Friday, September 13, 2019

സലാം സുല്ലമി ഹദീസ് പണ്ഡിതനോ ?



#സലാം #സുല്ലമി #ഹദീസ് #പണ്ഡിതനോ ?

സലാം സുല്ലമിയുടെ യഥാർത്ഥ ചിത്രം അനാവരണം ചെയ്യപ്പെട്ടു കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ ഫാൻസുകാർ കടുത്ത പ്രതിരോധത്തിലായിട്ടുണ്ട്. ഇപ്പോൾ ഇമാം ബുഖാരിയാണ് വലിയ ഹദീസ് നിഷേധിയെന്ന് ആരോപിച്ചു കൊണ്ട് വായനക്കാരെ തെറ്റിദ്ധരിപ്പിക്കാനുള്ള കൊണ്ട് പിടിച്ച ശ്രമത്തിലാണ്.

ഇമാം ബുഖാരി സ്വഹീഹുൽ ബുഖാരിയുടെ കർത്താവാണ്. നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ ഹദീസുകൾ ശേഖരിക്കുന്നതിൽ ആത്മാർപ്പണം നടത്തിയ മുഹദ്ധിസ് ! അദ്ദേഹത്തെ ഹദീസ് നിഷേധിയെന്ന് വിളിക്കുന്നവന്റെ അജ്ഞതയുടെയും അവിവേകത്തിന്റെയും ആഴം അളക്കാവുന്നതേയുള്ളൂ. ദൂരദിക്കുകൾ താണ്ടി ഹദീസുകൾ സമാഹരിച്ചു കല്ലും പതിരും വേർതിരിച്ച മഹാനുഭാവൻ എങ്ങിനെ ഹദീസ് നിഷേധിയാകും? സലാം സുല്ലമിയുടെ വികല വീക്ഷണങ്ങളെ രക്ഷിച്ചെടുക്കാൻ ഇരുട്ടിന്റെ സഹയാത്രികർക്ക് പലതും ചെയ്യേണ്ടി വരും. ഈ ആരോപണം അതിന്റെ ഭാഗം മാത്രം.


ഇമാം ബുഖാരി തന്റെ മഹത്തായ ജീവിതത്തിൽ സ്വരൂപിച്ച ഹദീസുകൾക്ക് സ്വീകാര്യതക്ക് വേണ്ടി സ്വയം നിശ്ചയിച്ച നിബന്ധനകൾക്ക് വിധേയമല്ലാത്ത ഹദീസുകൾ അദ്ദേഹം തന്റെ സ്വഹീഹിൽ ഉൾപ്പെടുത്തിയില്ല. പഠന വിധേയമാക്കുകയും ബലാബല നിർണ്ണയത്തിൽ പരാജയപ്പെടുകയും ചെയ്ത ലക്ഷക്കണക്കായ അത്തരം ഹദീസുകൾ സ്വഹീഹിൽ ചേർക്കാത്തതു കൊണ്ട് സുല്ലമി ഫാൻസുകാർക്ക് ഇമാം ബുഖാരി ഹദീസ് നിഷേധിയായി !! എങ്ങിനെയുണ്ട് കണ്ടു പിടിത്തം ?!

ലജ്ജയില്ലാത്ത ഇക്കൂട്ടരോട് ചോദിക്കാനുള്ളത് സലാം സുല്ലമി ചെയ്തതും ഇമാം ബുഖാരി ചെയ്തതും എങ്ങിനെ നിങ്ങൾ താരതമ്യം ചെയ്യും? അതിനു മുമ്പേ, അഹ്‌ലുസ്സുന്നത്തിന്റെ വിശ്രുതനായ ഇമാമും മുഹദ്ധിസുമായ ഇമാം ബുഖാരിയെ സലാം സുല്ലമിയുമായി താരതമ്യം ചെയ്യാൻ എങ്ങിനെ നിങ്ങൾക്ക് ധൈര്യം വന്നു? !!

ഹദീസുകളെ, സ്വന്തം ബുദ്ധിയുടെയും യുക്തിയുടെയും അടിസ്ഥാനത്തിൽ സമീപിക്കുകയും, അവക്ക് പൂർവ്വീകരായ മുഹദ്ധിസുകളാരും പറയാത്ത അഭിപ്രായം സ്വന്തമായി പറയുകയും അത് ശെരിയായതും കുറ്റമറ്റതും മുസ്‌ലിം ലോകം അംഗീകരിച്ചതുമാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത ആളാണ് സലാം സുല്ലമി !

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസ് സ്വഹീഹായ സനദുകളിലൂടെ ബുഖാരിയും മുസ്ലിമുമടക്കം നിരവധിയനവധി ഹദീസ് ഗ്രന്ഥങ്ങളിൽ രിവായത് ചെയ്യപ്പെട്ടതും ലോകത്തു ഇന്നോളമുള്ള പ്രാമാണികരായ മുഹദ്ധിസുകളും മുഫസ്സിറുകളും ഇജ്‌മാഓട് കൂടി നിരാക്ഷേപം സ്വീകരിച്ചതുമാണ്. ആ സംഭവം ഖുർആനിന് എതിരാണെന്ന് പ്രാമാണികരായ മുഫസ്സിറുകളിൽ ആരും അഭിപ്രായപ്പെട്ടിട്ടില്ല. ആ ഹദീസിൽ ആക്ഷേപം ഉന്നയിച്ചത് മുഅതസിലികളും ഷിയാക്കളുമാണ് !! അപ്പോൾ എവിടെ നിന്നാണ് സലാം സുല്ലമിക്ക് ഈ ആശയം കിട്ടിയത് എന്നതിനെക്കുറിച്ച് അന്വേഷിച്ചു കൂടുതൽ സമയം കളയേണ്ടതില്ല.

സ്വഹീഹുൽ ബുഖാരിയിലെ ഏതാനും ചില ഹദീസുകൾക്കോ വാക്കുകൾക്കോ ഇമാം ദാറഖുത്‌നിയെപ്പോലുള്ള മുഹദ്ധിസുകൾ വിമർശനം രേഖപ്പെടുത്തിയിട്ടുണ്ട്. (ആ വിമർശനങ്ങൾക്ക് ഇമാം ഇബ്‌നു ഹജർ റഹിമഹുള്ളാ ഖണ്ഡനം നടത്തുകയും, ബുഖാരിയുടെ ഭാഗത്താണ് ശെരിയെന്ന് തെളിവ് സഹിതം സ്ഥാപിക്കുകയും ഫത്ഹുൽ ബാരിയുടെ ആമുഖത്തിൽ അവ എഴുതിച്ചേർക്കുകയും ചെയ്തിട്ടുണ്ട്). എന്നാൽ, എന്നാൽ ദാറഖുത്‌നിയുടെ ആക്ഷേപത്തിന് വിധേയമായ ഹദീസുകളുടെ കൂട്ടത്തിൽ നബിക്കു സിഹ്ർ ബാധിച്ചു എന്ന ഹദീസ് ഇല്ല എന്നറിയുമ്പോഴാണ് ഇവരുടെ കുതന്ത്രത്തിന്റെ ആഴവും വ്യാപ്തിയും മനസ്സിലാവുക !!

( #സലാം #സുല്ലമി #സൗദി #അറേബിയയിലായിരുന്നു #ജനിച്ചതെങ്കിൽ #അവിടെ #മുഫ്‌തിയാകുമായിരുന്നു എന്ന് പ്രവചിച്ച ഒരു മർകസ് ദഅവ സുല്ലമി ഫാൻസുകാരൻ ഉണ്ടായിരുന്നു) 👈ഇത് വായിച്ച് ചിരിക്കണോ കരയണോ എന്ന് നിങ്ങൾ തീരുമാനിക്കുക

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.