കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന് ആദർശാടിത്തറ നിശ്ചയിക്കുന്നതിലും ദിശാബോധം നിർണ്ണയിക്കുന്നതിലും വലിയ പങ്കു വഹിച്ചത് ജമാലുദ്ധീൻ അഫ്‌ഗാനി, മുഹമ്മദ് അബ്ദു, റഷീദ് രിദ എന്നീ മൂന്നു വ്യക്തികളാണ്.
മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദ്യ കാല നേതാക്കൾക്ക് ഇവരുടെ ചിന്തകളുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്നുവെന്നതിന് വ്യക്തമായ തെളിവുകളുണ്ട്. മുജാഹിദ് വിരോധികൾ ഇസ്‌ലാഹീ നേതാക്കളെ വഹാബികൾ എന്ന് വിശേഷിപ്പിക്കുമ്പോഴും, മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് റഹിമഹുള്ളായുടെ ആശയങ്ങളോട് കാര്യമായ ബന്ധം ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ബൃഹത്തായ രചനകളിൽ ഒന്ന് പോലും കേരളത്തിലെ ആദ്യ കാല മുജാഹിദുകൾ ആദർശസംഹിതയുടെ ആധാരമായി കാണുകയോ പ്രസ്ഥാനത്തിന്റെ സ്ഥാപനങ്ങളിൽ പഠിപ്പിക്കുകയോ ചെയ്തിട്ടില്ല. അതേ സമയം, മുഹമ്മദ് അബ്ദുവിന്റെ രിസാലത്തു തൗഹീദ് എന്ന ഗ്രന്ഥം അഫ്ദലുൽ ഉലമയുടെ സിലബസിൽ പോലും ഇടം പിടിക്കുകയും ചെയ്തു എന്ന കാര്യം ചേർത്തു വായിക്കുക. അത് കൊണ്ട് തന്നെ കേരളത്തിലെ പരിഷ്കരണ പ്രവർത്തകർക്ക് സലഫിയ്യത്തു എന്നും അന്യമായും അപരിചിതമായും നിലനിന്നു.
മുസ്‌ലിം ലോകത്തു വിപ്ലവ ചിന്തകളിൽ അഭിരമിക്കുകയും അത് വിപണനം നടത്തുകയും ചെയ്തു എന്നതിൽ കവിഞ്ഞു ജമാലുദ്ധീൻ അഫ്‌ഗാനി മതപരമായ ഒരു നവോദ്ധാനത്തിനു കാർമികത്വം വഹിച്ചു എന്ന് പറയാൻ കഴിയില്ല. അതിനു ഉപോൽബലകമായ രചനകളോ ശേഷിപ്പുകളോ അദ്ദേഹത്തിന്റേതായി കാണാനും കഴിയില്ല. ഷിയാ ജീവിത പശ്ചാത്തലമുള്ള അഫ്‌ഗാനിയുടെ ശിഷ്യനാണ് മുഹമ്മദ് അബ്ദു. ഇസ്‌ലാമിക വിശ്വാസ കർമ്മ രംഗങ്ങളിലൊന്നും സൂഷ്മതയും വ്യക്തി ജീവിത വിശുദ്ധിയും പുലർത്താത്ത ജമാലുദ്ധീൻ അഫ്‌ഗാനി കേരള മുജാഹിദുകളുടെ ആദർശ പിതാവായി അവർ തന്നെ വിശേഷിപ്പിക്കുമ്പോൾ മുജാഹിദ് പ്രസ്ഥാനത്തിന്റെ ഗതി എന്തെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
സത്യത്തിൽ സലഫിയ്യത്തു ആദർശത്തിന് ആധാരമായി സ്വീകരിക്കുന്നത്, സലഫുകളുടെ ധാരണയാണെങ്കിൽ, അഫ്‌ഗാനി-അബ്ദു-രിദ കൂട്ടു കെട്ട് 'ബൗദ്ധിക ചിന്താ സരണിയുടെ അച്ചുതണ്ടായിരുന്നു. അത് സലഫിയ്യത്തിനോട് നിരന്തരം പൊരുതുന്ന മുഅതസലീ ചിന്തയുടെ പുനരാവിഷ്കാരമാണ്. പ്രമാണങ്ങളെക്കാൾ ബുദ്ധിക്കും യുക്തിക്കും പ്രാമുഖ്യം നൽകുന്ന രീതി കേരളത്തിൽ വേരൂന്നാൻ ഈ അച്ചുതണ്ടുമായുള്ള കേരളത്തിലെ നവോഥാന നായകരുടെ ബന്ധം കാരണമായി. അവസാനം, മുഹമ്മദ് അബ്ദുൽ വഹാബ് റഹിമഹുള്ളായുടെ സലഫീ ദഅവത്തും ഈജിപ്തിൽ നിന്ന് വന്ന അഫ്‌ഗാനി-രിദാ-മുഹമ്മദ് അബ്ദു-കൂട്ടു കെട്ടിന്റെ ഇൻഡലക്ച്വൽ തോട്സും രണ്ടാണെന്നും പൊരുത്തപ്പെടാനുള്ള വഴികളേക്കാൾ സാധ്യത ഏറ്റുമുട്ടാനാണെന്നും എന്ന അവസ്ഥ വന്നു. സലഫിയ്യത്തു എന്തെന്നും അതിന്റെ അടിസ്ഥാന ആശയങ്ങൾ എങ്ങനെയെന്നും അറിയില്ലെങ്കിൽ കൂടി, യുക്തിക്കനുസൃതമായി പ്രമാണങ്ങളെ സ്വതന്ത്ര വ്യാഖ്യാനത്തിനു വിധേയമാക്കാൻ കഴിയാത്ത ഔദ്യോഗിക മുജാഹിദുകളും പ്രമാണങ്ങളെ യുക്തിക്കു അനുസൃതമായി വ്യാഖ്യാനിക്കണമെന്നു പറയുന്ന ആളുകളും തമ്മിൽ നില നിന്ന ശീത സമരം മറനീക്കി പുറത്തു വന്നു. ഈ രണ്ടു ആശയ സംഘട്ടനങ്ങളുടെ ബഹിർസ്‌ഫുരണമാണ് പിളർപ്പായി രൂപാന്തരപ്പെട്ട് സീഡീ ടവറും മർകസ് ദഅവയുമായി ഉദയം ചെയ്തത്. ഇതാണ് കേരള നദ് വത്തുൽ മുജാഹിദീനെന്നും ഇസ് ലാഹീ പ്രസ്ഥാനമെന്നുമൊക്കെ പറയപ്പെടുന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ ചരിത്രം.
No comments:
Post a Comment