Tuesday, February 27, 2018

സലഫുകളുടെ മാർഗം - സലഫീ ദഅവത്തിന്റെ ആധാരം - 1

ഇസ്‌ലാമിക പ്രബോധകർ എന്ന പേരിൽ ധാരാളം ആളുകളും അവർക്കൊക്കെ ഒരുപാട് സംഘടനകളും ഭൗതിക സംവിധാനങ്ങളും നിലവിലുള്ള സാമൂഹിക സാഹചര്യത്തിലാണ് നമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്നത്. അക്കൂട്ടത്തിൽ സലഫികളെന്നു സ്വയം അവകാശപ്പെടുന്നവരും സലഫികളെന്നു പറയുന്നവരെ ശക്തിയുക്തം എതിർക്കുന്നവരുമുണ്ട് എന്നതാണ് ഏറെ രസകരം.
സലഫികളെന്നു സ്വയം അവകാശപ്പെടുമ്പോഴും ഞങ്ങൾ അറബ് ലോകത്തു കാണുന്ന സലഫികൾ അല്ലായെന്നും, അവരുമായി ആശയപരമോ അല്ലാത്തതോ ആയ യാതൊരു ബന്ധവും ഇല്ലായെന്ന്ആണയിടുന്നവരും അവരിലുണ്ട്. അതേപോലെ നവോദ്ധാനം അവകാശപ്പെടുകയും സലഫികളെ മൊത്തത്തിൽ ആക്ഷേപിക്കുന്നവരും പരിഹസിക്കുന്നവരും ഇവർക്കിടയിലുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, ഇസ്‌ലാമിക ആദർശ വ്യാഖ്യാനത്തിലും അവ പ്രയോഗവൽക്കരിക്കുന്നതിലും ഇവരെല്ലാവരും സ്വന്തം ബുദ്ധിയെയും യുക്തിയെയും ആശ്രയിക്കുന്നവരും, സാഹചര്യങ്ങൾക്കനുസരിച്ചു നിറം മാറി ആരെയും അത്ഭുതപ്പെടുത്തുന്നവരുമാണ്.
ഖുർആനും സുന്നത്തും ജനങ്ങളിൽ പ്രബോധനം ചെയ്യാൻ എന്ന പേരിൽ സ്ഥാപിക്കപ്പെട്ട ഒരു നവോഥാന പ്രസ്ഥാനം എത്തിപ്പെട്ട പതനം പരിശോധിച്ചാൽ തന്നെ, അവരുടെ നിലപാടുകൾ സ്വഹാബത്തിന്റെ മാർഗവുമായി യാതൊരു ബന്ധവുമില്ല എന്ന് കാണാൻ കഴിയും.
ഒരു കാലത്തു, തൗഹീദാണ് ജനങ്ങളോട് ആദ്യം പറയേണ്ടതെന്നും രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടുന്ന രീതി പ്രവാചക ചര്യക്ക് വിരുദ്ധമാണെന്നും മനസ്സിലാക്കുകയും അത് അടിസ്ഥാനാദർശമായി ശിരസ്സേറ്റുകയും ചെയ്ത, ഒരു നവോദ്ധാന പ്രസ്ഥാനം, ഇന്ന് ജനാധിപത്യവും മതേതരത്വവും സ്ഥാപിക്കാനും പ്രചരിപ്പിക്കാനും സമ്മേളനങ്ങൾ നടത്തുകയാണ്. ഇതാണോ പ്രവാചകന്മാരുടെ മാതൃക? അവരിലെ വിവേകമതികളും സത്യസന്ധരുമായ ആളുകൾ ഇതിനു മറുപടി പറയേണ്ടതുണ്ട്.
സ്വന്തം ബുദ്ധിയുടെയും യുക്തിയുടെയും സാഹചര്യത്തിന്റെ സമ്മർദ്ദങ്ങളുടെയും അടിസ്ഥാനത്തിൽ പ്രബോധനത്തിന് അജണ്ട നിശ്ചയിക്കുന്നതിന് പകരം നബിയും സ്വഹാബത്തും എവിടെ തുടങ്ങിയോ അവിടെ തുടങ്ങുകയും അവരുടെ പാത പിന്തുടരുകയും അവരെ മാതൃകയാക്കുകയും ചെയ്തില്ലെങ്കിൽ കേവലം ഒരാൾക്കൂട്ടമായി പൊതു സമൂഹത്തിൽ അവർ ലയിച്ചു തീരുക തന്നെ ചെയ്യും.
മുസ്‌ലിംകൾ പല കക്ഷികളായി ഭിന്നിക്കുകയും ഓരോരുത്തരും പിഴച്ച വഴികളിലേക്ക് ക്ഷണിക്കുകയും ചെയ്യുന്ന സാഹചര്യം സംജാതമായാൽ, " ഞാനും എന്റെ അനുചരന്മാരും ഏതൊന്നിലാണോ, ഇന്ന് നിലകൊള്ളുന്നത്" എന്ന് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞ മാർഗത്തിലാണ് സത്യവിശ്വാസികൾ നിലകൊള്ളേണ്ടത്. സലഫികൾ എന്ന് സ്വയം പറയുകയും, അവരുടെ മാർഗമാണ് ഞങ്ങൾ പിൻപറ്റുന്നത് എന്ന് അവകാശപ്പെടുകയും ചെയ്യുന്ന ആളുകൾ, ഒരു പുനഃപരിശോധനക്കു തയ്യാറാവുകയും, നബിസ്വല്ലള്ളാഹു അലൈഹി വ സല്ലമയും സ്വഹാബത്തും നില നിന്ന മാർഗത്തിൽ തന്നെയാണോ നിലകൊള്ളുന്നത് എന്ന് ഉറപ്പു വരുത്തുകയും ചെയ്യുക.



No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.