Monday, December 3, 2018

എന്ത് കൊണ്ട് കെ എൻ എം സലഫീ മൻഹജിൽ അല്ല എന്ന് പറയുന്നു ? - 5

എന്ത് കൊണ്ട് കെ എൻ എം സലഫീ മൻഹജിൽ അല്ല എന്ന് പറയുന്നു ? - 5

സംഘടനകളിൽ, അതിന്റെ പ്രവർത്തകരിൽ കാണപ്പെടുന്ന മറ്റൊരു പ്രവണതയാണ് വിമർശനങ്ങളെ അത് തെറ്റോ ശെരിയോ എന്ന് പരിശോധിക്കാതെ പ്രതിരോധം തീർക്കുക എന്നത്.
ഒരു വിഷയത്തിൽ നിങ്ങളുടെ നിലപാട് പ്രമാണങ്ങൾക്ക് നിരക്കുന്നതല്ല എന്ന് ചൂണ്ടിക്കാട്ടിയാൽ, അതിന്റെ വസ്തുത പരിശോധിക്കുകയോ, പ്രാമാണികമായി എന്താണ് നിജസ്ഥിതിയെന്ന് ഖുർആനും സുന്നത്തും സലഫുകളുടെ ധാരണയും പ്രാമാണിക പണ്ഡിതന്മാരുടെ അഭിപ്രായങ്ങളും പരിശോധിച്ച് ഉറപ്പു വരുത്തുകയോ നിജസ്ഥിതി വിശതീകരിക്കുകയോ ചെയ്യുന്നതിന് പകരം, വിഷയം ഉന്നയിച്ചവർക്കെതിരെ തിരിച്ചു മറ്റൊരു ആരോപണം (ഉള്ളതോ ഇല്ലാത്തതോ) ഉന്നയിച്ചു തടിയെടുക്കുക. കെ എൻ എമ്മിനും നന്നായി ഈ അസുഖമുണ്ട്. ഇതാണോ പ്രാമാണികമായ രീതി? സ്വന്തം സംഘടനയെ വിമർശനങ്ങളിൽ നിന്ന് എങ്ങിനെ പ്രതിരോധിച്ചു നിർത്താം എന്ന മിനിമം അജണ്ടയിലാണ് ഓരോ പ്രവർത്തകന്റെയും ടാർഗറ്റ്.
അതല്ലെങ്കിൽ അതിനെ ന്യായീകരിച്ചു ന്യായീകരിച്ചു ഒപ്പിക്കുകയല്ലാതെ, ഒരിക്കലും തെറ്റ് തിരുത്താൻ ശ്രമിക്കാറില്ല. ഇത് ഒരു തരം സംഘടനാ അടിമത്വവും അധമത്വവുമാണ്. ആ സംസ്കാരത്തിലാണ് അതിന്റെ പ്രവർത്തകർ ജീവിക്കുന്നതും വളരുന്നതും.
ഒരു പക്ഷെ, ഒരു സുന്നത്തായ കാര്യത്തിന് വേണ്ടി പ്രതിരോധിക്കുന്നതിനേക്കാൾ വീറും വാശിയുമായിരിക്കും സ്വന്തം സംഘടനയെ പ്രതിരോധിച്ചു നിർത്താൻ വേണ്ടി അതിന്റെ ആളുകൾ കാണിക്കുന്നത്. ഇതൊക്കെ ദീനിന്റെ ഭാഗമാണെന്ന് അവർ പറയുമോ? അറിവുള്ള ഒരാളും അങ്ങിനെ പറയുമെന്ന് തോന്നുന്നില്ല.
ചില ഉദാഹരണങ്ങൾ പറയാം. നബി ദിനാഘോഷവുമായി ബന്ധപ്പെട്ടു ഹുസ്സൈൻ മടവൂർ സാഹിബ് തിരുവനന്തപുരത്തു ഒരു നബിദിന പരിയാടിയിൽ പങ്കെടുത്തു. (കഴിഞ്ഞ വർഷവും ഈ വർഷവും). രണ്ടു വർഷവും മാതൃഭൂമിയിൽ അതേ ദിവസം ലേഖനവുമെഴുതി.
ലോകത്തു, അഹ്‌ലുസ്സുന്നത്തിന്റെ ഉലമാക്കൾ ഏക സ്വരത്തിൽ ബിദ്അത്താണെന്നു പറയുന്ന ഒരാഘോഷമാണ് നബിദിനാഘോഷം. അത് മടവൂർ സാഹിബിനുമറിയാം. അവിടെ എന്ത് പ്രസംഗിച്ചു / ആ ദിവസം എന്തെഴുതി പ്രസിദ്ധീകരിച്ചു എന്നതല്ല വിഷയം. ആ ആഘോഷത്തോടുള്ള നമ്മുടെ നിലപാടിലാണ് പ്രശ്നം. പ്രസംഗിക്കുന്നത് ബിദ്അത്തിനു എതിരെയാണെങ്കിൽ പോലും ആ ദിവസം, ആ ആഘോഷവുമായി ബന്ധപ്പെട്ട സദസ്സിൽ പങ്കെടുത്തു എന്നുള്ളതാണ്. നബിയുടെ മഹത്വമായിരിക്കാം എഴുതിയത് മുഴുക്കെ ! പക്ഷെ, ആ ഒരു ദിവസത്തിന് പ്രത്യേകത കൽപ്പിക്കുന്ന ഒരു നാടും നഗരവുമൊക്കെ ഉള്ളപ്പോൾ സുന്നത്തിന്റെ കരുത്തും ബിദ്അത്തിന്റെ വെറുപ്പും കാരണം അതിൽ നിന്ന് വിട്ടു നിൽക്കുമ്പോഴല്ലേ നമ്മൾ സുന്നത്തിന്റെ ആളുകളാവുക? വിഷയത്തിന്റെ മർമ്മം അവിടെയുമല്ല. കെ എൻ എമ്മിന്റെ വിരൽ ചുണ്ടപ്പെടുന്ന ഒരു വ്യക്തി നബി ദിനാഘോഷ പരിപാടിയിൽ പങ്കെടുത്തിട്ട് സംഘടന എന്ത് നിലപാടെടുത്തു? പ്രസംഗിക്കുന്നത് ബിദ്അത്തല്ല; നബിദിനത്തിന്റെ ചോറ് തിന്നുന്നതാണോ ബിദ്അത് ? ആ ദിവസം ലേഖനമെഴുതി പ്രസിദ്ധീകരിക്കാം, പക്ഷെ തോരണം തൂക്കാൻ പാടില്ല; അപ്പോൾ ബിദ്അത്താകും, എന്നാണോ? ഈ കീഴ്ക്കാംതൂക്കായ അളവുകോലുമായി നടക്കുന്ന കെ എൻ എം പറയുന്നു ; അവർ സലഫീ മൻഹജിലാണെന്ന് !
ഇനി വേറെ ഒരു വിഷയം പറയാം :--
ഒരു മുസ്‌ലിം മരണപ്പെട്ടാൽ, ഖബറടക്കിക്കഴിഞ്ഞാൽ അയാൾക്ക് വേണ്ടി തസ്ബീത് നടത്തൽ സുന്നത്തിൽ സ്ഥിരപ്പെട്ട കാര്യമാണ്. ഇസ്തിഗ്ഫാറും തസ്ബീതും ചൊല്ലാൻ പറഞ്ഞതല്ലാതെ തസ്ബീത്തിന്റെ രൂപം, അതിലെ പദങ്ങൾ ഒന്നും ഹദീസിലെവിടെയും കാണുന്നില്ല. അപ്പോൾ ഏറ്റവും കുറഞ്ഞത് اللهم اغفر له اللهم ثبت له എന്ന് ദുആ ചെയ്യാം എന്നാണ് ഈ വിഷയത്തിൽ ഉലമാക്കൾ പറഞ്ഞു കണ്ടിട്ടുള്ളത്. ഒരു ദുആ ഏറ്റവും കുറഞ്ഞത് മൂന്ന് തവണ പറയാവുന്നത് കൊണ്ട് മൂന്നിൽ ചുരുക്കുന്നതാണ് നല്ലത് എന്നും പറയാറുണ്ട്.
എന്നാൽ നമ്മുടെ നാട്ടിൽ തൽഖീൻ ചൊല്ലുന്ന ഖുറാഫി രീതി തെറ്റാണെന്ന നിലക്ക് ഒഴിവാക്കുകയും പകരമായി اللهم ثبته عند السؤال എന്ന് തുടങ്ങുന്ന ഒരു ദുആ പ്രചാരത്തിലായിട്ടുണ്ട്. കൊല്ലങ്ങളായി കേരള നദ് വത്തുൽ മുജാഹിദീൻ അവരുടെ മദ്രസകളിൽ ഈ ദുആ പഠിപ്പിക്കുന്നു. (ഇപ്പോഴുണ്ടോ എന്നെനിക്കറിയില്ല) ഒരു ഹദീസ് / ഫിഖ്ഹ് ഗ്രന്ഥത്തിലും ഈ ദുആ കാണുക സാധ്യമല്ല. ഒരു ദുർബലമായ സനദ് പോലും കാണിക്കാൻ ആർക്കും സാധ്യവുമല്ല. പിന്നെ ഇത് എവിടെ നിന്നുണ്ടായി? ഇത് ദീനിന്റെ ഭാഗം എന്ന നിലയിൽ ചൊല്ലിപ്പറഞ്ഞു ആചരിക്കുന്നതിന്റെ മതപരമായ വിധിയെന്താണ് ? നബി ദിനം ഏതൊരു അസ്വ്‌ൽ കൊണ്ട് ബിദ്അത്താകുമോ അതെ അസ്വ്‌ൽ കൊണ്ട് ഇതും ബിദ്അതാവില്ലേ ? ഈ അടുത്ത ദിവസം ഒരു മൗലവി ഈ വിഷയത്തിന്റെ ആധികാരികത വിശതീകരിച്ചു വിയർക്കുന്ന ഒരു ക്ലിപ്പ് കണ്ടു. ( ന്യായീകരിച്ചു മാത്രമല്ലേ ശീലമുള്ളൂ) നബി ദിനാഘോഷം ബിദ്അത്താണെന്ന് വിശ്വസിക്കുന്നവർക്ക് എങ്ങിനെ ഈ തസ്ബീത്തിന്റെ ഇബാറത്തുകൾ ചൊല്ലാൻ സാധിക്കും? ഏറ്റവും ചുരുങ്ങിയത് 40 വർഷമായി മുജാഹിദുകൾ ഇത് അഭംഗുരം പഠിപ്പിക്കുകയും അമല് ചെയ്യുകയും ആചരിച്ചു വരികയും ചെയ്യുന്നു. (ഒരു ഒട്ടകത്തിനെ അറുത്തു അതിന്റെ മാംസം വിതരണം ചെയ്യുന്ന സമയം വരെ അത് തുടരണമെന്നുമാണ് കണക്ക്. അതിനും വ്യക്തതയില്ല)
ഒരു ഉദാഹരണം കൂടി പറയാം : താടി വളർത്തൽ വാജിബും വടിക്കൽ ഹറാമുമാണ്. ഞെട്ടണ്ട ! സ്വഹീഹായ പരശ്ശതം ഹദീസുകളുടെ അടിസ്ഥാനത്തിൽ നാല് മദ്ഹബിന്റെ ഇമാമുമാർ അടക്കം അഹ്‌ലുസ്സുന്നത്തിന്റെ ഉലമാക്കൾക്കിടയിൽ ഇജ്മാഉ ഉള്ള കാര്യമാണിത്. താടിയില്ലാത്ത ഒരു സ്വഹാബി പോലും ഉണ്ടായിരുന്നില്ല എന്ന് മുഹഖിഖുകളായ ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. ഇക്കാര്യം വെള്ളിയാഴ്ച കെ എൻ എമ്മിന്റെ മിമ്പറിൽ കയറി പറയാൻ ധൈര്യമുള്ള എത്ര മൗലവിമാർ കാണും? ഇത് പറഞ്ഞാൽ മൊബൈലിൽ " അടുത്ത ആഴ്ച ബുദ്ധിമുട്ടി വരണ്ട " എന്ന സെക്രട്ടറിയുടെ മെസ്സേജ് വരും !
ഇങ്ങിനെ ഒരുപാടൊരുപാട് വിഷയങ്ങൾ. കെ എൻ എം പോലുള്ള ഒരു നവോദ്ധാന പ്രസ്ഥാനത്തെ ഏതാനും കർമ്മശാസ്ത്ര മസ്അലകൾ കാണിച്ചു വിരട്ടി അരുക്കാക്കാമെന്നു വിചാരിക്കുന്നവരെ അങ്ങിനെയാക്കും ഇങ്ങിനെയാക്കുമെന്നൊന്നും ഭീഷണിപ്പെടുത്തണ്ട. ഈ മസ്അലകൾ ഉദാഹരണത്തിന് മാത്രം എഴുതിയതാണ്. സുന്നത്തുകൾ സ്വീകരിക്കുന്നതിലും ബിദ്‌അത്തുകൾ വെടിയുന്നതിലും കെ എൻ എമ്മിന് മുൻവിധികളും മുൻധാരണകളുമുണ്ടെന്ന് എല്ലാവരും അറിയാൻ വേണ്ടി മാത്രം. കെ എൻ എമ്മിന്റെ നിലപാടുകളിലാണ് പ്രശ്നങ്ങളുള്ളത്. ഏതെങ്കിലും ഒരു മസ്അലയുടെ പ്രശ്നമല്ല. പ്രശ്നം സമീപന രീതിയിലാണ്. ഒരു വിഷയത്തിൽ അത് ഏത് വിഷയമാകട്ടെ, സുന്നത്തിൽ സ്ഥിരപ്പെട്ടു എന്ന് ബോധ്യമുണ്ടെങ്കിൽ, ഇരട്ടത്താപ്പില്ലാതെ അത് പറയാനും പ്രയോഗവൽക്കരിക്കാനും ആ സുന്നത്തിനു വേണ്ടി നില കൊള്ളാനും എന്ന് നിങ്ങൾക്ക് സാധിക്കുന്നുവോ, അന്ന് നിങ്ങളെക്കുറിച്ചു നല്ലതു പ്രതീക്ഷിക്കാം.
ഇതൊക്കെ സാധാരണക്കാർ വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നത് ഓരോ കെ എൻ എമ്മുകാരനും ഭയപ്പെടുന്നു. അത് പലരുടെയും പ്രതികരണത്തിൽ നിന്ന് അറിയാൻ കഴിയുന്നു. പക്ഷെ, പറയാതിരിക്കാൻ നിവൃത്തിയില്ല. പലരും സംപൂജ്യമായി കരുതുന്ന ഈ പ്രസ്ഥാനങ്ങളെക്കാൾ വലുത് എപ്പോഴും അള്ളാഹുവിന്റെ ദീൻ തന്നെയാണ്. അത് കൊണ്ട് തന്നെ, പറഞ്ഞു കൊണ്ടേയിരിക്കും; അള്ളാഹുവിന് വേണ്ടി; അവന്റെ ദീനിന് വേണ്ടി !!

(തുടരും ഇൻഷാ അള്ളാഹ് )

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.