Friday, September 21, 2018

​വ്യക്തിശുചിത്വം​ ​മിഷനുകള്‍ക്കും അപ്പുറം

​വ്യക്തിശുചിത്വം​ ​മിഷനുകള്‍ക്കും അപ്പുറം

വ്യക്തിശുചിത്വത്തിന്‍റെ (Personal Hygiene) കാര്യത്തില്‍ ഏറ്റവും ഉന്നതമായ നിലവാരമാണ് ഇസ് ലാം അനുശാസിക്കുന്നത്. മൂത്രമൊഴിച്ചാല്‍ ശുചീകരിക്കുക എന്നത് ആധുനിക ജീവിത രീതികള്‍ പിന്തുടരുന്നവര്‍ പോലും നിര്‍ബന്ധമായി കാണാറില്ല. അത് അവര്‍ക്ക് ഐച്ഛികം മാത്രമാണ്. പക്ഷെ, മുസ് ലിംകള്‍ക്ക് അത് നിര്‍ബ്ബന്ധമാണ്. വ്യക്തിഗതമായ വിശുദ്ധി വിട്ടുവീഴ്ചയില്ലാത്ത കാര്യമാണ്. എന്നാല്‍ വിക്തിശുചിത്വത്തില്‍ അതിരുവിടുന്ന ചിലരുണ്ട്, പ്രത്യേകിച്ച് എന്നെപ്പോലെയുള്ള ചില മധ്യവയസ്കര്‍!! അവരുടെ ശ്രദ്ധയിലേക്കായി പച്ചയായ ചില കാര്യങ്ങള്‍ കുറിക്കട്ടെ.

മൂത്രമൊഴിച്ച ശേഷം ശുചിയാക്കുന്നതിനെ കുറിച്ച് ഇബ്നു തൈമിയ്യയോട് ചോദിക്കുകയുണ്ടായി:

താന്‍ ചലിച്ചു തുടങ്ങിയാലുടനെ വല്ലതും പുറത്തു വരുമോ എന്ന തോന്നല്‍ കാരണം, ഒരാള്‍ എഴുന്നേല്‍ക്കുകയും നടക്കുകയും കാര്‍ക്കിക്കുകയും കല്ലുകളോ മറ്റോ ഉപയോഗിച്ച് ശുചീകരിക്കുകയും ചെയ്യേണ്ടതുണ്ടോ? പൂര്‍വ്വസൂരികള്‍ അപ്രകാരം ചെയ്യാറുണ്ടായിരുന്നോ? ഇത് ബിദ്അത്താകുമോ, അതോ അനുവദനീയമോ?

അദ്ദേഹം നല്‍കിയ ഉത്തരം:

അല്ലാഹുവിന്ന് സ്തുതി. മൂത്രമൊഴിച്ച ശേഷം കാര്‍ക്കിച്ച് ശബ്ദമുണ്ടാക്കുക, എഴുന്നേറ്റു നടക്കുക, മേലോട്ട് കുതിക്കുക, പടികള്‍ കേറുക, കയറില്‍ തൂങ്ങുക, ലിംഗം കിനിയുന്നവോ എന്ന് പരിശോധിക്കുക, മുതലായവയെല്ലാം തന്നെ ബിദ്അത്താണ്. ഇമാമുകളാരും അത് നിര്‍ബ്ബന്ധമായോ അഭിലഷണീയമായോ കാണുന്നില്ല. കൂടാതെ, ലിംഗം പിടിച്ചുവലിക്കുന്നതും നബി صلى الله عليه وسلم നിയമമായി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ ശരിയായ പക്ഷമനുസരിച്ച് ബിദ്അത്താണ്. അപ്രകാരം തന്നെ മൂത്രം വലിച്ചൂറ്റിക്കളയുന്നതും ബിദ്അത്താണ്. അതും നബി صلى الله عليه وسلم നിയമമായി നിശ്ചയിച്ചിട്ടില്ല. തദ്വിഷയകമായി ഉദ്ധരിക്കപ്പെടാറുള്ള ഹദീസ് ദുര്‍ബ്ബലവും അടിസ്ഥാന രഹിതവുമാണ്. മൂത്രം സ്വാഭാവികമായി പുറത്തുവരും. വിരമിച്ചാല്‍ സ്വാഭാവികമായിതന്നെ നില്‍ക്കുകയും ചെയ്യും. “വിട്ടാല്‍ നിലച്ചുപോവുകയും കറക്കുന്തോറും ചുരത്തുകയും ചെയ്യുന്ന അകിടു പോലെ” എന്ന് പറയാറുള്ളതു പോലെയാണ് അതിന്‍റെ കാര്യം. ഒരാള്‍ തന്‍റെ ലിംഗം തുറന്നുവെക്കുമ്പോഴെല്ലാം എന്തെങ്കിലും പുറത്തുവരും. അതിനെ വെറുതെ വിട്ടാല്‍ ഒന്നും പുറത്ത് വരികയുമില്ല. ചിലപ്പോള്‍ വല്ലതും പുറത്തുവന്നോ എന്നു തോന്നും. അത് വസ് വാസാണ്. ലിംഗാഗ്രം സ്പര്‍ശിക്കുന്നതു മൂലം നനവ് അനുഭവപ്പെടുമ്പോള്‍ എന്തോ പുറത്ത് വന്നിരിക്കുന്നു എന്ന് ചിലപ്പോള്‍ തോന്നിയേക്കാം. എന്നാല്‍ ഒന്നും പുറത്ത് വന്നിട്ടുണ്ടാവില്ല. മൂത്രനാളിയുടെ ആരംഭത്തില്‍ തന്നെ മൂത്രം മുടങ്ങി നിന്നുപോയിട്ടുണ്ടാകും; ഒട്ടും പൊടിയുന്നുണ്ടാവില്ല. എന്നാല്‍, ലിംഗത്തിലോ മൂത്രനാളിയിലോ ദ്വാരത്തിലോ വിരല്‍ കൊണ്ടോ കല്ലു കൊണ്ടോ മര്‍ദ്ദംചെലുത്തിയാല്‍ നനവ് പുറപ്പെടുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നതും ബിദ്അത്താണ്. കല്ലോ വിരലോ മറ്റു വസ്തുക്കളോ ഉപയോഗിച്ച് നിന്നുകഴിഞ്ഞ മൂത്രം പുറത്തെടുക്കേണ്ട ആവശ്യമില്ല എന്നത് പണ്ഡിതന്മാര്‍ക്കിടയില്‍ യോജിപ്പുള്ള കാര്യമാണ്. മാത്രമല്ല, പുറത്തെടുക്കുന്തോറും അത് കൂടുതല്‍ കൂടുതല്‍ ഉല്‍സര്‍ജ്ജിച്ചുകൊണ്ടേയിരിക്കും. കല്ലു കൊണ്ട് ശുചീകരിച്ചാല്‍ അതുമതി. പിന്നെ വെള്ളം കൊണ്ട് ലിംഗം കഴുകേണ്ട ആവശ്യമില്ല. ശുചീകരിക്കുന്നതിന് ഗുഹ്യഭാഗത്ത് വെള്ളം ഒഴിക്കുന്നതാണ് അഭിലഷണീയം. പിന്നീട് വല്ല നനവും അനുഭവപ്പെട്ടാല്‍ അത് ആ വെള്ളം മൂലമാണെന്ന് ഗണിക്കാവുന്നതാണ്. എന്നാല്‍ മൂത്രവാര്‍ച്ചയുള്ളവര്‍, അഥവാ ഉദ്ദേശ്യപൂര്‍വ്വമല്ലാതെയുള്ള നിലക്കാത്ത ഒഴുക്ക്, അത് തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കണം. ശുദ്ധിവരുത്തി നമസ്കരിക്കാനാവശ്യമായ സമയം നിന്നുകിട്ടുമെങ്കില്‍ അങ്ങനെയും, അല്ലാത്ത പക്ഷം മൂത്രം പോയിക്കൊണ്ടിരിക്കുന്ന അവസ്ഥയാണെങ്കില്‍ പോലും നമസ്കാരം നിര്‍വ്വഹിക്കുകയും ചെയ്യണം - രക്തസ്രാവമുള്ള സ്ത്രീ ഒരോ നമസ്കാരത്തിനും വുളുചെയ്തു നമസ്കരിക്കുന്നതു പോലെ. (ഇബ്നു തൈമിയ്യഃ, ഫതാവാ, വാള്യം 21, പുറം 106-107)


അബു ത്വാരിഖ് സുബൈർ حفظه الله تعالى

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.