Sunday, March 11, 2018

സലഫുകളുടെ മാർഗം - സലഫീ ദഅവത്തിന്റെ ആധാരം - 5

"സലഫിയ്യത്ത്" എന്നതിന് ഒരു ബദൽ പോലെ തെറ്റായ നിലക്ക് പറഞ്ഞു പ്രചരിപ്പിക്കുന്ന പദാവലികളിൽ പ്രധാനപ്പെട്ടതാണ് "നവോദ്ധാനം" എന്നത്. നവോദ്ധാനം എന്നാൽ നബിയും സ്വഹാബത്തും നിലനിന്ന സത്യസന്ധമായ നിലപാടിന് പറയുന്ന പേരാണ് എന്ന് ദ്യോതിപ്പിക്കുന്ന വിധത്തിൽ പ്രാധാന്യത്തോടെ പ്രചരിപ്പിക്കുകയും അതാണ് ഒരു മുസ്‌ലിം പിന്തുടരേണ്ട മാർഗമെന്ന് തെറ്റിദ്ധരിപ്പിക്കുകയും അതിനു വേണ്ടി പ്രയത്നിക്കുന്നവർ ഇസ്‌ലാമിന് മഹാ സേവനം ചെയ്യുന്നവരാണ് എന്ന് വരുത്തിത്തീർക്കാൻ കഠിനാദ്ധ്വാനം ചെയ്യുകയും ചെയ്യുന്നു.
സത്യത്തിൽ, കേരളത്തിലെ പൊതു സമൂഹത്തിൽ സ്വീകാര്യമെന്നു കരുതപ്പെടുന്ന ചില പൊതുവായ താൽപര്യങ്ങളെ സംരക്ഷിക്കാനും അതിനു വേണ്ടി ശബ്ദിക്കാനും പൊതു മനസ്സുകളിൽ ഒരിടം കണ്ടെത്താനുമുള്ള ചൊട്ടുവിദ്യ മാത്രമാണ് ഈ നവോദ്ധാനം എന്ന ആശയത്തിന് പിന്നിൽ. അതിൽക്കവിഞ്ഞു മതപരമായി പ്രത്യേകം എടുത്തു പറയാൻ മാത്രം ഒന്നും ഈ പദം പ്രതിനിധീകരിക്കുന്നില്ല. കഴിഞ്ഞ നൂറ്റാണ്ടിലും ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും മുസ്‌ലിം സമൂഹത്തിൽ നിലനിന്നിരുന്ന സാമൂഹികമായ മരവിപ്പും വിദ്യാഭ്യാസപരവും വിശ്വാസപരവുമായ അപാകങ്ങൾ ഇല്ലാതാക്കാൻ അക്കാലത്തു ജീവിച്ചിരുന്ന മുസ്‌ലിം പണ്ഡിതന്മാരും നേതാക്കളും വ്യയം ചെയ്ത സേവനങ്ങളാണ് നവോദ്ധാനം എന്ന പേരിൽ അറിയപ്പെടുന്നത്. ആ സാമൂഹിക പരിപ്രേക്ഷ്യത്തിൽ അത് നവോദ്ധാനം തന്നെയായിരുന്നു. അതിന് തുടർച്ച അവകാശപ്പെടാനും, മറ്റാരും അത് ഹൈജാക്ക് ചെയ്യാതിരിക്കാനും വേണ്ടിയാണ് ഇപ്പോൾ മുജാഹിദ് സംഘടനകൾ നവോദ്ധാനത്തിൻറെ അനന്തരം അവകാശപ്പെടുന്നത്. അല്ലാതെ സലഫിയ്യത്തുമായി ഇവർ പ്രചരിപ്പിക്കുന്ന നവോദ്ധാനത്തിനു വലിയ ബന്ധമൊന്നുമില്ല. എന്നല്ല, സലഫിയ്യത്തുമായി പലപ്പോഴും നവോദ്ധാനത്തിൻറെ മുള്ളുമുനകൾ ഏറ്റുമുട്ടുന്നവ കൂടിയാണ്.
ഖുർആനിന്റെയും ഹദീസിന്റെയും വാക്യങ്ങൾ സ്വന്തം ബുദ്ധിയുടെയും യുക്തിയുടെയും അടിസ്ഥാനത്തിൽ സമീപിക്കുകയും, ബുദ്ധിക്കു പൊരുത്തപ്പെടാത്തതെന്നു അവർ കരുതുന്ന പ്രമാണ വാക്യങ്ങളെ ദുർവ്യാഖ്യാനിക്കുകയോ ദുർബലപ്പെടുത്തുകയോ ചെയ്യുന്ന രീതി കേരള മുസ്ലിംകളിലേക്കു കടന്നു വന്നത്, ഈജിപ്തിലെ ഇസ്‌ലാഹീ മൂവ്മെന്റ് വഴിയാണ്. അടുത്ത കാലത്തായി അതിന്റെ ദുസ്വാധീനം നാമമാത്രമായി കുറഞ്ഞുവെങ്കിലും, ഈയിടെയായി മരണപ്പെട്ട സലാം സുല്ലമി നേരത്തെ സൂചിപ്പിച്ച ഇസ്‌ലാഹീ മൂവ്മെന്റിന്റെ ശക്തനായ വക്താവും പ്രയോഗ്താവുമായിരുന്നു. ഇസ്‌ലാമിൽ ചിരപ്രതിഷ്ഠ നേടിയ പരശ്ശതം ഹദീസുകൾ അദ്ദേഹം ദുർബലപ്പെടുത്തുകയോ ദുർവ്യാഖ്യാനിക്കുകയോ ചെയ്തിട്ടുണ്ട്. സ്വഹീഹുൽ ബുഖാരിയിലും സ്വഹീഹ് മുസ്‌ലിമിലുമടക്കം രിവായത്ത് ഉള്ളതും, പ്രാമാണികരും വിശ്വസ്തരുമായ മഹാന്മാരായ മുഹദ്ധിസുകളാരും വിമർശനം രേഖപ്പെടുത്താത്തതുമായ ഹദീസുകളെ അദ്ദേഹം നിർദ്ദാക്ഷിണ്യം നിരാകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിരൂപണങ്ങളും വിമർശങ്ങളും പഠന വിധേയമാക്കിയാൽ ഒരു നിലക്കും സന്ധിയാകാൻ പറ്റാത്ത വിധം അവ അന്യായവും അസന്തുലിതവുമാണെന്നു മാത്രമല്ല, പൗരാണികരോ ആധുനികരോ ആയ പ്രാമാണികരായ ഹദീസ് പണ്ഡിതന്മാരുടെ നിലപാടുകളുമായി പൊരുത്തപ്പെടാത്തതും തദ്വിഷയകമായി അവർ അംഗീകരിച്ച മാനദണ്ഡങ്ങളുമായി ചേരാത്തതുമാണെന്നു കാണാം. അതിനാൽ തന്നെ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും കാഴ്ചപ്പാടുകളും ഒറ്റപ്പെട്ടതും അസ്വീകാര്യവുമായ വാദഗതികൾ മാത്രമായി ചുരുങ്ങും. വിഷയത്തെക്കുറിച്ചു താരതമ്യേന ധാരണയുള്ള ഒരാളെയും ഇത് പ്രത്യേകം പറഞ്ഞു ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. എന്നാൽ ഏറെ കൗതുകകരവും ലജ്ജാവഹവുമായ കാര്യം സലാം സുല്ലമി ജീവിച്ചിരിക്കെ അദ്ദേഹത്തിന്റെ തെറ്റായ നയനിലപാടുകളെ വിമർശിക്കുകയും വസ്തുനിഷ്ഠമായി പ്രതികരിക്കുകയും ചെയ്ത ആളുകൾ തന്നെ, അദ്ദേഹത്തിന്റെ മരണത്തോട് കൂടി അദ്ദേഹത്തെ മഹാനായി വാഴ്ത്തുകയും മഹാനായ പുത്രനായി അവരോധിക്കുകയും നവോദ്ധാന നായകനായി അവതരിപ്പിക്കുകയുമാണ്. മുജാഹിദ് പ്രസ്ഥാനത്തിന് ഇതിൽപരം വൈരുദ്ധ്യം മറ്റെന്തുണ്ട്? ഇന്നലെ വരെ ആദർശ വിരുദ്ധനും, മൻഹജിന്‌ എതിരുമായ നിലപാടുകൾ സ്വീകരിച്ചവനുമായ ആൾ, ശ്വാസം നിലച്ചപ്പോൾ മഹാ പണ്ഡിതനും വലിയ ചിന്തയുടെ അവകാശിയുമായി. ഇതാണ് മുജാഹിദ് പ്രസ്ഥാനം പറഞ്ഞു പ്രചരിപ്പിക്കുന്ന "നവോദ്ധാനം" എന്നത് സലഫിയ്യത്ത് അല്ലാ എന്ന് ഞാൻ പറയാനുള്ള കാരണം. സലഫുകളുടെ മന്ഹജ് കൃത്യമായി മനസ്സിലാക്കിയ ഒരാൾക്ക് ഈ നിലപാടുകളോട് യോജിക്കാൻ കഴിയില്ല. ജീവിച്ചിരിക്കുമ്പോൾ തെറി പറയുകയും മരണപ്പെടുമ്പോൾ മഹാനായി വാഴ്ത്തുകയും ചെയ്യുന്ന നിലപാട് രാഷ്ട്രീയക്കാരുടേതാണ്. അത് ഇസ്‌ലാം ദീനുമായി പൊരുത്തപ്പെടുകയില്ല. ഈ രീതി സലഫുകളുടെ രീതിയല്ല. വചന ശാസ്ത്രത്തിന്റെ ഫിത്നയിൽ അകപ്പെടുകയും അഹ്‌ലുസ്സുന്നത്തിന്റെ ഉലമാക്കളുടെ വിമർശനങ്ങൾക്ക് ശരവ്യരാവുകയും ചെയ്ത തലയെടുപ്പുള്ള എത്രയോ പണ്ഡിതന്മാർ കഴിഞ്ഞു പോയിട്ടുണ്ട്. അവരുടെ മരണത്തോട് കൂടി, അവരുടെ തെറ്റായ ആശയങ്ങൾ മാത്രമല്ല, അവരുടെ പേര് പോലും മാഞ്ഞു പോയി. തെറ്റായ നിലപാടുകളും ഒറ്റപ്പെട്ട ധാരണകളും വെച്ച് പുലർത്തുന്നവർക്കു സദ്കേൾവി ഉണ്ടാവില്ല. പക്ഷെ, കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന് സലഫീ മൻഹജ്‌ ഇന്നും കീറാമുട്ടിയാണ്. അവരിൽ നിന്ന് ഇതിലും വലുത് പ്രതീക്ഷിക്കാം. ഇപ്പോൾ സലാം സുല്ലമിയെ നവോദ്ധാന നായകനും വേറിട്ട ചിന്തയുടെ ഉപജ്ഞാതാവുമൊക്കെയായി വാഴിക്കുന്നവർ മനസ്സിലാക്കേണ്ട ഒരു വലിയ സത്യമുണ്ട്. നിങ്ങളുടെ സങ്കുചിത സംഘടനാ താല്പര്യത്തെക്കാൾ എന്ത് കൊണ്ടും കൈമോശം വരാതെ സംരക്ഷിക്കാൻ കടപ്പെട്ടതാണ് അള്ളാഹുവിന്റെ ദീനും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ തിരു ചര്യയും എന്ന കാര്യം. അപ്പോൾ മാത്രമേ സലാം സുല്ലമി മുസ്‌ലിം കൈരളിക്കു വരുത്തിയ ദ്രോഹം എന്തെന്ന് തിരിച്ചറിയുകയുള്ളൂ.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.