Thursday, August 13, 2015

തൗഹീദിന്റെ പ്രാധാന്യം - 1

ലോകത്ത് നിയുക്തരായ മുഴുവൻ പ്രവാചകന്മാരും ജനങ്ങളോട് ഏറ്റവും ആദ്യം പറഞ്ഞിരുന്നത് അള്ളാഹുവിനെ മാത്രമേ ഇബാദത്ത് ചെയ്യാൻ പാടുള്ളൂ എന്ന കാര്യമാണ് എന്നതിൽ തർക്കത്തിന് യാതൊരു പഴുതുമില്ല. അള്ളാഹുവാണ് സംരക്ഷകനും സൃഷ്ടാവും നിയന്താവും എന്ന കാര്യത്തിൽ മിക്ക ജന സമൂഹത്തിനും എതിരഭിപ്രായമുണ്ടായിരുന്നില്ല.

ഇസ്‌ലാമിക പ്രബോധനത്തിന് മുന്നിട്ടിറങ്ങുന്നവർ നിർബന്ധമായും അടിസ്ഥാനപരമായ ഈ വിഷയം മനസ്സിലാക്കിയേ തീരൂ. "ജനങ്ങളോട് ആദ്യം പറയേണ്ടത് തൗഹീദ് ആണ്" എന്ന് പറഞ്ഞാൽ ആദ്യത്തെ ഒന്...ന് രണ്ടു പ്രസംഗങ്ങൾ തൗഹീദിനെക്കുറിച്ചും പിന്നെ നാട്ടു നടപ്പനുസരിച്ച് പൊതു സമൂഹത്തിന്റെ ശ്രദ്ധയും സഹതാപവും കിട്ടുന്ന മറ്റു കാര്യങ്ങളിൽ സജീവമാവുകയും ചെയ്യുകയെന്നതല്ല, മറിച്ചു ജനങ്ങളിൽ തൗഹീദിനെക്കുറിച്ച് വ്യക്തമായ അവബോധം ഉണ്ടാവുകയും അതിനു അനുസൃതമായ കർമങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നത് വരെ തൗഹീദിൽ തന്നെയാണ് ഊന്നൽ നൽകേണ്ടത്. മാത്രമല്ല, ജനങ്ങൾ തൗഹീദിനെക്കുറിച്ച് എത്രമാത്രം ബോധാവാന്മാരായിരുന്നാലും ഇടക്കിടക്ക് വീണ്ടും വീണ്ടും അവരെ ഓർമിപ്പിക്കുകയും സദാ സമയവും തൗഹീദിന്റെ കാര്യത്തിൽ ജാഗരൂകരായിരിക്കാൻ അവരെ തെര്യപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ചുരുക്കത്തിൽ ഒരിക്കലും പറഞ്ഞവസാനിപ്പിക്കേണ്ട ഒന്നല്ല തൗഹീദുമായി ബന്ധപ്പെട്ട പഠനങ്ങൾ എന്നർത്ഥം.

പക്ഷെ, ഇസ്‌ലാമിക പ്രബോധകർ ഇന്നെവിടെയാണ്‌ എത്തി നിൽക്കുന്നത്? തൗഹീദ് ഒഴികെ മറ്റെല്ലാ മേഖലകളിലും ഇസ്‌ലാമിന്റെ പേരിൽ തന്നെ എല്ലാവരും സജീവമാണ്.
നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ ദഅവത്തിനെ മാതൃകയായി സ്വീകരിക്കാത്ത എല്ലാ ദഅവത്തും വഴികേടും പിഴച്ചതുമാണ്. തൗഹീദ് എന്താണെന്ന് അറിയാത്തവർ തൊട്ട്, 'ലാ ഇലാഹ ഇല്ലള്ളാ' എന്ന കലിമത്തിന്റെ അർത്ഥം അറിയാത്തവരും അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നവരുമെല്ലാം ഇന്ന് ഇസ്‌ലാമിക പ്രബോധന രംഗത്ത് സജീവമാണ്.

അള്ളാഹു എവിടെയാണ് എന്ന് ചോദിച്ചാൽ ഉത്തരമറിയാത്തവർ തൊട്ട് അള്ളാഹുവിനു അവൻ നൽകാത്ത പേരുകൾ നൽകുന്നവർ വരെ പ്രബോധകന്മാരായുള്ള ഒരു സാമൂഹിക പശ്ചാത്തലത്തിൽ തൗഹീദിന്റെ സമഗ്രമായ പഠനം പോലും എത്രമാത്രം അനിവാര്യമാണ് എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ചുരുക്കിപ്പറഞ്ഞാൽ, പ്രബോധകർ ഏറ്റവുമധികം ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അടിസ്ഥാന വിശ്വാസപ്രമാണമായ തൗഹീദ് ഒഴികെ ബാക്കിയെല്ലാ വിഷയങ്ങളും സംസാരിക്കാനും ചർച്ച ചെയ്യാനും ഇവിടെ എമ്പാടും ആളുകളുണ്ടിന്ന്.

വ്യഭിചാരം, കളവ്, കൊലപാതകം, മദ്യപാനം, ചൂതാട്ടം, തുടങ്ങി സകല ധാർമിക മൂല്യച്യുതിയേക്കാൾ അപകടകരമായ ശിർക്കിനെക്കുറിച്ചു സംസാരിക്കുന്നവർ എത്ര വിരളം? പലിശക്കും മദ്യപാനത്തിനുമെതിരിൽ കാമ്പൈൻ നടത്തുന്നവരും, ധാർമികാവബോധനത്തിനു വേണ്ടി തൂലികയേന്തുന്നവരും എന്ത് കൊണ്ട് ശിർക്കിനെതിരിൽ മൗനമവലംബിക്കുകയും മാവിലായിക്കാരാവുകയും ചെയ്യുന്നു? എല്ലാവർക്കും വേണ്ടത് പൊതു ജനത്തിന്റെ കയ്യടിയാണ്. അതിനു ഉതകുന്ന രൂപത്തിൽ ദഅവത്തിന്റെ അലകും പിടിയും മാറ്റി വെക്കുന്നവരാണ് പലരും. തൗഹീദിൽ അക്ഷരം പ്രതി ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടുള്ള നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ ദഅവത്തിന്റെ മാതൃക പിന്തുടരുകയാണ് അള്ളാഹുവിൽ നിന്നുള്ള പ്രതിഫലവും മോക്ഷവും ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത്.

1 comment:

  1. ഇമാം അഹമ്മദിനോട് ഒരാൾ ചോദിച്ചു അവളോട് ഇമാം അഹമ്മദ് മറുപടി പറഞ്ഞു ഇത് എങ്ങനെയാണ് ദീനിൽ തെളിവ് ആക്കുക . പ്രവാചകൻ പറഞ്ഞതായിട്ടോ അല്ലെങ്കിൽ അല്ലാഹു പറഞ്ഞത് ആയിട്ടോ ഒരു തെളിവും പറയാതെ ? എവിടെ നിന്നാണ് അഹമ്മദ് മനസ്സിലാക്കിയത് അത് പറയാതെ എങ്ങനെയാണ് ആ പോസ്റ്റ് സ്റ്റ് ഫ്രണ്ട് പേജിൽ ഇടുന്നത്

    ReplyDelete

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.