ്രോദസ്സായി പവിത്രമായിത്തീർന്നത് ? മാസപ്പിറവിയുടെ കാര്യം തീരുമാനമായ സ്ഥിതിക്ക് ഇനി തറാവീഹിന്റെ റക്അത്തിന്റെ കാര്യം കൂടി കട്ടപ്പുറത്താക്കാം. എന്തേ പറ്റില്ലേ ? മാസപ്പിറവിയുടേതിനേക്കാൾ കൂടുതൽ "തെളിവുകൾ" അതിനുണ്ട്. നബിയും സ്വഹാബികളും പതിനൊന്നിൽ കൂടുതൽ രാത്രി നമസ്കാരം നിർവ്വഹിച്ചതായി വിശ്വാസയോഗ്യമായ ഒരു രേഖയുമില്ല. എന്നാൽ, ഒരു അബ്ദുള്ള അൽ മനീഉ മാത്രമല്ല ശൈഖുൽ ഇസ്‌ലാം ഇബ്നുതീമിയ, ഇബ്നുൽഖയ്യിം തൊട്ട് ശൈഖ്‌ ഇബ്നു ബാസ്, സ്വാലിഹുൽ ഉസൈമീൻ അടക്കം സൗദിയിലുള്ള മിക്ക പണ്ഡിതരും പതിനൊന്നിലധികം ആകാമെന്ന വീക്ഷണക്കാരാണ്. അപ്പോൾ തറാവീഹും അഭിപ്രായ
വ്യത്യാസമുള്ള വിഷയമായി ! ഇങ്ങിനെ ഒറ്റപ്പെട്ട അഭിപ്രായങ്ങൾ ചികയുകയും വഴിയിൽ കിട്ടിയതെല്ലാം ദീനായി പ്രചരിപ്പിക്കുകയും ചെയ്‌താൽ പിന്നെയെവിടെയാണ് മൗലവി ആദർശനിഷ്ഠ നിലനിൽക്കുക ? പല കാരണങ്ങളാലും തെറ്റായ അഭിപ്രായങ്ങളും വീക്ഷണഗതികളും പ്രകടിപ്പിക്കുകയും രേഖപ്പെടുത്തുകയും ചെയ്ത എത്രയെത്ര കിടയറ്റ ഉലമാക്കൾ കഴിഞ്ഞുപോയിട്ടുണ്ട് ? അവരുടെ വീക്ഷണഗതികളോടുള്ള നിലപാട് സ്വീകാര്യവും അസ്വീകാര്യവുമാകുന്നത്, അവരുടെ നിലപാടുകളുടെ ആധാരം എന്ത് എന്ന് പരിശോധിച്ച് കൊണ്ടാണ്. അല്ലാതെ സർക്കുലറിനൊപ്പിച്ചു പറഞ്ഞു പരത്തലല്ല. അത് കൊണ്ട് തന്നെ മാസപ്പിറവി വിഷയത്തിൽ സുബുക്കിയും അബ്ദുള്ള മനീഉം പറഞ്ഞതും നദ്‌വത്തുൽ മുജാഹിദീൻ സ്വീകരിച്ച പുതിയ നിലപാടും സ്വീകാര്യമോ സ്വാഗതാർഹമോ അല്ല ! ഹോം കൊറണ്ടൈനിൽ നടത്തിയ " ഓൺലൈൻ ഖുതുബ" പോലെ മറ്റൊരു പോഴത്തപ്പണിയാണ് മാസപ്പവിയുമായി ബന്ധപ്പെട്ട നിങ്ങളുടെ ഈ പുതിയ ക്ലിപ്പ് !

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.