Saturday, May 24, 2014

അള്ളാഹുവിന്റെ പേരിൽ അറിവില്ലാതെ സംസാരിക്കൽ, ശിർക്കിനെക്കാൾ വലിയ പാപം


ആകാശത്തിന് കീഴെ എന്തിനെക്കുറിച്ച് ചോദിച്ചാലും വാചാലമായി സംസാരിക്കുകയും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയുകയും ചെയ്യുകയെന്നത് വലിയ ഒരു കഴിവായിട്ടാണ് പലരും കരുതുന്നത്. പ്രത്യേകിച്ച് ഇസ്‌ലാം മതത്തെക്കുറിച്ച് സംസാരിക്കുന്നവർ. ഇസ്‌ലാം മത പ്രബോധകരായി സ്വയം അവകാശപ്പെടുന്ന ചിലയാളുകൾ " ചോദ്യോത്തരങ്ങൾക്ക് തുറന്ന അവസരം" എന്ന് മുൻകൂട്ടി പ്രഖ്യാപിക്കുന്നത് നേരത്തെ പറഞ്ഞ ധാരണയുടെ അടിസ്ഥാനത്തിലാണ്. ഒരു ചോദ്യത്തിനും 'അറിയില്ല' എന്ന ഉത്തരം ഉണ്ടാവരുതെന്നു പോലും പ്രബോധന പരിശീലന ക്ലാസുകളിൽ പഠിതാക്കളെ അവർ പറയാൻ പഠിപ്പിക്കുന്നു.
മതപരമായ വിഷയങ്ങളിൽ സംശയം ചോദിച്ചാൽ, തന്റെ അടുത്തിരിക്കുന്ന സഹോദരനോട് ചോദിക്കൂ എന്ന് പറഞ്ഞു ഒഴിവാകുന്നവരായിരുന്നു സലഫുകൾ. മതപരമായി ആഴത്തിൽ അറിവുള്ള അവർ അങ്ങിനെ ചെയ്തത് അല്ലാഹുവിന്റെ പേരിൽ സംസാരിക്കുന്നതിൽ അവർക്ക് അങ്ങേയറ്റം ഭയമുള്ളത് കൊണ്ടായിരുന്നു.
വാസ്തവത്തിൽ, ഇസ്ലാമിനെക്കുറിച്ച് സംസാരിക്കുക എന്നത് അള്ളാഹുവിനെക്കുറിച്ച് സംസാരിക്കുന്നതിനു തുല്യമാണ്. അള്ളാഹുവിനും ജനങ്ങൾക്കും ഇടയിലാണ് അവരുടെ സ്ഥാനം. പറയുന്ന കാര്യങ്ങളിൽ സൂക്ഷമമായ ധാരണയില്ലെങ്കിൽ പറയാതിരിക്കുന്നതാണ് ഉചിതവും സുരക്ഷിതവും. കാരണം, അള്ളാഹുവിന്റെ ദീനിൽ അറിവില്ലാതെ സംസാരിച്ചു അപകടത്തിൽ പെടുന്നതിനേക്കാൾ നല്ലത് അറിയാത്തതിന്റെ പേരിൽ അറിയില്ല എന്ന് പറയുകയും മിണ്ടാതിരിക്കുകയും ചെയ്യലാണ്. അറിയാത്ത കാര്യങ്ങൾ അറിയില്ലായെന്ന് പറയുന്നത് ഒരു ന്യൂനതയല്ല. മറിച്ചു അത് ഒരാളുടെ സത്യസന്ധതയുടേയും, അറിവിന്റെയും അടയാളമാണ്.
മതപരമായ കാര്യങ്ങളിൽ ഇല്മ് ഉള്ള ഒരാൾ, അതിന്റെ പേരിൽ ജനങ്ങളിൽ അറിയപ്പെടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നത് സലഫുകൾ ഭയപ്പെട്ടിരുന്നു. മറ്റുള്ളവരുടെ നന്മ ലക്ഷ്യം വെച്ച് സംസാരിക്കുന്നവർ, പറയുന്ന കാര്യത്തെക്കുറിച്ച് പൂർണ്ണ ബോധ്യമില്ലെങ്കിൽ സ്വയം നാശമായിരിക്കും തെരഞ്ഞെടുക്കുന്നത്.
അറിവിന്റെ കാര്യത്തിൽ എല്ലാവരും ഒരേ തോതിലല്ലല്ലോ. കുറഞ്ഞും കൂടിയും പല രൂപത്തിലുമാണത്. അറിവ് ലഭിക്കുകയെന്നതു അള്ളാഹു അവൻ ഉദ്ദേശിച്ചവർക്ക് നൽകുന്ന വലിയ ഒരനുഗ്രഹമാണ്‌.
എന്നാൽ അറിവില്ലാത്ത കാര്യങ്ങളിൽ സംസാരിക്കുന്നത്, അള്ളാഹുവിന്റെ പേരിൽ കളവു പറയലാണ്.അള്ളാഹുവിന്റെ പേരിൽ ഇല്ലാത്തത് കെട്ടിച്ചമച്ചു പറയുന്നത് ഏറ്റവും വലിയ തിന്മയാണ്. അള്ളാഹു പറയുന്നു. " നമ്മുടെ പേരിൽ അദ്ദേഹം (പ്രവാചകൻ) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നുവെങ്കിൽ, അദ്ധേഹത്തെ നാം വലതു കൈ കൊണ്ട് പിടികൂടുകയും, അദ്ധേഹത്തിന്റെ ഹൃദയധമനി നാം അറുത്തു മാറ്റുകയും ചെയ്യുമായിരുന്നു. അപ്പോൾ നിങ്ങളിലാർക്കും അദ്ധേഹത്തിൽ നിന്നും (ശിക്ഷയെ) തടയാനാവില്ല. " - അൽ-ഹാഖ 44-47
അള്ളാഹു തെരഞ്ഞെടുത്തയച്ച, സത്യസന്ധനും, വിശ്വസ്തനും, അള്ളാഹുവിന്റെ കൽപനക്ക്‌ പൂർണ വിധേയനുമായ മുഹമ്മദ്‌ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയെക്കുറിച്ചാണ് ഇത് സൂചിപ്പിക്കുന്നത് എങ്കിൽ, മറ്റുള്ളവരുടെ കാര്യത്തിൽ എന്തായിരിക്കും? അള്ളാഹുവിന്റെ ദീനിനെക്കുറിച്ച് സംസാരിക്കുന്നവർ ഗൗരവപൂർവ്വം മനസ്സിലാക്കുകയും ഓർത്തു വെക്കുകയും ചെയ്യേണ്ട അതിപ്രധാനമായ ഒരു വിഷയമാണിത്.
" അള്ളാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമക്കുകയോ, തനിക്കു വഹിയ് നൽകപ്പെടാതിരിക്കെ, 'എനിക്ക് വഹിയ് നൽകപ്പെട്ടിരിക്കുന്നു' എന്ന് പറയുകയോ ചെയ്തവനെക്കാളും, അള്ളാഹു അവതരിപ്പിച്ചത് പോലെ ഒന്ന് ഞാനും അവതരിപ്പിക്കാമെന്നും പറഞ്ഞവനെക്കാളും വലിയ അക്രമി ആരാണ്? " - അൻആം -93
" നിങ്ങളുടെ നാവുകൾ വിശേഷിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ, ഇത് ഹലാലാണ്, ഇത് ഹറാമാണ്, എന്നിങ്ങനെ നിങ്ങൾ കള്ളം പറയരുത്. നിങ്ങൾ അള്ളാഹുവിൽ കെട്ടിച്ചമച്ചു പറയുകയത്രേ. അള്ളാഹുവിന്റെ പേരിൽ കെട്ടിച്ചമച്ചു പറയുന്നവർ തീർച്ചയായും വിജയിക്കുകയില്ല." - നഹ്ൽ-116
ഇമാം ഇബ്നു കഥീർ റഹിമഹുള്ളാഹ് ഈ ആയത്തിന്റെ വ്യാഖ്യാനത്തിൽ പറയുന്നു. " തങ്ങളുടെ സ്വന്തം താൽപര്യപ്രകാരം സാങ്കേതികാർഥങ്ങൾ തീർത്ത്, നിഷിദ്ധമാക്കുകയും, അനുവദനീയമാക്കുകയും ചെയ്യുന്ന മുശ് രിക്കുകളുടെ മാർഗത്തിൽ പ്രവേശിക്കുന്നതിനെ അള്ളാഹു വിലക്കുന്നു...........പ്രാമാണിക പിൻബലമില്ലാതെ, നൂതന നിർമ്മിതികൾ നടത്തുന്നവരും, അള്ളാഹു ഹലാലാക്കിയത് തന്നിഷ്ടപ്രകാരം, ഹറാമാക്കുകയോ, അള്ളാഹു ഹറാമാക്കിയത് ഹലാലാക്കുകയോ ചെയ്യുന്നവരും ഇതിൽ പെടുന്നതാണ്.”
അള്ളാഹുവിന്റെ പേരിൽ അറിയാത്തതു പറയൽ കേവലം ഒരു തിന്മ എന്നതിനേക്കാൾ, ശിർക്കിനെക്കാൾ വലിയ പാപമായാണ് അള്ളാഹു ഖുർആനിൽ വിശതീകരിക്കുന്നത്.
" പറയുക, എന്റെ രക്ഷിതാവ്, പ്രത്യക്ഷവും, പരോക്ഷവുമായ നീചവൃത്തികളും, അധർമ്മവും, അന്യായമായ കയ്യേറ്റവും, യാതൊരു പ്രമാണവും ഇറക്കിയിട്ടില്ലാത്തതിനെ അവനോടു നിങ്ങൾ പങ്കു ചേർക്കുന്നതും, അള്ളാഹുവിന്റെ പേരിൽ നിങ്ങൾക്ക് വിവരമില്ലാത്തത് പറഞ്ഞുണ്ടാക്കുന്നതും നിങ്ങളോട് വിരോധിച്ചിരിക്കുന്നു. " - അഅറാഫു - 33
ഈ ആയത്തിൽ അള്ളാഹു നിഷിദ്ധ കാര്യങ്ങളെ നാല് ഇനങ്ങളായി തിരിക്കുകയും, ഗൗരവം കുറഞ്ഞവ ആദ്യത്തിൽ പറയുകയും ചെയ്തു.
ഇമാം ഇബ്നുൽ ഖയ്യിം റഹിമഹുള്ളാഹ് പറയുന്നു. " അള്ളാഹുവിന്റെ പേരിൽ അറിവില്ലാതെ സംസാരിക്കൽ പാപങ്ങളിൽ ഏറ്റവും ഗുരുതരമായതായി അള്ളാഹു നിശ്ചയിച്ചു. "
അപ്പോൾ അള്ളാഹുവിന്റെ പേരിൽ അറിവില്ലാതെ സംസാരിക്കുകയെന്നത് നിഷിദ്ധമായവയിൽ ഏറ്റവും കടുത്തതത്രെ. ശിർക്കിന്റെയും കുഫ് റിന്റെയും അടിസ്ഥാനവും അത് തന്നെയാണ്. ബിദ്അത്തുകൾ സ്ഥാപിക്കപ്പെട്ടത് അതിന്മേലാണ്. അത് കൊണ്ട് തന്നെ, സലഫുകൾ മറ്റൊരു അധർമത്തിനും നൽകാത്ത ഗൗരവം, അള്ളാഹുവിന്റെ പേരിൽ അറിവില്ലാതെ സംസാരിക്കുന്നതിനു നൽകി.
സ്വന്തം ബുദ്ധിയുടേയും യുക്തിയുടേയും അടിസ്ഥാനത്തിൽ പ്രമാണങ്ങളുടെ യാതൊരു പിൻബലവുമില്ലാതെ അള്ളാഹുവിന്റെ പേരിൽ സംസാരിക്കുകയും മതപ്രചാരകരും പ്രബോധകരുമായി സ്വയം അവരോധിക്കുകയും ചെയ്യുന്നവർ കരുതിയിരിക്കുക.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.