Friday, September 21, 2018

അറഫാ ദിനം - 3

അറഫാ ദിവസത്തെ നോമ്പുകൊണ്ട് കഴിഞ്ഞ ഒരു വര്‍ഷത്തെയും വരാനിരിക്കുന്ന ഒരു വര്‍ഷത്തെയും പാപങ്ങള്‍ പൊറുക്കപ്പെടും. ഹാജിമാര്‍ അറഫയില്‍ നില്‍ക്കുന്ന ദിവസമാണ് അറഫാ ദിനം. അത് ദുല്‍ഹിജ്ജ ഒമ്പതിനാണ്. അറബി മാസം തീരുമാനിക്കുന്നത് മാസപ്പിറവി കാണുന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. മാസപ്പിറവി ഒരോ വീട്ടിലും പറമ്പിലും മഹല്ലിലും നാട്ടിലും രാജ്യത്തും പ്രത്യേകം പ്രത്യേകം കാണേണ്ടതില്ല. ലോകത്ത് എവിടെയെങ്കിലും ഒരിടത്ത് കാണുകയും, ആ കാഴ്ച ഒരു മുസ്ലിം ഭരണാധികാരി അംഗീകരിച്ച് പ്രഖ്യാപിക്കുകയും ചെയ്താല്‍ ആ വിവരം യഥാസമായം ലഭിക്കുന്ന ഏതൊരാള്‍ക്കും അത് ബാധാകമായിരിക്കും.

ഹജ്ജിന്‍റെ കര്‍മ്മങ്ങള്‍ നടക്കുന്നത് മക്കയിലാണ്. അവിടുത്തെ ഭരണാധികാരി, ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടത് അംഗീകരിച്ച് പ്രഖ്യാപിക്കുകയും തദടിസ്ഥാനത്തില്‍ ദുല്‍ഹിജ്ജ ഒമ്പതിന്ന് അറഫാ ദിനം നിശ്ചയിക്കുകയും ചെയ്യുന്നു. അന്നാണ് ഹാജിമാര്‍ അറഫയില്‍ നില്‍ക്കുന്നത്.

മക്കയിലെ ഭരണാധികാരി മക്കയിലെ പ്രാദേശികമായ കാഴ്ച മാത്രമല്ല പരിഗണിക്കുക. ലോകത്ത് എവിടെ കണ്ടാലും, യോഗ്യരായ ആളുകള്‍ സാക്ഷ്യപ്പെടുത്തുന്ന പക്ഷം, അദ്ദേഹത്തിന് അത് അംഗീകരിച്ച് പ്രഖ്യാപിക്കാവുന്നതാണ്. ഉമര്‍ رضي الله عنه അങ്ങനെ ചെയ്തിരുന്നു എന്നത് സുവിദിതമാണല്ലോ. ബലിപെരുന്നാള്‍ വിഷയത്തില്‍ മറ്റു നാട്ടുകാരെല്ലാം മക്കക്കാരെ പിന്തുടരുകയാണ് വേണ്ടതെന്ന് ഇമാം അഹ് മദിനെ പോലുള്ളവര്‍ പറഞ്ഞതിന്‍റെ സാംഗത്യവും അതു തന്നെയാണ്. അല്ലാതെ ഹാജിമാര്‍ അറഫയില്‍ നില്‍ക്കുന്ന "സമയത്ത് തന്നെ" അറഫാ നോമ്പ് പിടിക്കണം എന്നല്ല. അങ്ങനെ പറയാന്‍ തെളിവൊന്നുമില്ല. പരിഗണനീയരായ പണ്ഡിതന്മാരാരും അങ്ങനെ പറഞ്ഞിട്ടുമില്ല. അത് പ്രായോഗികവുമല്ല.

ഈ വര്‍ഷം [1439/2018] ആഗസ്ത് 21 ചൊവ്വാഴ്ചയാണ് കേരളത്തിലുള്ളവര്‍ അറഫാ നോമ്പ് പിടിക്കേണ്ടത് എന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. അത് ശരിയല്ല. അത് തെറ്റാണ്. അന്ധമായ അനുകരണമോ, സംഘടനാപരമായ പക്ഷപാതമോ അല്ലാതെ മറ്റൊരടിസ്ഥാനവും അതിനില്ല. ആഗസ്ത് 11 ശനിയാഴ്ച സൂര്യനസ്തമിച്ച ശേഷം ദുല്‍ഹിജ്ജ മാസപ്പിറവി കാണുകയും, അത് മക്കയിലെ ഭരണാധികാരി അംഗീകരിച്ച്, ആഗസ്ത് 12 ഞായറാഴ്ച ദുല്‍ഹിജ്ജ ഒന്നായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ളതാണ്. തടദിസ്ഥാനത്തില്‍ ആഗസ്ത് 20 തിങ്കളാഴ്ചയാണ് ഈ വര്‍ഷത്തെ അറഫാ ദിനമായി നിശ്ചയിച്ചിട്ടുള്ളത്. അക്കാര്യം യഥാസമയത്ത് അറിഞ്ഞിട്ടും അത് അംഗീകരിക്കാതെ, കേരളത്തിലുള്ള ചിലര്‍ അവരുടെ പറമ്പില്‍ തന്നെ മാസപ്പിറവി കാണണമെന്ന് വാശിപിടിച്ചതു കൊണ്ടാണ് ഇങ്ങനെ ഒരു അബദ്ധം പിണഞ്ഞത്.

ഈ വങ്കത്തം മറച്ചു പിടിക്കാന്‍ വേണ്ടി അവരുന്നയിക്കുന്ന ഒരു ദുര്‍ന്യാായമാണ് മക്കയുടെ എതിര്‍ ദിശയില്‍ സ്ഥിതിചെയ്യുന്ന നാടുകളിലുള്ളവര്‍ക്ക് എങ്ങനെയാണ് ഹാജിമാര്‍ അറഫയില്‍ നില്‍ക്കുന്ന "സമയത്ത് തന്നെ" അറഫാ നോമ്പ് പിടിക്കാന്‍ കഴിയുക എന്നുള്ളത്. ശുദ്ധമായ ഒരു അസംബന്ധം മാത്രമാണിത്. രണ്ടു കാര്യങ്ങള്‍ ഓര്‍ക്കുക:

1. ഹാജിമാര്‍ അറഫയില്‍ നില്‍ക്കുന്ന "സമയത്ത് തന്നെ" അറഫാ നോമ്പ് പിടിക്കണമെന്ന് അഹ് ലുസ്സുന്നത്തില്‍പെട്ട ആരും പറയുന്നില്ല. അതിനു പ്രമാണ രേഖകളുടെ പിന്‍ബലമില്ല, പരിഗണനീയമായ പണ്ഡിതാഭിപ്രായങ്ങള്‍ പോലുമില്ല. അത് ഒട്ടും പ്രായോഗികവുമല്ല. മറിച്ച്, അറഫാ ദിവസം ഒന്നേയുള്ളു. അത് ദുല്‍ഹിജ്ജ ഒമ്പതിനാണ്. ദുല്‍ഹിജ്ജ ഒമ്പത് ഓരോ പറമ്പും പ്രദേശവും മാറുന്നതിനുസരിച്ച് മാറ്റേണ്ട ഒന്നല്ല. ഇങ്ങനെയാണ് മഹാന്മാരായ ഇമാമുകളും മുഹഖിഖുകളായ ഉലമാക്കളും പറഞ്ഞിട്ടുള്ളത്.

2. മക്ക മനുഷ്യാധിവാസ കേന്ദ്രങ്ങളുടെ മധ്യത്തിലാണ് സ്ഥിതിചെയ്യുന്നത്. അവിടെ നിന്ന് കിഴക്കോട്ട് 12 മണിക്കൂറും, പടിഞ്ഞാറോട്ട് 12 മണിക്കൂറും ചേരുന്നതാണ് ഭൂമിയിലെ ഒരു ദിവസം. അതു കൊണ്ട് തന്നെ, ലോകത്തിന്‍റെ ഏത് കോണില്‍ വസിക്കുന്നവനും അറഫാ ദിവസം തന്നെ അറഫാ നോമ്പ് പിടിക്കാന്‍ കഴിയും. മാസപ്പിറവി പ്രാദേശികമായി തന്നെ കാണണമെന്നും, തദടിസ്ഥാനത്തില്‍ പ്രാദേശികമായി ദുല്‍ഹിജ്ജ 9 എന്നാണോ വരുന്നത് അന്നാണ് അറഫാ നോമ്പ് പിടിക്കേണ്ടതെന്ന് ജല്‍പിക്കുകയും ചെയ്യുന്നവര്‍ അറഫാ ദിവസം തന്നെ അറഫാ നോമ്പ് പിടിക്കാനുള്ള തൌഫീഖ് സ്വയം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.

പ്രമാണ രേഖകളാണ്, യുക്തിയല്ല മതകാര്യങ്ങള്‍ക്ക് അടിസ്ഥാനമെന്ന് വിശ്വസിക്കുന്ന ഒരാളും ഇങ്ങനെ ഒരു ചോദ്യം ഉന്നയിക്കാനിടയില്ല. മറിച്ച്, യുക്തി പ്രമാണ രേഖകള്‍ക്കും അതീതമാണെന്ന് കരുതുന്ന ചില അല്‍പബുദ്ധികളാണ് ഈ അസംബന്ധം എഴുന്നള്ളിക്കാറുള്ളത്. മാസപ്പിറവി ലോകത്ത് എവിടെ കണ്ടാലും പരിഗണിക്കേണ്ടതാണ്. പ്രാദേശികമായ കാഴ്ച നിര്‍ബന്ധമില്ലാത്തതാണ്. പ്രമാണബദ്ധവും പ്രായോഗികവുമായ ഈ നിലപാടിനെ ഖണ്ഡിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഇല്ലാത്ത ആരോപണങ്ങളുന്നയിച്ച് മറുപടി പറഞ്ഞ് ആത്മസംതൃപ്തി നേടാന്‍ ചില അല്‍പന്മാരുടെ കുബുദ്ധിയില്‍ ഉദിക്കുന്ന കാര്യമാണ് 'മക്കയുടെ ഏതിര്‍ ദിശയില്‍ സ്ഥിതിചെയ്യുന്ന നാടുകളിലുള്ളവര്‍ ഹാജിമാര്‍ അറഫയില്‍ നില്‍ക്കുന്ന "സമയത്ത് തന്നെ" എങ്ങനെ അറഫാ നോമ്പ് പിടിക്കും' എന്നുള്ള ചോദ്യം.

തിങ്കളാഴ്ച അറഫാ നോമ്പ് പിടിച്ച് ബുധനാഴ്ച ബലിപെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ നോമ്പിനും പെരുന്നാളിനും ഇടയില്‍ ഒരു ദിവസത്തെ വിടവ് വരില്ലേ? ഇങ്ങനെ ഒരു സംശയം സ്വാഭാവികം മാത്രം. അങ്ങനെ ഒരു ശൂന്യദിനം വരുന്നതിന് ഒരു കുഴപ്പവുമില്ല. ദീനില്‍ അതിന് തെളിവുണ്ട് താനും. ഹദീസുര്‍ റഹ്ത്വ് നല്‍കുന്ന രണ്ടാമത്തെ പാഠവും അതു തന്നെയാണ്. റമളാന്‍ 29 ന് മദീനയില്‍ മാസപ്പിറവി ദൃശ്യമായില്ല. അടുത്ത ദിവസം അവര്‍ നോമ്പ് തുടര്‍ന്നു. വൈകുന്നേരം അസ്ര്‍ നമസ്കരിച്ചിരിക്കുമ്പോള്‍ ഒരു യാത്രാ സംഘം വരുന്നു. തലേദിവസം അവര്‍ മാസപ്പിറവി കണ്ടത് നബി صلى الله عليه وسلم യെ ബോധിപ്പിക്കുന്നു. അവിടുന്ന് നോമ്പ് മുറിക്കുന്നു. മറ്റുള്ളവരോട് മുറിക്കാന്‍ 
കല്‍പിക്കുന്നു. പിറ്റേ ദിവസം കാലത്ത് പെരുന്നാള്‍ ആഘോഷിക്കാന്‍ മുസ്വല്ലയിലേക്ക് പുറപ്പെടാനും നിര്‍ദ്ദേശിക്കുന്നു. റമളാന്‍ 29 ദിവസം മാത്രം. പിന്നെ ഒരു ശൂന്യദിനം. പിറ്റേദിവസം പെരുന്നാള്‍!!

ഈ തിങ്കളാഴ്ച (20.08.2018) അറഫാ ദിനം. അന്ന് തന്നെ അറഫാ നോമ്പ് പിടിക്കലാണ് സുന്നത്ത്. പെരുന്നാള്‍ ആഘോഷിക്കേണ്ടത് മുസ്ലിം ലോകത്തോടൊപ്പം ചൊവ്വാഴ്ചയും. സങ്കടകരമെന്ന് പറയട്ടെ, കേരളത്തില്‍ അങ്ങനെ ഒരു തീരുമാനമുണ്ടായില്ല - والله المستعان

ചൊവ്വാഴ്ച പെരുന്നാള്‍ ആഘോഷിക്കാന്‍ സാഹചര്യം ലഭിക്കാത്തവര്‍ ഏതു നാട്ടിലാണോ ഉള്ളത് ആ നാട്ടിലെ മുസ്ലിംകളോടൊപ്പം പെരുന്നാള്‍ ആഘോഷിക്കട്ടെ. അതിനാണ് കല്‍പനയുള്ളത്. അങ്ങനെ ബുധനാഴ്ച പെരുന്നാള്‍ ആഘോഷിക്കേണ്ടി വന്നാല്‍ ഹദീസുര്‍ റഹ്ത്വിന്‍െറ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ശൂന്യദിനമായി കണക്കാക്കാവുന്നതുമാണ്. والله أعلم

അബു ത്വാരിഖ് സുബൈർ حفظه الله تعالى

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.