Sunday, February 9, 2014

കോട്ടക്കലിൽ കേൾക്കാതെ പോയത്

കോട്ടക്കലിൽ കേൾക്കാതെ പോയത്

ഇസ്വലാഹീ പ്രസ്ഥാനമെന്ന പേരിൽ അറിയപ്പെടുന്ന നദ്വത്തുൽ മുജാഹിദീൻ, എത്ര ന്യൂനതകൾ പറയാനുണ്ടെങ്കിലും, അതിനു ചൂടു തണയാനനുവദിക്കാതെ മാറോടു ചേർത്ത ഒരു അന്യൂന സത്യമുണ്ടായിരുന്നു. പുതുതലമുറയിലെ എല്ലാവർക്കും അത്ര കൃത്യമായി ഓർക്കാൻ കഴിയില്ലെങ്കിലും, പഴയ തലമുറയിലെ എല്ലാവരും ഒരുപോലെ മറക്കാൻ മടിച്ച ഒരു ആദർശമുണ്ടായിരുന്നു; അവർക്ക് അവരുടെ ഗതകാല സ്മരണകൾ പങ്കു വെക്കുമ്പോൾ അയവിറക്കാൻ.. ഏതൊരു മുജാഹിദ് ആശയക്കാരനും ആത്മാഭിമാനത്തോടെ പൊക്കിപ്പിടിച്ച തൗഹീദിന്റെ ധ്വജം ഞങ്ങൾ അഴിച്ചു താഴെ വെച്ചുവെന്ന് മാലോകരെ മൈക്ക് കെട്ടിപ്പറഞ്ഞ സമ്മേളനമാണ്‌ ഡോക്ടർ ഹുസൈൻ മടവൂരിന്റെ നേതൃത്വത്തിൽ കോട്ടക്കലിൽ കൊടിയിറങ്ങിയത്.
തൗഹീദ് മാത്രം പ്രബോധനം ചെയ്യാൻ വേണ്ടി കഴിഞ്ഞ നൂറ്റാണ്ടിലെ പണ്ടിതന്മാനർ സ്ഥാപിച്ച ഒരു പ്രസ്ഥാനത്തിൽ നിന്ന്, ഏതാണ്ട് പത്തു പന്ത്രണ്ടു കൊല്ലങ്ങൾക്ക് മുമ്പ് യുവജനങ്ങളെ അടർത്തി മാറ്റി, ആദർശത്തിന്റെ ദിശ മാറ്റുമ്പോൾ, ജമായത്തെ ഇസ്ലാമി പോലും കരുതിയിരിക്കില്ല, തങ്ങൾക്കൊരു ഇരട്ട സഹോദരൻ പിറവി കൊള്ളാനുള്ള പേറ്റ് നോവാണിതെന്ന്.
ആവിർഭാവ കാലം തൊട്ടുതന്നെ, ജമായത്തെ ഇസ്ലാമിയുടെ, ഇസ്ലാമിനു അന്യമായ രാഷ്ട്രീയ അജണ്ടകളെ ശക്തിയുക്തം എതിർക്കുകയും, വിശ്വാസ പ്രമാണങ്ങളിലാണ് ദഅവത്തിൽ പ്രഥമവും പ്രധാനവുമായ പരിഗണനയെന്നും ജമായത്തടക്കമുള്ള ആളുകളെ ഉൽബോധിപ്പിച്ചു പോന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ പുതിയ തലമുറ, നാളിതു വരെ തങ്ങൾ വിമർശന വിധേയമാക്കിയ ജമായത്തിന്റെ വികല വാദങ്ങളുടെ അനന്തരാവകാശികളായി എന്നത് ചരിത്രത്തിന്റെ പല വൈരുധ്യങ്ങളിൽ ഒന്നാകാം.
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്ത്രപരമായി ആദർശ ചക്രത്തിന്റെ ദിശ വിജയകരമായി തിരിച്ചു വെക്കാൻ കഴിഞ്ഞുവെന്നതു മടവൂർ സാഹിബിന്റെ ആസൂത്രണമികവായി വേണമെങ്കിൽ പറയാം. കളകൾക്ക് വളമിടേണ്ടതില്ലാത്തത് പോലെ, ശിർക്കിനും ബിദ്അത്തിനുമൊന്നും പ്രത്യേകം പരിചരണമാവശ്യമില്ല. എന്നാൽ കേരളത്തിന്റെ സ്ഥിതി അതല്ല. ശിർക്കും ബിദ്അത്തുമെല്ലാം ഗവേഷണം നടത്തി ഉൽപാദിപ്പിച്ച് വിപണനവും വ്യാപാരവും നടത്തുന്ന നാടാണത്. അതിന് ആളുകളും സ്ഥാപനങ്ങളും വിളനിലങ്ങളുമുണ്ട്. തൗഹീദിന്റെയൊ സുന്നത്തിന്റെയോ വെള്ളവും വെളിച്ചവും കടക്കാത്ത ഇരുട്ടറകൾ ഏറെയുണ്ട് കേരളത്തിന്റെ മലമടക്കുകളിൽ. മറ്റാരും ഏറ്റെടുക്കാനില്ലാത്ത തൗഹീദിന്റെ ധ്വജം താഴെ വെക്കാൻ നിങ്ങൾക്കെങ്ങിനെ കഴിഞ്ഞു? നാളെ, തൗഹീദിന്റെ പ്രചാരണം ഏറ്റെടുത്ത മുജാഹിദ് പ്രസ്ഥാനത്തിന്റെ നന്ദിയില്ലാത്ത അനന്തരാവകാശികളായി ചരിത്രം നിങ്ങളെ വായിക്കും.
മനുഷ്യ വിഭവ ശേഷിയുടെ സമാഹരണത്തിലും അച്ചടക്ക-പരസ്പര സഹകരണത്തിലും സാങ്കേതികത്തികവിലും നിങ്ങൾക്ക് മേന്മയവകാശപ്പെടാം. ഇക്കാര്യങ്ങൾ ആധുനിക മാധ്യമങ്ങൾ ഒപ്പിയെടുത്തു കാതോടു കാതോരമെത്തിക്കാം. ആധുനിക കേരളത്തിലെ സമ്മേളനങ്ങൾക്കിതൊരു തിരുത്താകാം. അങ്ങിനെ അനേകമനേകം നേട്ടങ്ങൾ പൊലിപ്പിച്ചു പറഞ്ഞു സാധാരണ ജനങ്ങളെ വീണ്ടും വീണ്ടും കഴുതകളാക്കാം പക്ഷെ, കാര്യം അവിടെയൊന്നും നിൽക്കില്ലല്ലൊ !
ഏതു സംഘടനക്കും ചെയ്യാൻ കഴിയുന്ന ഈ കാര്യങ്ങൾക്ക് വേണ്ടി മുജാഹിദ് പ്രസ്ഥാനം ആവശ്യമുണ്ടോ? അതാണോ ശിർക്കിലും ബിദ്അത്തിലും മുങ്ങിക്കൊണ്ടിരിക്കുന്ന മുസ്ലിം പൊതു ജനത്തിന് മുജാഹിദുകൾക്കു നൽകാനുള്ളത് ? അതിനു വേണ്ടി ഇത്രയും ഭാരിച്ച മാനവ-സാമ്പത്തിക വിഭവങ്ങൾ സമാഹരിക്കുകയും വ്യയം ചെയ്യുകയും ചെയ്യേണ്ടതുണ്ടോ? തങ്ങളുടെ അസ്തിത്വ പ്രദർശന ജാഡ സാധാരണ ജീവിതത്തെ എങ്ങിനെ ദുസ്സഹമാക്കുന്നുവെന്ന്, ഇവിടെയുള്ള മുഴുവൻ സംഘടനകൾക്കും ഒരു പുനർവിചിന്തനം നടത്താൻ ഇതൊരു ഹേതുവായെങ്കിൽ എന്നാഗ്രഹിച്ചു പോവുകയാണ്.
തൗഹീദീ പ്രബോധനത്തിന് വേണ്ടി മാത്രം സ്ഥാപിതമായ മുജാഹിദ് പ്രസ്ഥാനം, അതിന്റെ സ്ഥാപിത ലക്ഷ്യത്തിൽ നിന്ന് പിന്നാക്കം പോയിയെന്നത്, ഈ സമ്മേളനത്തോട് കൂടി ഏറെക്കുറെ എല്ലാവർക്കും ബോധ്യമായിക്കഴിഞ്ഞു. ഒരു മത പ്രബോധന സംഘടനക്കു അനിവാര്യമോ, ആവശ്യമോ പോലുമല്ലാത്ത സാമൂഹിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, മറ്റാരും ഏറ്റെടുക്കാനില്ലാത്ത, തൗഹീദീ പ്രബോധനത്തിനു വേണ്ടി സമാഹരിക്കപ്പെടേണ്ട യുവ സമൂഹത്തിന്റെ കർമശേഷി മറ്റു വഴികളിൽ നശിപ്പിക്കുകയാണ്.
ഒഴുക്കിന് അനുസരിച്ച് നീന്തുകയെന്നതു ഒരു സംഭവമല്ല. സമൂഹത്തിന്റെ പൊതുധാരയിൽ ലയിച്ചു ചേരാൻ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. സാമൂഹിക വിപത്തുകളും, അധാർമികപ്രവണതകളും അസാന്മാർഗിക പ്രവർത്തനങ്ങളും മുമ്പത്തേക്കാൾ വർധിതവീര്യത്തിലും അളവിലും സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെങ്കിലും, അതിനു നേരെയുള്ള സാമൂഹിക മനസ്സാക്ഷിയുടെ പ്രതികരണങ്ങളും വളരെ ശക്തമാണിന്ന്. വന നശീകരണം, ജല മലിനീകരണം, സ്ത്രീ പീഡനങ്ങൾ, ബാല പീഡനങ്ങൾ തുടങ്ങിയവക്കെതിരെ സർക്കാരും സമൂഹവും ജാഗ്രത പുലർത്തുന്നുണ്ട്. മരങ്ങൾ വെച്ച് പിടിപ്പിക്കാനും, പരമ്പരാഗത ജല സ്രോദസ്സുകൾ സംരക്ഷിക്കാനും സർക്കാർ തലത്തിലും അല്ലാതെയും മികച്ച സംവിധാനങ്ങളുണ്ട്. കൂടാതെ അതിനു വേണ്ടി സ്കൂൾ വിദ്യാർഥികളിലും പൊതു ജനങ്ങളിലും ബോധവൽക്കരണ ശ്രമങ്ങൾ നിരന്തരമായി നടക്കുന്നുണ്ട്. സ്ത്രീ-ബാല പീഡനങ്ങൾ നിരീക്ഷിക്കാനും കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കാനും സർക്കാരും സന്നദ്ധ സേവകരും കൈകോർത്ത് പ്രവർത്തിക്കുന്നു.
കാർഷിക ആരോഗ്യ മേഖലകളിലും അനിതര സാധാരണമായ മുന്നേറ്റമാണ് കേരളത്തിൽ കണ്ടു കൊണ്ടിരിക്കുന്നത്. കുടുംബശ്രീകളിലൂടെയും മറ്റു സംവിധാനത്തിലൂടെയും സർക്കാർ അത് നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഇതിനോട് ആനുകാലിക പ്രസിദ്ധീകരണങ്ങളും പ്രിൻറ്റ്‌-വിഷ്വൽ മീഡിയയും പൂർണ്ണമായി സഹകരിക്കുന്നു. ഇതാണ് ഇന്നത്തെ കേരളത്തിലെ സാമൂഹ്യജീവിതത്തിന്റെ നേർചിത്രം.
ചുരുക്കത്തിൽ, ഇവിടെയുള്ള കാക്കത്തൊള്ളായിരം സംഘടനകളും സാമൂഹിക പ്രവർത്തകരും ഒരുമിച്ചും അല്ലാതെയും നിറഞ്ഞാടുന്ന, ഇസ്‌ലാം മതവുമായോ ദഅവത്തുമായോ കാര്യമായ ബന്ധമൊന്നുമില്ലാത്ത വിഷയങ്ങളിൽ നദ് വത്തുൽ മുജാഹിദ് ഇടപെട്ടില്ലെങ്കിൽ ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല.
ഞാൻ പറഞ്ഞിട്ടറിയേണ്ടതില്ലാത്ത ഇക്കാര്യം, ഇവിടെ സൂചിപ്പിച്ചത്, ഇതൊക്കെ ഇവിട നിർബാധം നടക്കുന്നുണ്ടെന്നും, ഇതിനു വേണ്ടി മുജാഹിദ് പ്രസ്ഥാനം വിയർപ്പൊഴുക്കേണ്ട കാര്യമില്ലായെന്നും ഓർമിപ്പിക്കാനാണ്. എന്നല്ല, അതിനേക്കാൾ അധികമായി, ഇത്തരം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും മനുഷ്യസമൂഹത്തിന്റെ ഭൗതികമായ സുഖങ്ങളും ക്ഷേമങ്ങളുമായിരുന്നില്ല പ്രവാചക നിയോഗത്തിന്റെ ആത്യന്തികലക്ഷ്യമെന്നും ബോധ്യപ്പെടുത്താനാണ്.
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയും സ്വഹാബത്തും മനുഷ്യവർഗത്തിന്റെ പാരത്രിക ജീവിതം വിജയപ്രദമാക്കാനാണ് പ്രയത്നിച്ചത്. അല്ലാഹുവിന്റെ കലാമായ ഖുർആൻ സ്വഹാബികൾക്ക് പാരായണം ചെയ്തു പഠിപ്പിക്കുകയും അത് അമലാക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയുമായിരുന്നു നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമ. നബിയുടെ തിരുസന്നിധിയിൽ നിന്ന് കേൾക്കാൻ സ്വഹാബിമാർ ഊഴമിട്ടു പോകാറായിരുന്നു പതിവ്. ഭൌതിക ജീവിത സാഹചര്യങ്ങൾ മോശമായ ഒരുപാട് സ്വഹാബികൾ മദീനയിൽ പള്ളിയിൽ ഉണ്ടായിരുന്നു. സമ്പന്നരായ സ്വഹാബികളും മദീനയിൽ ജീവിച്ചിരുന്നു. അവരെല്ലാം ഒരുമിച്ചാണ് അല്ലാഹുവിന്റെ ദീൻ പഠിക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്തത്.
മനുഷ്യരിൽ മഹോന്നതനായ റസൂൽ സ്വല്ലള്ളാഹു അലൈഹി വ സല്ലം മനുഷ്യ കുലം കണ്ട ഏറ്റവും വലിയ വിമോചകനായിരുന്നു. മാനവികതയുടെ മികച്ച സന്ദേശങ്ങൾ പഠിപ്പിച്ച പ്രവാചകനെക്കാൾ വലിയ മാനവികനില്ല. പക്ഷെ, ഇന്ന് മാനവികതയുടെ മേൽവിലാസത്തിൽ മതപ്രബോധാനത്തിന്റെ ബാനർ പിടിച്ച് ഇസ്ലാമിക സംഘടനകൾ ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങളൊന്നും അദ്ദേഹം ചെയ്തിട്ടില്ല. നബി ചര്യയുമായി പൊരുത്തപ്പെടാതെ മുഴച്ചു നിൽക്കുന്ന ഈ അന്തരം മുജാഹിദ് പ്രസ്ഥാനത്തിന് തിരിച്ചറിയാൻ കഴിയാതെ പോയി എന്നത് അപകടത്തിന്റെ മണി മുഴക്കം സൃഷ്ടിക്കുന്നു.
സാധാരണ സാമൂഹിക വിഷയങ്ങൾ പറഞ്ഞ് തെരുവ് നാടകങ്ങൾ നടത്തി കാലം കഴിച്ച ജമായത്തെ ഇസ്ലാമിയുടെ നിലവാരത്തിലേക്ക് നവോദ്ധാനം അവകാശപ്പെടുന്ന ഒരു പ്രസ്ഥാനം കൂപ്പു കുത്തുമ്പോൾ സംഭവിക്കുന്ന ആന്തോളനങ്ങൾ നിസ്സാരങ്ങളല്ല. ഈ വ്യതിയാനം മുന്നിൽ കണ്ടിട്ടെന്ന പോലെ, ജമായത്തുകാർ ചുവടു മാറ്റി സമ്പൂർണ രാഷ്ട്രീയത്തിലേക്ക് ചേക്കേറിയത് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി.
സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ഇവർ താങ്ങിക്കൊണ്ട് വന്നത് വഹീദുദീൻ ഖാൻ എന്ന് പേരുള്ള "ആത്മീയ" നേതാവിനെയാണ്. അയാളുടെ അഖീദ എന്താണെന്നോ മൻഹജ് ഏതാണെന്നോ ഇവർക്ക് തന്നെ അറിയില്ല. അതിനെക്കുറിച്ച് ചോദിച്ചാൽ കിട്ടുന്ന മറുപടിയാകട്ടെ അതീവ രസകരമാണ്. മുജാഹിദ് പ്രസ്ഥാനത്തിന്റെ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യാൻ ക്ഷണിക്കുമ്പോൾ ആദർശബന്ധുക്കളാണോ എന്ന കാര്യം പരിഗണിക്കാറില്ലായെന്നാണ്. ഈ വാദം അക്ഷരാർത്ഥത്തിൽ ശെരിയാണ്. എന്നാൽ തൗഹീദും സുന്നത്തും സ്ഥാപിക്കാനും പ്രചരിപ്പിക്കാനും ജീവിതം ഉഴിഞ്ഞുവെച്ചുവെന്നവകാശപ്പെടുന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ അതിമഹത്തായ വിശ്വാസക്കൂട്ടായ്മയും ദഅവത്തിന്റെ വമ്പിച്ച വേദിയുമായി പറയപ്പെടുന്ന സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യേണ്ടത് ആരായിരിക്കണം? ഇന്ന് ജീവിച്ചിരിക്കുന്ന സലഫീ പണ്ഡിതന്മാരിൽ ഏറ്റവും കൂടുതൽ ഇൽമും പ്രായവുമുള്ള ആളായിരുന്നില്ലേ അത് നിർവ്വഹിക്കെണ്ടിയിരുന്നത്?
അന്യ മതസ്ഥരെയും കപടരാഷ്ട്രീയക്കാരേയും, ആനയിച്ചു കൊണ്ട് വന്ന് സാധാരണ മുസ്‌ലിം ജന സാമാന്യത്തിനു മുമ്പിൽ ബഡായി പറയാൻ അവസരമൊരുക്കിയത് ഇസ്‌ലാമിക ദഅവത്തിന്റെ ഏതു കോളത്തിലാണ് ഇവർ എഴുതിച്ചേർക്കുക? നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം, ഉത്ബതിനെയും, ശൈബത്തിനെയും, ഉബയ്യുബ്നു ഖലഫിനെയുമൊക്കെ ക്ഷണിച്ചു വരുത്തി സ്വഹാബികളെ വിളിച്ചു കൂട്ടി അവരുടെ ബഡായികൾ കേൾക്കാൻ അവസരം നൽകിയിരുന്നോ? ഒരിക്കലുമില്ല; എന്നല്ല, സലഫുകളുടെ പ്രബോധന ജീവിതത്തിൽ ഒരിക്കലും ഇത്തരം രീതികൾ കാണുക സാധ്യമല്ല. സത്യ നിഷേധികളെ ഇസ്ലാമിലേക്ക് ക്ഷണിക്കാനും ഇസ്‌ലാമിക വിശ്വാസ സംഹിതകൾ അവരിലേക്ക്‌ എത്തിക്കാനും നമ്മെക്കാൾ പ്രയത്നിച്ചവർ, അവരാണല്ലോ.!
ഇസ്‌ലാമിക വിരുദ്ധ ശക്തികളുടെ സഹയാത്രികരായ ആത്മീയ ആചാര്യന്മാരെ കെട്ടിയെടുത്തു സാധാരണ മുസ്‌ലിം ബഹുജനങ്ങളുടെ മുമ്പിൽ അവരുടെ തെറ്റായ ആശയങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകിയെന്നതാണോ നിങ്ങൾ അവകാശപ്പെടുന്ന നവോദ്ധാനം? കേവലം സംഘടനാ കൂറിന് ഉപരിയായി ഒരൽപമെങ്കിലും മനസ്സാക്ഷിയുള്ള ആരെങ്കിൽ മടവൂർ കൂടാരത്തിലുണ്ടെങ്കിൽ ഒന്ന് വിശതീകരിക്കണം. നിങ്ങൾ ചെയ്തു കൂട്ടുന്ന കാര്യങ്ങളുടെ ഇസ്‌ലാമിക പാരമ്പര്യം എല്ലാവരും അറിയട്ടെ.
വാസ്തവത്തിൽ, മുജാഹിദ് പ്രസ്ഥാനത്തിന്റെ ചരിത്രം സലഫിയ്യത്തിന്റെതോ സുന്നത്തിന്റെതോ അല്ല. അത് സമൂഹത്തിന്റെ ഗതിയും, ഗമനവും, സാഹചര്യത്തിന്റെ സമ്മർദ്ദവും അനുസരിച്ച് എങ്ങോട്ടുമാടും. പിളർപ്പിനു മുമ്പുള്ള മുജാഹിദ് സമ്മേളനങ്ങളുടെയും അവസ്ഥ ഇതിൽ നിന്ന് വിത്യസ്ഥമല്ല. വിദ്യാഭ്യാസ-സാമൂഹ്യ-സാമ്പത്തികരംഗങ്ങളിൽ എതെങ്കിലുമൊന്നിൽ പേരെടുക്കുകയും, വാർത്താമാധ്യമങ്ങൾക്കും വരേണ്യ വർഗത്തിനും സമ്മതനുമാണെങ്കിൽ സമ്മേളനത്തിന് ക്ഷണിക്കപ്പെടാനുള്ള യോഗ്യതയായി!
3000-ത്തോളം ഏക്കർ സ്ഥലത്ത് ലക്ഷക്കണക്കിന്‌ രൂപയും, വിലമതിക്കാൻ കഴിയാത്ത ഒരുപാടൊരുപാട് ചെറുപ്പക്കാരുടെ വിയർപ്പും ബലി കഴിച്ചു തുടർച്ചയായ നാല് ദിവസം കേരളത്തിന്റെ ഒരറ്റം തൊട്ടു മറ്റേയറ്റം വരെയുള്ള ആളുകളെ ഒരുമിച്ചു കൂട്ടി, ദഅവത്തിന്റെ പേരിൽ നിങ്ങൾ നടത്തിയ സമ്മേളനത്തിൽ, ഇസ്ലാമിലെ അടിസ്ഥാനവിശ്വാസമായ തൗഹീദിന്റെ എത്ര ക്ലാസ്സുകൾ നടന്നു? ശിർക്കിന്റെ അപകടത്തെക്കുറിച്ചും, ബിദ്അത്ത് കടന്നു വരുന്നതിനെ താക്കീത് ചെയ്തും എത്ര പ്രഭാഷണങ്ങൾ കേട്ടു? ഖുർആനും സുന്നത്തുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കായി, മറ്റു വിഷയങ്ങൾക്ക്‌ അനുവദിച്ചതിന്റെ ഒരു പത്തു ശതമാനമെങ്കിലും സമയം നിങ്ങൾ നൽകിയിരുന്നെങ്കിൽ..........!
സമൂഹത്തിന്റെ അറിവുകേടും, കഴിവുകേടും ഇസ്ലാമിന്റെ പേരിൽ ചൂഷണം ചെയ്യുന്ന മതനേതാക്കളെ പൊതുതാൽപര്യം മാനിച്ചു നിലക്ക് നിർത്താൻ ഒരു സംവിധാനമില്ലാത്തതാണ്‌ നമ്മുടെ ദുര്യോഗം. മുടിയും പൊടിയുമായി പണം തട്ടാൻ വരുന്ന പുരോഹിതന്മാരും, ജാടകളും പുറംപൂച്ചുമായി മതപ്രബോധകരായി കെട്ടിയാടുന്ന തൊപ്പിക്കാരും കേരള മുസ്ലിംകളുടെ ക്ഷമയേയും, സംവേദനത്തെയും ഒരുപോലെ പരിഹസിക്കുകയാണ്. കാറ്റിന്റെ ഗതിക്കനുസരിച്ച് പാറ്റുന്നത് ഒരു ഫാഷനായി മാറിയ ഇക്കാലത്ത്, ഇത്തരം അവസരവാദികളായ ഇരട്ടത്താപ്പുകാരെ ജനം തിരിച്ചറിയേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.
മടവൂർ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന മുജാഹിദുകൾ ഒരിക്കലും സലഫിയ്യത്ത് അവകാശാപ്പെടാറില്ലായെന്നത് പ്രത്യേക നിരീക്ഷണമർഹിക്കുന്ന ഒരു കാര്യമാണ്. അവരുടെ പ്രസ്ഥാനത്തിന് നേതൃപരമായ റോൾ അഭിനയിക്കുന്ന ആൾക്കാർക്ക് സലഫിയ്യത്ത് പച്ചവെള്ളം പോലെ അറിയാവുന്ന വിഷയമാണെങ്കിലും അവർക്കതിനോട് കാര്യമായ കൂറൊന്നുമില്ല. പക്ഷെ, അണികളുടെ സ്ഥിതി അതല്ല. അവരിൽ നിസ്വാർതരും സത്യസന്ധരുമായ നല്ലൊരു ശതമാനം ആളുകളുണ്ട്. തങ്ങളുടെ നേതൃത്വം എന്ത് പറയുന്നുവോ അത് അക്ഷരം പ്രതി അനുസരിക്കുകയും ദീൻ എന്ന നിലയിൽ അനുഗമിക്കുകയും, തങ്ങളെ, തങ്ങളുടെ നേതൃത്വം ഏറ്റവും ശെരിയായ വഴിയിലൂടെയാണ് നയിക്കുന്നതെന്നും തെറ്റിദ്ധരിച്ച സാധുക്കളാണവർ.
അല്ലാഹുവിനും, പിന്നെ ചരിത്രത്തിനും വേണ്ടി ഞാനിത് രേഖപ്പെടുത്തുന്നു.പ്രായോഗിക ബുദ്ധിയും, ഇഛാ ശക്തിയും ആർക്കും പണയപ്പെടുത്തിയിട്ടില്ലാത്തവരുടെ അടിയന്തിര ശ്രദ്ധക്കായി ഈ വരികൾ കുറിക്കുന്നു. നബിയും സ്വഹാബികളും പിന്തുടർന്ന ഇസ്ലാമിന്റെ യഥാർത്ഥ വഴിയെന്നു പറഞ്ഞു നിങ്ങളുടെ സംഘടന നിങ്ങളെ സമർത്ഥമായി വഞ്ചിചിരിക്കുന്നു. നബിയും സ്വഹാബത്തും അടങ്ങുന്ന സലഫുകൾ സഞ്ചരിച്ച വഴിയിലല്ല അത് ചരിച്ചു കൊണ്ടിരിക്കുന്നത്. അതിനു അവഗണിക്കാൻ കഴിയാത്ത വിധത്തിലുള്ള മാർഗ ഭ്രംശം സംഭവിച്ചിരിക്കുന്നു. എത്രയും പെട്ടെന്ന് നിങ്ങൾ അത് തിരിച്ചറിയുകയും അതിൽ നിന്ന് പുറത്തു കടക്കാനുള്ള 'സുരക്ഷാ വാൽവ്' സ്വയം കണ്ടെത്തുകയും ചെയ്തില്ലെങ്കിൽ, അത് നിങ്ങളുടെ വിശ്വാസത്തെയും ആദർശത്തെയും നശിപ്പിച്ചു ദുനിയാവിൽ നിങ്ങളെ കേവലമൊരാൾക്കൂട്ടമാക്കുകയും പരലോകത്ത് നഷ്ടക്കാരിൽ അകപ്പെടുത്തുകയും ചെയ്യുമെന്നു ഞാൻ ഭയപ്പെടുന്നു. മീഡിയാ കവറേജും, ഗ്രൌണ്ട് സപ്പോർട്ടും' കിട്ടാൻ എന്തും ചെയ്യാവുന്ന ഒരു ദയനീയ അവസ്ഥയിലായിത്തീർന്നിട്ടുണ്ട് മടവൂർ മുജാഹിദുകൾ.
എത്രയും പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാക്കി, പ്രസ്ഥാനത്തിന്റെ അദൃശ്യ ബാന്ധവം അഴിച്ചു മാറ്റി പ്രമാണങ്ങളിലേക്ക് തിരിച്ചു വരാൻ കഴിഞ്ഞാൽ അതൊരു വിലമതിക്കാൻ കഴിയാത്ത നേട്ടമായിരിക്കും.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.