Monday, September 14, 2015

ബുദ്ധിയും പ്രമാണവും

അള്ളാഹു അവന്റെ സൃഷ്ടികളിൽ മനുഷ്യന് മാത്രം കനിഞ്ഞു നൽകിയതാണ് വിശേഷ ബുദ്ധി. കാര്യങ്ങൾ മനസ്സിലാക്കാനും ചിന്തിക്കാനും പുരോഗതി കൈവരിക്കാനും മനുഷ്യൻ എക്കാലവും അതിനെ ആശ്രയിച്ചുപോന്നു. ബുദ്ധിശക്തിയിലും അതിന്റെ കൂർമതയിലും പലരും പല തട്ടിലാണ്. എങ്കിലും മനുഷ്യ ബുദ്ധിയുടെ കൂട്ടായ പരിശ്രമങ്ങളുടെ നേട്ടമാണ് ആധുനിക ലോകത്തിന്റെ പ്രസരിത മുഖം എന്ന കാര്യത്തിൽ തർക്കമില്ല.

കാര്യം ഇങ്ങിനെയൊക്കെയാണെങ്കിലും ഖുർആൻ, സുന്നത്ത് എന്നീ ഇസ്‌ലാമിക പ്രമാണ വാക്യങ്ങൾക്കു മുമ്പിൽ മനുഷ്യ ബുദ്ധിക്ക് കാര്യമായ റോൾ ഇല്ല. കാരണം, അവ രണ്ടും അള്ളാഹുവിൽ നിന്ന് ഉള്ളതാണ് എന്നത് തന്നെ.

പ്രമാണങ്ങൾ നമുക്ക് വിശദീകരിച്ചു തന്നത് മുഹമ്മദ്‌ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയാണ്. അത് നേരിട്ട് കേട്ട നബിയുടെ അനുചരന്മാരാണ് അതിന്റെ പ്രഥമ സംബോധിതർ. ഖുർആനിലോ ഹദീസിലോ പരാമർശിക്കപ്പെട്ട വിഷയങ്ങളിൽ, സ്വഹാബികളിൽ നിന്ന് സ്വഹീഹ് ആയി വന്ന വ്യാഖ്യാനങ്ങളും വിശദീകരണങ്ങളുമാണ് ഏറ്റവും ശെരിയായിട്ടുള്ളത്. അതിൽ തൃപ്തിപ്പെടാതെയോ കൂടുതൽ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നു കൊണ്ടോ നടത്തപ്പെടുന്ന ഗവേഷണങ്ങളും, സലഫുകളുടെ വ്യാഖ്യാനങ്ങൾക്ക് വിരുദ്ധമായി അതിൽ ഉരുത്തിരിയുന്ന ആശയങ്ങളും സ്വീകാര്യമായിരിക്കില്ലെന്നു മാത്രമല്ല, പ്രാമാണികമായി പരിഗണിക്കപ്പെടുകയുമില്ല.

ഇത് പറയുമ്പോൾ, അപ്പോൾ പിന്നെ, ബുദ്ധിക്കു ഇസ്‌ലാമിൽ ഒരു സ്ഥാനവുമില്ലേ ? ചിന്തിക്കാനും ഉറ്റാലോചിക്കാനും ഖുർആനിലൂടെ അള്ളാഹു ഉൽബോധിപ്പിക്കുന്നില്ലേ? എന്നൊക്കെ ചോദിച്ചു കൊണ്ട് ചിലർ സംശയമുന്നയിക്കുകയും ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. വാസ്തവത്തിൽ പ്രമാണങ്ങളെ വേണ്ട വിധം മനസ്സിലാക്കാത്തത് കൊണ്ടോ തെറ്റായ നിഗമനത്തിന്റെ അടിസ്ഥാനത്തിലോ ആണ് ഈ ചോദ്യം ഉടലെടുക്കുന്നത്.

മനുഷ്യൻ ബൗദ്ധികമായി എത്രമാത്രം വളർന്നാലും, മനുഷ്യ ബുദ്ധിക്കു പരിധികളും പരിമിതികളുമുണ്ട് എന്ന കാര്യം അവിതർക്കിതമാണ്. അള്ളാഹു അവന്റെ ദീനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എന്താണോ നമ്മെ പ്രവാചകന്മാർ മുഖേന അറിയിച്ചത് അതിലപ്പുറം ഒരു വിവരം നമുക്കതിൽ ഇല്ല, എന്നല്ല ഗവേഷണം നടത്തി കണ്ടെത്താൻ സാധിക്കുന്നതുമല്ല. അതായത്, മനുഷ്യ ബുദ്ധിയിൽ ഉരുത്തിരിയുകയും ഉറ കൂടുകയും ചെയ്യുന്ന കാര്യങ്ങൾ എപ്പോൾ പ്രമാണ വാക്യങ്ങളുമായി ഏറ്റുമുട്ടുന്ന അവസ്ഥ സംജാതമാവുന്നോ അവിടെ ബുദ്ധിയുടെ പ്രയാണം അവസാനിക്കുകയും, പരാചയം സമ്മതിച്ചു പ്രാമാണത്തെ സ്വീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നു. ഇതാണ് അദൃശ്യ കാര്യങ്ങളിൽ വിശ്വസിക്കുക എന്നത് കൊണ്ടുള്ള വിവക്ഷ. ഈയൊരു അടിസ്ഥാന വിഷയത്തിലാണ് മുസ്‌ലിം ലോകത്ത് ഇന്നേ വരെ ആവിർഭവിച്ച മുഴുവൻ പ്രസ്ഥാനങ്ങൾക്കും ഇടർച്ച സംഭവിച്ചത്.

അത് കൊണ്ടാണ്, ബുദ്ധിയെ ആശ്രയിച്ചു കൊണ്ട് സംസാരിക്കാൻ എന്ത് കൊണ്ടും യോഗ്യത ഉണ്ടായിട്ടും, ഒരു ആയത്തിന്റെ ആശയം ചോദിച്ചപ്പോൾ അബൂബക്കർ റദിയള്ളാഹു അൻഹു പറഞ്ഞത് " അള്ളാഹുവിന്റെ കിത്താബിൽ അറിയാത്ത ഒരു കാര്യം ഞാൻ പറഞ്ഞാൽ ഏതൊരാകാശമാണ് എനിക്ക് തണൽ നൽകുകയും ഏതൊരു ഭൂമിയാണ് എന്നെ താങ്ങി നിർത്തുകയും ചെയ്യുക എന്ന് ചോദിച്ചത്. "യുക്തിയാണ്, മതകാര്യങ്ങളുടെ അടിസ്ഥാനമെങ്കിൽ, പാദരക്ഷയുടെ മുകൾഭാഗത്തേക്കാൾ തടവേണ്ടത്‌ അടിഭാഗമായിരുന്നു" എന്ന് അലി റദിയള്ളാഹു അൻഹുവിനെ പറയാൻ പ്രേരിപ്പിച്ചതും ഈയൊരു ബോധ്യം തന്നെയാണ്.

അള്ളാഹു ഖുർആനിലൂടെ ചിന്തിക്കാനും ഉറ്റാലോചിക്കാനും ആജ്ഞാപിച്ചത് അവൻ നമുക്ക് വെളിപ്പെടുത്തിത്തന്നിട്ടില്ലാത്ത അദൃശ്യ കാര്യങ്ങളിൽ അല്ല. എന്ന് മാത്രമല്ല, ഏതൊരു പ്രായോഗിക ബുദ്ധിക്കും ഉൾക്കൊള്ളാൻ കഴിയുന്ന കാര്യങ്ങൾ പോലും അംഗീകരിക്കാത്ത കടുത്ത നിഷേധികളെ കുറ്റപ്പെടുത്തിക്കൊണ്ടും " നിങ്ങൾ ചിന്തിക്കുന്നില്ലേ " എന്ന് അള്ളാഹു ചോദിക്കുന്നുണ്ട്. ചുരുക്കത്തിൽ, പ്രമാണങ്ങളിൽ സലഫുകളുടെ വ്യാഖ്യാനങ്ങൾക്ക് വിരുദ്ധമായ വ്യാഖ്യാനങ്ങളും നിരീക്ഷണങ്ങളും നടത്താനുള്ള കൽപനയായി ഇതിനെ കാണാൻ പാടില്ല. സ്വന്തം ബുദ്ധിയെ ആശ്രയിക്കുന്നവർ തന്നെയാണ് ഈ തരത്തിലുള്ള വാദ മുഖങ്ങൾ ഉന്നയിക്കുന്നത്.

മനുഷ്യ ബുദ്ധിയുടെ വ്യാപാരങ്ങൾ നടക്കേണ്ടത്‌ ലൌകികമായ പുരോഗതിയും വളർച്ചയും കൈവരിക്കാനുതകുന്ന മേഖലകളിലാണ്. അല്ലാതെ, അള്ളാഹുവിന്റെ ദീനിലല്ല. അള്ളാഹുവിന്റെ ദീൻ അവൻ പ്രവാചകന്മാർ വഴി ജനങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. അത് സർവാത്മനാ പിൻപറ്റാനാണ് നാം കൽപിക്കപ്പെട്ടത്. ഗവേഷണം നടത്തി പുതിയത് കണ്ടെത്താനല്ല.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.