Thursday, August 20, 2020

തൊഴിലിന്റെ മഹത്വം


അളളാഹു പല നിലവാരത്തിലാണ് മനുഷ്യരെ സൃഷ്ട്ടിച്ചത്. ശാരീരികവും കായികവും മാനസികവും ബൗദ്ധികവുമായ ഏറ്റപ്പറ്റുകൾ ഇല്ലാത്ത മനുഷ്യരില്ല. അതുപോലെ ഭൗതിക സാഹചര്യങ്ങളും സൗകര്യങ്ങളും കഴിവുകളും ശേഷികളും എല്ലാം വ്യത്യസ്തമാണ്. ചിലർക്ക് അള്ളാഹു ധാരാളം സമ്പത്തു നൽകി. വേറെ ചിലർക്ക് അനിതര സാധാരണമായ ബുദ്ധി ശക്തി നൽകി അനുഗ്രഹിച്ചു. മറ്റു ചിലർക്ക് ആരോഗ്യവും അദ്ധ്വാനിക്കാനുതകുന്ന വിധത്തിലുള്ള കായിക ബലവും ശേഷിയും പ്രദാനം ചെയ്തു. ഇതെല്ലാം മനുഷ്യർ തന്നെ. രണ്ട് കാലിൽ നടക്കുകയും സംസാരിക്കുകയൂം കരയുകയും ചിരിക്കുകയും സിരകളിൽ ഒരേ രക്തം ഓടുകയും ചെയ്യുന്ന മനുഷ്യൻ ! ചിലർ സുഖലോലുപരായി കൊട്ടാര സമാന സൗധങ്ങളിൽ അന്തിയുറങ്ങുമ്പോൾ വേറെ ചിലർ തെരുവോരങ്ങളിൽ സുഷുപ്തിയിൽ മുഴുകുന്നു. എല്ലാം മനുഷ്യ ജീവിതത്തിന്റെ വേറിട്ട കാഴ്ചകൾ ! ഈ വിത്യസ്തതകളിൽ മനുഷ്യനെന്ന പൊതു ധാരയിൽ ഒരുമിക്കുകയും പരസ്പരം പങ്കു വെക്കുകയും ചെയ്യുമ്പോൾ അവൻ അല്ലാഹുവിന്റെ മനുഷ്യനെന്ന മഹത്തായ സൃഷ്ടിയായി. എല്ലാ മനുഷ്യരെയും ഭൗതികമായ ഏക മുഖമായ നിലയിൽ അളളാഹു ആക്കിയിട്ടില്ല. പരസ്പരം പങ്കു വെച്ചും സഹകരിച്ചും ഇടപെട്ടും കൊള്ള കൊടുക്കലുകൾ നടത്തിയും തൃപ്തി കണ്ടെത്തുന്ന നിലയിൽ മനുഷ്യർ ജീവിക്കട്ടെയെന്നാണ് അല്ലാഹു തീരുമാനിച്ചത്. ഈ വീതം വെപ്പ് അങ്ങിനെതന്നെ നിലനിൽക്കണം. അപ്പോഴേ സഹിഷ്ണുതയും സ്നേഹവും പരസ്പര ധാരണയും സഹാനുഭൂതിയും അനുകമ്പയും മനുഷ്യരിൽ നിലനിൽക്കുകയുള്ളൂ. എല്ലാവരും പണക്കാരായാൽ പിന്നെ പണിക്കാരുണ്ടാകുമോ? എല്ലാവരുടെയും ജീവിത നിലവാരം ഉയർന്നതായാൽ പരസ്പര സഹായത്തിന്റെ ഭൂമിക അപ്രത്യക്ഷമാവില്ലേ ? അപ്പോൾ മനുഷ്യന്റെ ജീവിത സന്തുലിതാവസ്ഥ നിലനിൽക്കണമെങ്കിൽ മുതലാളിയും തൊഴിലാളിയുമുണ്ടാകണം. എന്നാൽ മാത്രമേ മനുഷ്യ ജീവിതത്തിന്റെ സുഖമമായ ഗമനത്തിന് ഒഴുക്കുണ്ടാവുകയുള്ളൂ. ഒരു ചാക്ക് അരി വാങ്ങാൻ സാമ്പത്തിക ശേഷിയുള്ളവന് അര ചാക്ക് ചുമക്കാനുള്ള ശാരീരിക ശേഷിയില്ല. തിരിച്ചും അങ്ങിനെതന്നെ. അവൻ തൊഴിലാളിയെ ആശ്രയിക്കുന്നു. മണിമാളികകളിൽ അന്തിയുറങ്ങുന്നവന് അത് കെട്ടിയുണ്ടാക്കുന്നത് ചോർന്നൊലിക്കുന്ന ഓലക്കുടിലിൽ അന്തിയുറങ്ങുന്ന തൊഴിലാളിയാണ്! ഇതാണ് ജീവിത പാരസ്പര്യത്തിന്റെ വിചിത്ര സമവാക്യങ്ങൾ ! ഇത് നിലനിൽക്കണം ; നില നിന്നേ തീരൂ. മനുഷ്യ ജീവിതത്തിന്റെ ബാലൻസ് നില നിൽക്കാൻ അതാവശ്യമാണ്. 

ഇന്ന് നാടുകളിൽ പണിക്കാർക്ക് ക്ഷാമമാണ്. കാർഷിക, ഗാർഹിക, നാടൻ തൊഴിലുകൾക്കൊന്നും ആളെ കിട്ടാനില്ല. അറിയുന്ന ജോലി ചെയ്ത് മാന്യമായി ഉപജീവനം നടത്തിയിരുന്ന സാധാരണക്കാർ ഒക്കെ എവിടെ പോയി ? അവർക്കൊക്കെ എന്ത് പറ്റി ? തെങ്ങു കയറാനും പറമ്പിൽ കിളക്കാനും കൊത്താനും മാന്താനും കിണറ് കുഴിക്കാനും വന്നിരുന്ന മനുഷ്യർ എവിടെ ? അവരുടെ ആവശ്യങ്ങളും ദൈനംദിന കാര്യങ്ങളും എങ്ങിനെ നടക്കുന്നു? ആധുനിക സമൂഹത്തിൽ വളർന്നു വന്ന #നന്മ #മരങ്ങൾ  അവരെ കൊന്ന് കഴിഞ്ഞു. പണിയെടുക്കാതെ കാര്യങ്ങൾ നടന്നു പോകുന്ന അവസ്ഥ അവർ നാട്ടിലുണ്ടാക്കി. വീടും വിഭവവും തടിയനങ്ങാതെ കിട്ടുന്ന സാഹചര്യം സൃഷ്ട്ടിച്ചു. ഒരു നയാ പൈസ സ്വന്തമായി എടുക്കാനില്ലാത്തവൻ നന്മ മരമായി മോന്തായം മീതെ വളർന്നു നിൽക്കുന്നു ! സാധാരണക്കാരെ മാന്യമായി ജോലി ചെയ്യാനും ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കാനും ആരെയും ഇവർ അനുവദിക്കില്ല. 

ജോലി ചെയ്യാതെ ഉപജീവനം എന്നത് അചിന്ത്യമാണ്. മറ്റൊരാളുടെ മുമ്പിൽ കൈ നീട്ടുന്നത് അതിനേക്കാൾ നിന്ദ്യവും നികൃഷ്ടവുമാണ്. 

നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞു "എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ സത്യം, നിങ്ങളിലൊരാൾ കയറുമായി വിറക് കെട്ടി തന്റെ മുതുകിൽ ചുമന്നു കൊണ്ട് പോകുന്നതാണ് മറ്റൊരുത്തന്റെ മുമ്പിൽ കൈ നീട്ടുന്നതിലും ഉചിതം ; അവൻ നൽകിയാലും ഇല്ലെങ്കിലും" ( മുതഫക്കുൻ അലൈഹി) 

🖌ബശീർ പുത്തൂർ

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.