Wednesday, February 18, 2015

ആദ്യം പറയേണ്ടത് തൗഹീദ് തന്നെ - 3

എല്ലാ പ്രവാചകന്മാരും തങ്ങളുടെ ജനതയോട് ആദ്യം പറഞ്ഞത് തൗഹീദിനെക്കുറിച്ചായിരുന്നു. ആ പ്രവാചകന്മാരിൽ അവരുടെ ജനതയ്ക്ക് പറയാൻ ആക്ഷേപങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. എന്നല്ല, അവർ ആ സമൂഹത്തിലെ മാന്യരും സത്യസന്ധരും നീതിമാന്മാരുമായിരുന്നു. എന്നിട്ടും അള്ളാഹുവിനെ മാത്രമേ ഇബാദതു ചെയ്യാൻ പാടുള്ളൂവെന്നു പറഞ്ഞപ്പോൾ അവർ മോശപ്പെട്ടവരും അസ്വീകാര്യരും ആയിത്തീർന്നു. ഇതാണ് അള്ളാഹുവിൽ നിന്ന് വഹ് യുമായി വന്ന പ്രവാചകന്മാരുടെ അനുഭവം.

ശിർക്കിനെക്കുറിച്ച് താക്കീതു നൽകുകയും അതേ സമയം തന്നെ സ്വന്തം ജീവിതത്തിൽ അത് കടന്നു വരുന്നതിനെക്കുറിച്ച് അങ്ങേയറ്റം ഭയപ്പെടുകയും ചെയ്യുന്നവരായിരുന്നു പ്രവാചകന്മാർ.
ഖലീലുള്ളാഹി ഇബ്രാഹീം അലൈഹി സലാമയുടെ ദുആ അള്ളാഹു ഖുർആനിൽ അറിയിക്കുന്നു. " എന്നെയും എന്റെ സന്താനങ്ങളെയും ഞങ്ങൾ വിഗ്രഹാരാധന നടത്തുന്നതിൽ നിന്ന് നീ ഞങ്ങളെ അകറ്റേണമേയെന്നു അദ്ദേഹം അള്ളാഹുവിനോട് പ്രാർഥിക്കുന്നു. ശിർക്കിനെതിരിൽ പട നയിച്ച ഇബ്രാഹീം നബി ഇത്ര മാത്രം ശിർക്കിനെ ഭയപ്പെടുന്നുവെങ്കിൽ,മറ്റുള്ളവർക്കെങ്ങിനെ ശിർക്കിന്റെ അപകടത്തിൽ നിന്ന് നിർഭയരാകാൻ സാധിക്കും ?
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ഇക്കാര്യം അബൂബക്കർ റദിയള്ളാഹു അൻഹുവിനോട് പറയുന്നു. 

قال النبي - صلى الله عليه وسلم - لأبي بكر الصديق - رضي الله عنه -: "يَا أَبَا بَكْرٍ، لَلشِّرْكُ فِيكُمْ أَخْفَى مِنْ دَبِيبِ النَّمْلِ"
അബൂബക്കർ, തീർച്ചയായും ശിർക്ക് നിങ്ങളിൽ ഉറുമ്പ്‌ അരിച്ചു വരുന്നതിനേക്കാൾ ഗോപ്യമായി ( അരിച്ചു വരും ) " ബുഖാരി- അദബുൽ മുഫ് റദ്

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം നൽകിയ ഈ താക്കീത് അത് അർഹിക്കുന്ന ഗൌരവത്തിൽ മനസ്സിലാക്കുകയോ ഉൾക്കൊള്ളുകയോ ചെയ്തവർ വളരെ വളരെ വിരളമാണ്.
മരിച്ചു പോയ മഹാന്മാർ, പുണ്യവാളൻമാർ, ഖബറുകൾ കല്ലിലും മരത്തിലും തീർത്ത വിഗ്രഹങ്ങൾ തുടങ്ങി അള്ളാഹു അല്ലാത്തവരെ വിളിച്ചു ദുആ ചെയ്യുന്നവർ, ജാറങ്ങളിലും ദർഗകളിലും ആഗ്രഹ സഫലീകരണത്തിനും, രോഗശമനത്തിനും അഭയം തേടുന്നവർ, അള്ളാഹു അല്ലാത്ത വ്യക്തികൾക്കും ശക്തികൾക്കും പൂജയും പ്രാർഥനയും നേർച്ചയും അർപ്പിക്കുന്നവർ, അവരെ അള്ളാഹുവിനെപ്പോലെ ഭയപ്പെടുകയും, അവരിൽ ഗുണം പ്രതീക്ഷിക്കുകയും ചെയ്യുന്നവർ, തുടങ്ങി വിവിധങ്ങളായ ശിർക്കിന്റെ വശങ്ങളും രൂപങ്ങളും സമൂഹത്തിൽ നിലനിൽക്കുകയും പ്രചരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. 

തൗഹീദും സുന്നത്തും പ്രബോധനം നടത്താൻ കടപ്പെട്ടവർ ശിർക്കിന്റെയും ബിദ്അത്തിന്റെയും പ്രചാരകരും പ്രായോചകരുമാണ് എന്നത് അപകടത്തിന്റെ ആഴം ഓർമപ്പെടുത്തുന്നു. 

തൗഹീദും ശിർക്കും അറിയുകയും മനസ്സിലാക്കുകയും അതിനു അനുസൃതമായ അമലുകൾ ചെയ്യണമെന്നും അറിയുന്നവർ പോലും ഇന്ന് വിരളമാണ്.
ഖുർആനും സുന്നത്തുമാണ് അടിസ്ഥാന പ്രമാണമെന്ന് അറിയുന്നവർ പോലും തൗഹീദിന്നു അത് അർഹിക്കുന്ന പ്രാധാന്യം കൽപിക്കുകയോ ശിർക്കിന്റെ ഗൌരവം മനസ്സിലാക്കുകയോ ചെയ്യുന്നതിൽ, ഗുരുതരമായ വീഴ്ച വരുത്തിയിട്ടുണ്ട്. ഒരു സമയത്തും നമ്മുടെ മനസ്സിൽ നിന്ന് ഈ രണ്ടു വിഷയങ്ങൾ മറന്നു പോവുകയോ വിട്ടു കളയുകയോ ചെയ്യാൻ പാടില്ലെന്നിരിക്കെ, ഇസ്ലാമിക പ്രബോധനം സ്വയം ഏറ്റെടുത്ത ആളുകൾ പോലും , കാര്യമാത്ര പ്രസക്തമല്ലാത്ത സാമൂഹിക പ്രശ്നങ്ങളിൽ ശ്രദ്ധയൂന്നുകയും തൗഹീദിന്നു നൽകേണ്ട സമയവും ഊർജ്ജവും മറ്റു പലതിലും വ്യയം ചെയ്യുകയും ചെയ്യുന്നു. 

ഭൗദികമായ ലാഭേഛകളും സമൂഹത്തിന്റെ പരിഗണനയും ലക്‌ഷ്യം വെക്കുന്നവർക്ക്‌ തൗഹീദിനെ മറച്ചു വെക്കാതെ മുന്നോട്ടു പോവുക സാധ്യമല്ല.
വേറൊരു കൂട്ടർ, ഇസ്ലാമിനെ മൊത്തം രാഷ്ട്രീയ വ്യാഖ്യാനങ്ങൾ നടത്തി അപമതിക്കുകയും തൗഹീദിനും ശിർക്കിനും കേവല രാഷ്ട്രീയ മാനങ്ങൾ നൽകി ജനങ്ങളെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ തൊഴുത്തിലേക്ക്‌ നയിക്കുന്നു. തൗഹീദ് സംബന്ധമായ ഒരു ഗ്രന്ഥം പോലും വായിക്കുകയോ പഠിക്കുകയോ ഗ്രഹിക്കുകയോ ചെയ്യാത്ത ഏഭ്യന്മാര് ഏറ്റവും കൂടുതൽ തൗഹീദ് പ്രസംഗിച്ചവരായി ഊറ്റം കൊള്ളുന്നു. അമ്പലങ്ങളിലും ക്ഷേത്രങ്ങളിലും പോയി അന്യമതസ്ഥരെ ദീനിന്റെ പേരിൽ വാചകമടിച്ചു സുഖിപ്പിക്കുന്നു. 

മുഹമ്മദ്‌ ബിന് അബ്ദുൽ വഹാബ് റഹിമഹുള്ളാ രചിച്ച കിതാബുതൗഹീദ് നാം ഓരോരുത്തരും പലവുരു വായിക്കുകയും പഠിക്കുകയും ഉൾക്കൊള്ളുകയും നമ്മുടെ കുടുംബത്തെയും കുട്ടികളെയും പഠിപ്പിക്കുകയും ചെയ്യണം. എന്നാൽ മാത്രമേ നമുക്ക് തൗഹീദും ശിർക്കും ഉൾകൊള്ളാൻ കഴിയുകയും അവ രണ്ടും വേർതിരിച്ചു മനസ്സിലാക്കാൻ സാധിക്കുകയും ചെയ്യൂ.

1 comment:

  1. السلام عليكم ഇതി ന്റെ ആദ്യ ഭാഗം കിട്ടുന്നില്ല

    ReplyDelete

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.