Monday, December 3, 2018

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് നിഷേധിക്കുന്നവരോട് - 2

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസിനെ നിഷേധിക്കുന്നവർ സാധാരണ ഗതിയിൽ അതിനു ഉന്നയിക്കാറുള്ള ന്യായങ്ങൾ, പ്രസ്തുത ഹദീസ് ഖുർആൻ ആയത്തിനു എതിരാവുന്നു, ആ ഹദീസിന്റെ റിപ്പോർട്ടർമാരിൽ ന്യുനതയുള്ള ആളുകൾ ഉണ്ട് എന്നൊക്കെയാണ്. വാസ്തവത്തിൽ ഇവരുടെ വാദത്തിന്റെ ഉള്ളറകളിലേക്ക് ഇറങ്ങി ചെന്നാൽ നബിക്കു സിഹ്ർ ബാധിച്ചു എന്ന് വിശ്വസിക്കാൻ ഇവരുടെ ബുദ്ധി ഇവരെ അനുവദിക്കുന്നില്ല എന്നതാണ് വസ്തുത. ഖുർആൻ, ഹദീസ് തുടങ്ങിയ പ്രമാണങ്ങളെ കേവല ബുദ്ധിയുടെ അടിസ്ഥാനത്തിൽ സമീപിക്കാൻ പാടില്ല എന്ന അടിസ്ഥാന തത്വം മറന്നു പോവുകയും അള്ളാഹുവിന്റെ ദീനിലെ എല്ലാ കാര്യവും ബുദ്ധിക്കും യുക്തിക്കും ആധുനിക ശാസ്ത്രത്തിനും യോജിച്ചാൽ മാത്രമേ ശെരിയാകൂ എന്നുമുള്ള ധാരണ സയ്യിദ് റഷീദ് രിദ-മുഹമ്മദ് അബ്ദ തുടങ്ങിയ ഈജിപ്ത്യൻ അഖ് ലാനിയ്യത്തിൽ നിന്ന് കേരളത്തിലേക്ക് കയറിവന്നതാണ്. അത് കൊണ്ട് തന്നെ ബുദ്ധിക്കു യോജിക്കാത്ത വേറെയും ഒരു പാട് ഹദീസുകൾ പരശ്ശതം ഹദീസ് ഗ്രന്ഥങ്ങളിൽ സ്വഹീഹായ സനദുകളിൽ രിവായതു ചെയ്യപ്പെടുകയും മുസ്‌ലിം ലോകം ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്യപ്പെട്ടതായിട്ടുണ്ട്. ഇന്ന് സിഹ്‌റിന്റെ ഹദീസിനെ നിഷേധിക്കുന്നവർ നാളെ അവരുടെ യുക്തിക്കു നിരക്കാത്ത മറ്റു ഹദീസുകളെ നിഷേധിക്കും എന്നതിൽ യാതൊരു സംശയവുമില്ല.
ഈ അഖ് ലാനിയ്യത്തിനെ നേരിടേണ്ടത് സുന്നത്തു കൊണ്ട് മാത്രമാണ്. പൊതു സമൂഹത്തിനു മുമ്പിൽ ഉത്പതിഷ്ണുക്കളായി പ്രത്യക്ഷപ്പെടാൻ പരിഷ്കാരികളായി ഇവർക്ക് വേഷം കെട്ടേണ്ടതായി വരും. വിശ്വാസങ്ങളും ആചാരങ്ങളും പഴഞ്ചനാണെന്ന പൊതുബോധത്തിന്റെ ആക്ഷേപം ഒഴിവാക്കാൻ ഇവർക്ക് പലപ്പോഴും മുഖം മിനുക്കേണ്ടതായി വരും. അള്ളാഹുവിന്റെ ദീനിനെ വേണ്ട വിധം മനസ്സിലാക്കുകയും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ ചര്യ സ്വഹാബത് മനസ്സിലാക്കിയത് പോലെ മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും അമല് ചെയ്യുകയും ചെയ്യുന്ന ഒരു വിശ്വാസിയെ സംബന്ധിച്ചേടത്തോളം പൊതുബോധത്തെ പ്രീണിപ്പിക്കുകയും സുഖിപ്പിക്കുകയും ചെയ്യേണ്ട ആവശ്യമില്ല.
പ്രമാണങ്ങളെ ബുദ്ധിയുടെയും യുക്തിയുടെയും അടിസ്ഥാനത്തിൽ സമീപിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന ആളുകളോട് സുന്നത്തുമായി സമീപിക്കുമ്പോൾ അവർക്ക് ഒളിച്ചോടേണ്ടി വരിക സ്വാഭാവികം. ഈയിടെ ചില വാട്സാപ്പ് ഗ്രൂപ്പുകളിൽ നബിക്കു സിഹ്ർ ബാധിച്ചു എന്ന വിഷയത്തിൽ വെല്ലുവിളിയുമായി നടന്ന അഖ് ലാനികൾക്കു അവസാനം " കൂട്ട ആത്മഹത്യ" ചെയ്തു ഓടിയൊളിക്കേണ്ട ഗതികേടുണ്ടായി. പ്രമാണങ്ങൾക്ക് മുമ്പിൽ പിടിച്ചു നിൽക്കാൻ ഒരിക്കലും ഇവർക്ക് കഴിയില്ല. എന്നാൽ തെറ്റിധാരണ ജനിപ്പിക്കുകയും സാധാരണ ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയും
ചെയ്യുന്നതിൽ നിന്ന് ഇവർ ഒരിക്കലും പിന്മാറുകയുമില്ല.
സുന്നത്തിനെതിരിൽ ഉന്നയിക്കപ്പെടുന്ന എല്ലാ ആരോപണങ്ങളെയും സുന്നത്തു കൊണ്ട് തന്നെ നേരിടേണ്ടതുണ്ട്. ജനങ്ങളെ ഗ്രുപ്പുകളും കക്ഷികളും പാർട്ടികളും സംഘടനകളുമാക്കി കോളം തിരിച്ചു അതിനു വേണ്ടി പരസ്പരം പോരടിച്ചു കൊണ്ടിരിക്കുന്നവർ അള്ളാഹുവിന്റെ ദീനിനെയാണ് തർക്കവേദിയാക്കിക്കൊണ്ടിരിക്കുന്നത് എന്ന കാര്യം മറക്കാതിരിക്കുക.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.