Sunday, February 22, 2015

ആദ്യം പറയേണ്ടത് തൗഹീദ് തന്നെ -4

മുഹമ്മദ്‌ നബി സ്വല്ലള്ളഹു അലൈഹി വ സല്ലം തന്റെ ഇരുപത്തിമൂന്ന്  വർഷത്തെ, സാധാരണക്കാരനും, കച്ചവടക്കാരനും, ഭരണാധികാരിയും യോദ്ധാവും, സർവസൈന്യാധിപനും,സ്നേഹ നിധിയായ ഭർത്താവും,  ആശ്രിത വൽസലനായ പിതാവും, തുടങ്ങി ജീവിതത്തിന്റെ മുഴുവൻ മേഖലകളെയും സാർത്ഥകമാക്കിയ, യുദ്ധവും സമാധാനവും ഒരു പോലെ സമ്മേളിച്ച  സംഭവബഹുലമായ ജീവിതത്തിന്റെ ഏതെങ്കിലും ഒരു തുറയിൽ തൗഹീദിനെ വിസ്മരിക്കുകയോ രണ്ടാം സ്ഥാനത്തേക്ക് താഴ്ത്തുകയോ ചെയ്ത ഒരു ചരിത്ര രേഖ ചൂണ്ടിക്കാണിക്കാൻ ശത്രുക്കൾക്ക് പോലും സാധ്യമല്ല.
ഒരു മനുഷ്യൻ അനിവാര്യമായി നിർവ്വഹിക്കേണ്ട ആരാധനാകർമ്മങ്ങളുടെ കാതലായ വശം തൗഹീദും അനുബന്ധ കാര്യങ്ങളുമാണെന്നു കാണാൻ പ്രയാസമില്ല.
പരലോകത്ത്, അള്ളാഹു ഒരു മനുഷ്യനെ കൊണ്ട് വരും.99 ഏടുകളിലായി അയാൾ ചെയ്തു കൂട്ടിയ തിന്മകൾ ആകാശ ഭൂമിയോളം നിറഞ്ഞു നിൽക്കും. " വല്ല നന്മയും നീ ചെയ്തിട്ടുണ്ടോ " എന്ന് അള്ളാഹു അവനോടു ചോദിക്കും. ആകെ തകർന്നടിഞ്ഞ മനസ്സോടു കൂടി " ഇല്ല റബ്ബേ " എന്നവൻ മറുപടി പറയുമ്പോൾ, അള്ളാഹു അവനോടു പറയുന്ന ഒരു കാര്യമുണ്ട്. " എന്നാൽ നമ്മുടെ പക്കൽ  നിനക്കൊരു നന്മയുണ്ട്" ലാ ഇലാഹ ഇല്ലള്ളാ " എന്ന് രേഖപ്പെടുത്തിയ കാർഡ് അള്ളാഹു അവനെ കാണിക്കുകയും, അള്ളാഹുവിന്റെ തുലാസിൽ, ആ 99 ഏടുകളെക്കാൾ, ഈ വചനം കനം തൂങ്ങുകയും ചെയ്യും. സ്വഹീഹായ നിലയിൽ രിവായത് ചെയ്യപ്പെട്ട ഈ സംഭവത്തിലെ ഗുണപാഠം മുസ്‌ലിംകൾ ഉൾക്കൊള്ളുകയും അതിനു അനുസൃതമായി കാര്യങ്ങൾ ഗ്രഹിക്കുകയും കർമങ്ങൾ നന്നാക്കുകയും ചെയ്തിരുന്നെങ്കിൽ, സാമൂഹ്യ പ്രവർത്തനത്തിന്റെയും പൊതു ജന  നന്മയുടെയും പേര് പറഞ്ഞു സെക്രട്ടേറിയറ്റു മാർച്ച് നടത്താനും വാഴ നടാനും ഒരാളെയും കിട്ടുമായിരുന്നില്ല.
തൗഹീദിന്റെ ജനാബ് അശ്രദ്ധമാവുകയും എല്ലാ ചപ്പു ചവറുകളും തോളിലേറ്റുകയും ചെയ്യുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങളും പാർട്ടികളും എന്നാണു വിവേകപൂർണമായ പ്രവാചക മാതൃകയിലേക്ക് തിരിച്ചു വരിക ?
മുആവിയതു ബിനുൽ ഹകം റദിയള്ളാഹു അൻഹുവിന്റെ ആടുകളെ മേച്ചു നടന്ന അടിമപ്പെണ്ണിനോട് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം രണ്ടേ രണ്ടു ചോദ്യങ്ങളേ ചോദിച്ചുള്ളൂ, ഒന്ന് " അള്ളാഹു എവിടെയാണ്? അവർ നൽകിയ മറുപടി, " ആകാശത്തിലാണ്" എന്നായിരുന്നു. ഇസ്‌ലാമിക ദഅവത് നടത്തിക്കൊണ്ടിരിക്കുന്ന ആളുകളോടായിരുന്നു ഈ ചോദ്യമെങ്കിൽ, എന്തുത്തരമായിരിക്കും  കേൾക്കാൻ സാധിക്കുക? ഈമാനും കുഫ്റും വേർതിരിക്കാൻ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം സ്വീകരിച്ച മാനദണ്ഡമായിരുന്നു ഇത്.
ഇന്ന് തൗഹീദ് പറയുന്നവർ ആരാണ്? തൗഹീദ് തൗഹീദ് എന്ന്  ,പറയുകയല്ലാതെ, അത് വേണ്ട വിധം പഠിക്കുകയും ഉൾക്കൊള്ളുകയും മനസ്സിലാക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്യുന്നവരെക്കുറിച്ചാണ് എന്റെ ചോദ്യം. അനുദിനം നമ്മൾ എന്തെല്ലാം വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നു? പത്രങ്ങൾ , മാസികകൾ, പുസ്തകങ്ങൾ , മറ്റു പ്രസിദ്ധീകരണങ്ങൾ, ചാനൽ ചർച്ചകൾ, രാഷ്ട്രീയ വീക്ഷണങ്ങൾ, ഇങ്ങിനെ എന്തെല്ലാം? ഇതിലെല്ലാം കൂടി തൗഹീദുമായി ബന്ധപ്പെട്ട ഭാഗം എത്ര ശതമാനമുണ്ട്? സോഷ്യൽ മീഡിയ, വാട്സ് ആപ്, ഇതിലെല്ലാം  എന്തെല്ലാം അനുദിനം ഒഴുകി നടക്കുന്നു? വർഷങ്ങൾക്കു മുമ്പ് വന്നു പോയ പഴകിപ്പുളിച്ച പോസ്റ്റുകൾ പൊടി തട്ടി ടാഗ് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യുന്നു.  പച്ചക്കറിയിൽ അടങ്ങിയ വിശാംഷത്തിനു നൽകുന്ന വില  പോലും ഒരു മനുഷ്യന്റെ പരലോക വിജയത്തിന് തുരങ്കം വെക്കുന്ന ശിർക്കിന് നാം നൽകുന്നില്ലെങ്കിൽ ഈ കലിമതുതൗഹീദ് നമ്മിൽ ഉണ്ടാക്കിയ സ്വാധീനം എത്രമാത്രം നിസ്സാരമാണ്? !! ഓർക്കുക, നമ്മുടെ പാരത്രിക ലോകത്തിന്റെ വിജയം നിലനിൽക്കുന്നത് തൗഹീദ് തഹ്ഖീഖ് ചെയ്യുന്നതിലാണെന്ന് .



1 comment:

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.