തക് ഫീർ - അഹ് ലുസ്സുന്നത്തിന്റെ നിലപാട് അള്ളാഹു പ്രവാചകന്മാരെ നിയോഗിച്ചത് ജനങ്ങളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാനാണ്. നശ്വരമായ ലോകത്തിന്റെ വിസ്മയങ്ങൾക്കപ്പുറം, മനുഷ്യന്റെ മരണശേഷം മറ്റൊരു ലോകമുണ്ടെന്നും അവിടെ നന്മ തിന്മകൾ കണക്കു നോക്കി പ്രതിഫലം നൽകപ്പെടുമെന്നും അവർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കത്തിജ്ജ്വലിക്കുന്ന നരകാഗ്നിയിൽ നിന്ന് മനുഷ്യ കുലത്തെ രക്ഷിക്കുക എന്ന ധർമ്മമായിരുന്നു അവർ നിർവ്വഹിച്ചിരുന്നത്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " അള്ളാഹുവാണ് സത്യം, നിന്നിലൂടെ അവൻ ഒരാളെ സന്മാർഗത്തിലാക്കുകയാണെങ്കിൽ മികച്ച ഒട്ടകങ്ങളെക്കാൾ ഗുണകരമായിട്ടുള്ളത് അതാണ്".
മൂഡ വിശ്വാസങ്ങളിൽ വിമോചിപ്പിച്ചു സത്യവിശ്വാസത്തിലേക്ക് പരമാവധി ജനങ്ങളെ എത്തിക്കുകയും സ്വർഗ്ഗപ്രവേശം സാധ്യമാക്കുകയും ചെയ്യുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.
പ്രവാചക സന്ദേശം ഉൾക്കൊള്ളുകയും ഇസ്‌ലാമിക വിശ്വാസത്തിലേക്ക് കടന്നു വരികയും ചെയ്യുന്നവർക്ക് ഇസ്‌ലാം ഒരു സുരക്ഷാ കവചം പ്രദാനം ചെയ്യുന്നു. വിശ്വാസം ഉൾക്കൊണ്ടവർ എന്ന നിലയിൽ വിശ്വാസ സാഹോദര്യവും, വിശ്വാസ പരമായ ബന്ധവും അവർക്കിടയിൽ നില നിൽക്കുകയും ഒരു സത്യവിശ്വാസിക്ക് ഉണ്ടാവുന്ന മുഴുവൻ അവകാശങ്ങളും അവർക്കുണ്ടാവുകയും ചെയ്യും. ഇസ്‌ലാമിന്റെ അധ്യാപനങ്ങളുമായി അവർ എത്രത്തോളം അടുത്ത് നിൽക്കുകയും ജീവിതത്തിൽ പ്രയോഗവൽക്കരിക്കുകയും ചെയ്യുന്നുവോ അതിനനുസരിച്ച് ആ ബന്ധത്തിന്റെ ഇഴയടുപ്പം വർദ്ധിക്കുകയും/കുറയുകയും ചെയ്യും. ( പരസ്പര ബന്ധം നില നിർത്തലും/ ബന്ധ വിഛെദനവും എന്ന സുദീർഘമായ വിഷയം ഇവിടെ വിശദമായി പ്രദിപാതിക്കാൻ ഉദ്ദേശമില്ല.)
അടിസ്ഥാനപരമായി ശഹാദത്ത് അംഗീകരിക്കാത്തവരും, ഇസ്‌ലാമിക വിശ്വാസം ഉൾക്കൊള്ളാത്തവരുമായ ആളുകളെ സത്യനിഷേധികൾ (കാഫിറുകൾ) ആയാണ് ഇസ്‌ലാം വിലയിരുത്തുന്നത്.
ഒരു സത്യവിശ്വാസിയോടു പുലർത്തുന്ന വിശ്വാസപരമായ ബന്ധമോ മതപരമായ (വലാഉ) സൌഹാർദമോ ഒരു സത്യനിഷേധിയായ ആളോട് കാണിക്കില്ല, കാണിക്കാൻ പാടില്ല. എന്നാൽ സാധാരണ ഗതിയിൽ മനുഷ്യനെന്ന നിലക്കുള്ള വിശാലാർത്ഥത്തിലുള്ള ബന്ധവും ഇടപെടലുകളും ഇല്ലാതിരിക്കുകയുമില്ല.
ശഹാദത്ത് കലിമ അംഗീകരിക്കുകയും ഉൾക്കൊള്ളുകയും ജീവിതത്തിൽ പ്രയോഗവൽക്കരിക്കുകയും മുസ്ലിമാണെന്ന് സ്വയം പറയുകയും മുസ്‌ലിംകളുടെ കൂടെ കഴിയുകയും ചെയ്യുന്ന ആളുകളും പല കാരണങ്ങളാലും ദീനിൽ നിന്ന് പുറത്തു പോകും. അത് വാക്കിലൂടെയോ പ്രവർത്തിയിലൂടെയോ ഒക്കെയാകാം.
ഇങ്ങിനെ മതത്തിൽ നിന്ന് പുറത്തു പോകുന്ന പ്രധാനപ്പെട്ട പത്തോളം കാര്യങ്ങൾ ക്രോഡീകരിച്ചു കൊണ്ട് ഇമാം മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് റഹിമഹുള്ളാ "നവാഖിദുൽ ഇസ്‌ലാം" (ഇസ്‌ലാം ദുർബലപ്പെടുന്ന കാര്യങ്ങൾ) ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്.
No comments:
Post a Comment